പുതിയതായി ചുമതലയേറ്റ പോലീസ് ചീഫ് കോഡിനേറ്റര്‍ പണി തുടങ്ങി; പതിനെട്ടാം പടി കയറ്റാന്‍ സന്നദ്ധരായ പോലീസ് ഉദ്യേഗസ്ഥര്‍ക്ക് പടി കയറ്റിപ്പിച്ച് പരിശീലനം; തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ക്യൂ നീളതാരിക്കാനുള്ള നടപടി
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകരുടെ ക്യൂ നീളാതിരിക്കാന്‍ നടപടിയുമായി പോലീസ്. പതിനെട്ടാം പടി കയറ്റാന്‍ സന്നദ്ധരായ പോലീസ് ഉദ്യേഗസ്ഥര്‍ക്ക് പടി കയറ്റിപ്പിച്ച് പരിശീലനം നല്‍കി.മിനിറ്റില്‍ പതിനെട്ടാം പടി കയറ്റി വിടുന്നവരുടെ എണ്ണം കുറയുന്നതു മൂലം തീര്‍ഥാടകരുടെ ക്യൂ നീളാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി എടുത്തിരിക്കുന്നത്. പുതിയതായി ചുമതലയേറ്റ പോലീസ് ചീഫ് കോഡിനേറ്റര്‍ എ.ഡി.ജി.പി എസ്. ശ്രീജിത്ത് മൂന്നു നാള്‍ സന്നിധാനത്ത് തങ്ങി ക്രമീകരണങ്ങള്‍ വിലയിരുത്തി.
കഴിഞ്ഞ ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ ഇവരെയാണ് പടി ഡ്യൂട്ടിക്ക് നിയോഗിച്ചത്. കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് സമീപം നിന്ന് പടി കയറ്റിവിടുന്നത് പരിശോധിച്ചു.ചിത്തിര ആട്ടവിശേഷ സമയത്ത് മിനിറ്റില്‍ 67 പേരെയാണ് പടി കയറ്റിവിട്ടത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അതേ പോലീസുകാരാകും മണ്ഡലകാലത്തും പടി കയറ്റിവിടുന്നത്. ആദ്യ ഊഴത്തില്‍ സന്നിധാനം സ്പെഷല്‍ ഓഫീസറായി നിയോഗിച്ച ബി. കൃഷ്ണകുമാറിനെ ചിത്തി ആട്ടവിശേഷ സമയത്ത് നട തുറന്നപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ എസ്.ഒയായി നിയോഗിച്ചിരുന്നു.
എ.ഡി.ജി.പി. എസ്. ശ്രീജിത്ത് സന്നിധാനത്ത് മരക്കൂട്ടം, ശരംകുത്തി, വലിയ നടപ്പന്തല്‍, പതിനെട്ടാം പടി, കൊടിമരം, മാളികപ്പുറം, ക്ഷേത്രപരിസരം, ഫ്ളൈ ഓവര്‍, വടക്കേനട, ക്യൂ കോംപ്ലക്സ്, അന്നദാന മണ്ഡപം, പോലീസ് മെസ്, പാണ്ടിത്താവളം, കൊപ്രാക്കളം എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കൂടാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, സ്പെഷല്‍ കമ്മിഷണര്‍, തന്ത്രി, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.
ഇത്തവണ മണ്ഡല കാലത്ത് പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുമ്പോള്‍ 10 മണിക്കൂറും വൈകിട്ട് മൂന്നിന് നട തുറന്ന് രാത്രി 11 ന് ഹരിവരാസനം പാടി നടയടയ്ക്കുമ്പോള്‍ എട്ടു മണിക്കൂറും ദര്‍ശന സൗകര്യം ഉണ്ടാകും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി എണ്‍പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടല്‍. പമ്പയില്‍ ഏഴ് ക്യൂ കോംപ്ലക്സുകളുണ്ടാകും. പഴയ രാമമൂര്‍ത്തി മണ്ഡപം ഇരുന്ന സ്ഥലത്ത് അതേ വലിപ്പത്തില്‍ ചൂട് ഏല്‍ക്കാത്ത രീതിയില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ കാത്തിരിപ്പ് പന്തല്‍ നിര്‍മ്മിക്കും.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ വരുന്നവര്‍ക്ക് തല്‍സമയം ബുക്ക് ചെയ്യാനുള്ള കൗണ്ടര്‍ ഇക്കുറി പമ്പാ മണല്‍പ്പുറത്താകും സജ്ജീകരിക്കുക. മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി ആറ് ബാച്ചുകളിലായി 13,655 പോലീസ് ഉദ്യോഗസ്ഥര്‍ സേവനത്തിനുണ്ടാകും.