സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഉമര്‍ഫൈസി മുക്കത്തെ സംരക്ഷിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍; ഉമര്‍ ഫൈസി സമസ്ത ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റണമെന്ന് മലപ്പുറം സമസ്ത പ്രമേയം പാസാക്കിയെന്നത് വ്യാജപ്രചരണം; കേന്ദ്ര മുശാവറയുടെ മുന്നിലുള്ള വിഷയത്തില്‍ ഇടപെടേണ്ടെന്നാണ് യോഗ തീരുമെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി
സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഉമര്‍ഫൈസി മുക്കത്തെ സംരക്ഷിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
മലപ്പുറം: സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഉമര്‍ഫൈസി മുക്കത്തെ സംരക്ഷിക്കുന്ന നിലപാടുമായ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ ശക്തി ഓരോരുത്തരും മനസിലാക്കണമെന്നും സമസ്തയോടുള്ള സമീപനത്തിലും അങ്ങനെ പ്രവര്‍ത്തിക്കാമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. അതേ സമയം ഉമര്‍ ഫൈസി മുക്കം വിഷയത്തില്‍ സമസ്ത മലപ്പുറം ജില്ലാ മുശാവറയുടെ പേരില്‍ വ്യാജ പ്രചരണം നടക്കുന്നതായി സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയും വ്യക്തമാക്കി.
ഉമര്‍ ഫൈസി മുക്കത്തിനെ ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റണമെന്നു പ്രമേയം പാസാക്കിയെന്ന രീതിയില്‍ വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി പറഞ്ഞു. കേന്ദ്ര മുശാവറയുടെ മുന്നിലുള്ള വിഷയത്തില്‍ ഇടപെടേണ്ടെന്നാണ് യോഗം തീരുമാനിച്ചതെന്നും പുത്തനഴി മൊയ്തീന്‍ ഫൈസി പറഞ്ഞു. ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നെങ്കിലും കേന്ദ്ര മുശാവറയുടെ മുന്നിലുള്ള വിഷയത്തില്‍ ഇടപെടേണ്ടെന്നാണ് യോഗം തീരുമാനിച്ചതെന്ന് മൊയ്തീന്‍ ഫൈസി പറഞ്ഞു.
ഉമര്‍ ഫൈസി മുക്കത്തെ സമസ്ത ഭാരവാഹിത്വത്തില്‍നിന്നും മാറ്റണമെന്നു മലപ്പുറം മുശാവറ പ്രമേയം പാസ്സാക്കിയെന്നു മുഖ്യധാര മാധ്യമങ്ങളില്‍ഉള്‍പ്പെടെ വാര്‍ത്ത വന്നത്. നിലവില്‍ പൊതുയോഗങ്ങളിലും മറ്റുമായി ഇരുവിഭാഗങ്ങളും വളരെ ശക്തമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചതിനുപിന്നാലെയാണു ഇത്തരത്തിലൊരു പ്രചരണം നടന്നത്. ഇതിനു പിന്നില്‍ സമസ്തയിലെ സാദിഖലി തങ്ങള്‍ അനുകൂലികളും മുസ്ലിംലീഗിലെ ഒരു വിഭാഗവുമാണെന്നാണു വിലയിരുത്തല്‍.
സംഭവത്തില്‍ പരസ്യപ്രസ്താവന വേണ്ടെന്നും സമസ്ത കേന്ദ്ര മുശാവറ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് വിഭിന്നമായി സമസ്തയുടെ പേരില്‍ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ സമസ്ത നേതാക്കള്‍തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചില നേതാക്കള്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം ഇത്തരത്തില്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്കു കൈമാറിയതാകാം കാരണമെന്നാണു സമസ്ത നേതാക്കളും സംശയിക്കുന്നത്.
അതേ സമയം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ഉമര്‍ ഫൈസി മുക്കത്തെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കുന്നത്. വിവാദങ്ങള്‍ക്കിടിയില്‍ മുസ്ലിം ലീഗിനെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തുവന്നു. സമസ്തയുടെ ശക്തി ഓരോരുത്തരും മനസിലാക്കണം. സമസ്തയോടുള്ള സമീപനത്തിലും അങ്ങനെ പ്രവര്‍ത്തിക്കാം, അത് നിങ്ങള്‍ക്ക് ഒക്കെ നല്ലതായിരിക്കും എന്ന് ഉണര്‍ത്തുന്നു.
സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. സമസ്ത ഒരു വലിയ ശക്തിയാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. കേരളത്തിലെ മറ്റു മത സംഘടനകളില്‍ നിന്ന് മികച്ചു നില്‍ക്കുന്നതാണ് സമസ്ത. സമസ്തയെ ആരും അവഗണിക്കരുതെന്നും ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ രാഷ്ടട്രീയ കക്ഷികളോടും ഇതാണ് പറയാനുള്ളതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഉമര്‍ ഫൈസിക്കെതിരെ മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചിരുന്നു. സമസ്ത ലീഗ് വിവാദത്തിന് പിന്നില്‍ സിപിഐഎമ്മെന്നും രാഷ്ട്രീയ യജമാനന്മാര്‍ പറയുന്നതാണ് ഉമര്‍ ഫൈസി പറഞ്ഞു കൊണ്ടിരിക്കുന്നതെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. പല സംഘടനകളിലും ഉള്ളത് പോലെ സമസ്തക്ക് അകത്തും ലീഗിന്റെ ശത്രുക്കള്‍ ഉണ്ട്. ഖാസി സ്ഥാനം ലഭിക്കാത്തതിന് അസൂയയും നൈരാശ്യവുമുള്ളവരാണ് ഖാസി ഫൗണ്ടേഷെനെതിരെ പറയുന്നതെന്നുമാണ് പിഎംഎ സലാം ് പറഞ്ഞത്.
ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നില്‍ സിപിഐഎമ്മാണെന്നും രാഷ്ട്രീയപരമായി നേരിടാന്‍ ഇടത് പക്ഷത്തിന് കഴിയാത്തത് കൊണ്ടാണ് ഈ പ്രവര്‍ത്തനം നടത്തിയതെന്നുമാണ് പിഎംഎ സലാം പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് ഭൂരിപക്ഷം കൂടി. ആര് എത്തിര്‍ത്താലും ലീഗിന് ശക്തി കൂടുകയാണ് ചെയ്യുന്നത്. ലീഗും സമസ്തയും തമ്മില്‍ ഒരു പ്രശ്നവുമില്ല. രണ്ട് സംഘടനകളുടെയും നേതാവ് പാണക്കാട് സാദിഖലി തങ്ങളാണ്. ലീഗും സമസ്തയും തമ്മില്‍ ശത്രുതയില്ലെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.