നാലാഴ്ച്ചക്ക് ഇടയില്‍ ഇരട്ടകളായ രണ്ടു പുരുഷന്മാരോടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിക്കുണ്ടായ കുഞ്ഞ് ആരുടെ? ഡിഎന്‍എ പരിശോധനയും ഫലം കണ്ടില്ല; ബ്രിട്ടനെ ആവേശം കൊള്ളിച്ച കേസിന് കോര്‍ട്ട് ഓഫ് അപ്പീലില്‍ പരിസമാപ്തി ഇങ്ങനെ

Update: 2026-03-31 02:21 GMT

രുപോലെയുള്ള ഇരട്ടകളായ രണ്ടു പുരുഷന്മാര്‍ക്കൊപ്പം നാല് ദിവസത്തെ ഇടവേളയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിക്ക് ജനിച്ച കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇരട്ടകളില്‍ ഒരാളെയാണ്, പി എന്ന കുഞ്ഞിന്റെ പിതാവായി ജനന സര്‍ട്ടിഫിക്കറ്റില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ സഹോദരനും, കുഞ്ഞിന്റെ അമ്മയായ യുവതിയും ചേര്‍ന്ന്, രക്ഷകര്‍ത്താവിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞ് അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബ കോടതി നേരത്തേ കൈക്കൊണ്ട ഒരു തീരുമാനത്തിനെതിരെയാണ് ഇവര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ഡി എന്‍ എ പരിശോധനയില്‍ ഇരട്ടകളില്‍ ആരുടേത് വേണമെങ്കിലും കുഞ്ഞ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, ഇപ്പോള്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തി തന്നെ പിതാവാകാന്‍ 50 ശതമാനം സാധ്യതയുണ്ടെന്നാണ് അപ്പീല്‍ കോടതി കണ്ടെത്തിയത്. ഏതായാലും, തുടര്‍ വിചാരണ പൂര്‍ത്തിയാകും വരെ ജനന സര്‍ട്ടിഫിക്കറ്റില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തിക്ക് രക്ഷകര്‍തൃ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല എന്നാണ് കോടതി വിധിച്ചത്. ഇരട്ട സഹോദരന്മാരെയും, കുഞ്ഞിനെയും അമ്മയെയും തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്.

ഇരട്ട സഹോദരന്മാരില്‍ ഒരാളാണ് പി യുടെ പിതാവ് എന്നതുമാത്രമാണ് ഇപ്പോള്‍ നിലവില്‍ തെളിഞ്ഞിട്ടുള്ളതെന്ന് കോടതി പറഞ്ഞു. എന്നാല്‍, ഇവരില്‍ ആരാണ് യഥാര്‍ത്ഥ പിതാവെന്ന് പറയാന്‍ കഴിയില്ല. ഒരുപക്ഷെ പി വളര്‍ന്ന് പ്രായപൂര്‍ത്തിയാകുമ്പോഴേക്കും ശാസ്ത്രത്തിന് അത് സംശയലേശമന്യേ തെളിയിക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രത്യാശയും കോടതി പ്രകടിപ്പിച്ചു. അതുകൊണ്ടു തന്നെ നിലവില്‍ ഇരുവരെയും കുഞ്ഞിന്റെ പിതാവിന്റെ സ്ഥനത്ത് സങ്കല്പിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പി യുടെ ഗര്‍ഭധാരണം നടന്ന മാസത്തില്‍ യുവതി നാല് ദിവസത്തെ ഇടവേളയില്‍ ഇരു സഹോദരന്മാരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കോടതി നേരത്തേ കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ പി യുടെ പിതാവാകാന്‍ ഇരുവര്‍ക്കുമുള്ള സാധ്യത തുല്യമാണെന്നും കോടതി പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആദ്യ ഇരട്ടയെ കുഞ്ഞിന്റെ പിതാവിന്റെ സ്ഥാനത്ത് റെജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും അങ്ങനെ റെജിസ്റ്റര്‍ ചെയ്തതു വഴി ലഭിച്ച പിതാവിന്റെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും റദ്ദാക്കപ്പെട്ടതായും കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഇയാള്‍ കുഞ്ഞിന്റെ പിതാവല്ലെന്ന് കോടതി ഉറപ്പിച്ചു പറയുന്നില്ലെന്നും ഉത്തരവിലുണ്ട്.

സത്യം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു എന്നത് സത്യം അല്ല എന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എതിര്‍കക്ഷികളുടെ വാദം തെളിയിക്കപ്പെട്ടു എന്നും ഇതിനര്‍ത്ഥമില്ലെന്നും കോടതി വ്യക്തമാക്കി.

Similar News