'എസ്.ഡി.പി.ഐ എന്ന് ഉച്ചത്തില്‍ നാവനക്കരുതെന്നേയുള്ളൂ, അവരുടെ വോട്ടുവാങ്ങാം; മതമൗലികവാദ സംഘടനകള്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ അത് 'വിശുദ്ധമായ വോട്ടായി' മാറുന്ന അദ്ഭുതം; വോട്ടിനായി ഏത് വര്‍ഗീയ ശക്തിയുമായും സന്ധി ചെയ്യാന്‍ മടിയില്ല'; ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ആസാദ്

Update: 2026-03-30 14:43 GMT

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഇടതു ചിന്തകനും എഴുത്തുകാരനുമായ ഡോ. ആസാദ് രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സി.പി.എം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ആര്‍.എസ്.എസ് - ബി.ജെ.പി താത്പര്യങ്ങള്‍ക്ക് അനുസൃതമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. 'എസ്.ഡി.പി.ഐ എന്ന് ഉച്ചത്തില്‍ നാവനക്കരുത്, പക്ഷേ അവരുടെ വോട്ട് വാങ്ങാം' എന്ന വിചിത്രമായ നിലപാടാണ് ഇടതുമുന്നണി ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ജമാഅത്തെ ഇസ്‌ലാമിയോ പി.ഡി.പിയോ എസ്.ഡി.പി.ഐയോ ആര്‍.എസ്.എസോ ആയ ആളുകളൊന്നും പ്രതിപക്ഷ മുന്നണിക്ക് വോട്ടു ചെയ്യാന്‍ പാടില്ല. അതേസമയം, അവരെല്ലാം എല്‍.ഡി.എഫിന് വോട്ട് ചെയ്യുമ്പോള്‍ അത് വിശുദ്ധമാവുന്നുവെന്നും ഡോ. ആസാദ് പരിഹസിച്ചു.

'എസ്.ഡി.പി.ഐ പിന്തുണ എല്‍.ഡി.എഫിനാണെന്ന് പറഞ്ഞതുപോലെയുള്ള ഒരു പിന്തുണക്കാര്യമേ വെല്‍ഫയര്‍ പാര്‍ട്ടി നേരത്തേ പറഞ്ഞുള്ളു. അതുപക്ഷേ, യു.ഡി.എഫിനായിരുന്നു പിന്തുണ. അത് ഞങ്ങള്‍ സഹിക്കില്ല. ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫിനെ നയിക്കുന്നു എന്ന് ഞങ്ങളങ്ങു പറയും. അവരുമായി സഖ്യത്തിലാണെന്ന് പറയും. ആര്‍.എസ്.എസ് പഠിപ്പിച്ച ന്യൂനപക്ഷ വിരുദ്ധത മുഴുവന്‍ കെട്ടഴിച്ചുവിടും. അവര്‍ തന്ന സാമുദായിക സംഘര്‍ഷത്തിന്റെ വിത്തുകള്‍ പാകും. ആര്‍.എസ്.എസ് ചട്ടുകമായ നടേശന്‍ സാറിന്റെ മുസ്‌ലിം വിരുദ്ധ വായ്ത്താരിക്ക് താളമിടും. അടിമ നാവുകളെല്ലാം കോറസ് പാടി അതങ്ങ് ഉറപ്പിക്കുമെന്നും ഡോ. ആസാദ് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും പിന്‍വാതിലിലൂടെ എസ്.ഡി.പി.ഐ, പി.ഡി.പി വോട്ടുകള്‍ ഉറപ്പാക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചിട്ടുണ്ടെന്ന് ഡോ. ആസാദ് ചൂണ്ടിക്കാട്ടി. മുന്‍പ് വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ അതിനെ വര്‍ഗീയ കൂട്ടുകെട്ടായി ചിത്രീകരിച്ച് ആര്‍.എസ്.എസ് ശൈലിയിലുള്ള ന്യൂനപക്ഷ വിരുദ്ധത കെട്ടഴിച്ചുവിടാനാണ് സി.പി.എം ശ്രമിച്ചത്. എന്നാല്‍ അതേ മതമൗലികവാദ സംഘടനകള്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ അത് 'വിശുദ്ധമായ വോട്ടായി' മാറുന്ന അദ്ഭുതമാണ് കേരളം കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയുന്ന സി.പി.എം നേതാക്കള്‍ മുന്‍പ് അവരുടെ പിന്തുണയോടെ എം.പി സ്ഥാനം കൈക്കലാക്കിയത് വിസ്മരിക്കരുത്. 'ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല' എന്ന ഇ.പി. ജയരാജന്റെയും എ. വിജയരാഘവന്റെയും നിലപാട് ഇതിന്റെ തെളിവാണ്. സാമുദായിക പാര്‍ട്ടിയെന്ന് പറഞ്ഞ് ഐ.എന്‍.എല്ലിനെയും അഴിമതിയുടെ പേരില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെയും വര്‍ഷങ്ങളോളം മാറ്റിനിര്‍ത്തിയവര്‍, ഇപ്പോള്‍ അധികാരത്തിനായി അവരെയെല്ലാം വിശുദ്ധരായി പ്രഖ്യാപിച്ച് കൂടെക്കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ആരോപണം നേരിട്ടവര്‍ക്കും ഇടതുമുന്നണിയില്‍ മോക്ഷം ലഭിക്കുന്നത് അത്ഭുതകരമാണ്. സ്മാരകങ്ങള്‍ക്കായി പൊതുഖജനാവില്‍ നിന്ന് കോടികള്‍ അനുവദിക്കുന്നതും കാബിനറ്റ് പദവികള്‍ നല്‍കുന്നതും ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രി പിണറായി വിജയനെ 'കാരുണ്യവാനായ ക്യാപ്റ്റന്‍' എന്ന് ഡോ. ആസാദ് പരിഹസിച്ചു. ആര്‍.എസ്.എസ് അജണ്ടകള്‍ക്ക് തണലൊരുക്കുന്ന രീതിയിലേക്ക് ഇടതുപക്ഷം മാറിയെന്നും, വോട്ടിനായി ഏത് വര്‍ഗീയ ശക്തിയുമായും സന്ധി ചെയ്യാന്‍ അവര്‍ക്ക് മടിയില്ലെന്നും ഡോ. ആസാദ് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി

ഡോ. ആസാദിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആര്‍.എസ്.എസ് - ബി.ജെ.പി ഇംഗിതങ്ങള്‍ക്കൊത്ത് സംസ്ഥാനം ഭരിച്ച കേരളത്തിലെ എല്‍.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും പിന്‍വാതിലിലൂടെ മുന്നണിക്കു പുറത്തുള്ള എസ്.ഡി.പി.ഐ - പി.ഡി.പി വോട്ടും ഉറപ്പു വരുത്തിക്കഴിഞ്ഞു. കോടിക്കണക്കിനു രൂപ മുടക്കി പാതകളിലും തെരുവുകളിലും പരസ്യബോര്‍ഡുകള്‍ വെച്ചു. മാധ്യമങ്ങളെ വരുതിയിലാക്കി. സോഷ്യല്‍ മീഡിയയില്‍ കുലംകുത്തിച്ചാടി. അപ്പോള്‍ ഇനി ജയിക്കാന്‍ എന്തു വേണം

എസ്.ഡി.പി.ഐ പിന്തുണ എല്‍.ഡി.എഫിനാണെന്ന് അവര്‍ പറഞ്ഞല്ലോ. അങ്ങനെ ഒരു പിന്തുണക്കാര്യമേ വെല്‍ഫയര്‍ പാര്‍ട്ടി നേരത്തേ പറഞ്ഞുള്ളു. അതുപക്ഷേ, യു.ഡി.എഫിനായിരുന്നു പിന്തുണ. അത് ഞങ്ങള്‍ സഹിക്കില്ല. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിനെ നയിക്കുന്നു എന്ന് ഞങ്ങളങ്ങു പറയും. അവരുമായി സഖ്യത്തിലാണെന്ന് പറയും. ആര്‍.എസ്.എസ് പഠിപ്പിച്ച ന്യൂനപക്ഷ വിരുദ്ധത മുഴുവന്‍ കെട്ടഴിച്ചുവിടും. അവര്‍ തന്ന സാമുദായിക സംഘര്‍ഷത്തിന്റെ വിത്തുകള്‍ പാകും. ആര്‍.എസ്.എസ് ചട്ടുകമായ നടേശന്‍ സാറിന്റെ മുസ്‌ലിം വിരുദ്ധ വായ്ത്താരിക്ക് താളമിടും. അടിമ നാവുകളെല്ലാം കോറസ്സ് പാടി അതങ്ങ് ഉറപ്പിക്കും. ഞങ്ങള്‍ ജമാഅത്തെ ആപ്പീസില്‍ പോയി വണങ്ങി വാങ്ങിയ എം.പി സ്ഥാനങ്ങള്‍ നിലനില്‍ക്കെ ജമാ അത്തെയെ തള്ളിപ്പറയാനും യു.ഡി.എഫിനെ കുരുക്കാനുമുള്ള ഞങ്ങളുടെ കഴിവല്ലേ ഹീറോയിസം അതല്ലേ പുരോഗമന രാഷ്ട്രീയം

ആരുടെ വോട്ടും വേണ്ടെന്നു പറയില്ല ഇ.പി ജയരാജനും എ. വിജയരാഘവനും വി. ശിവന്‍കുട്ടിയും. എസ്.ഡി.പി.ഐ എന്ന് ഉച്ചത്തില്‍ നാവനക്കരുതെന്നേയുള്ളു. വോട്ടുവാങ്ങാം. എന്നാല്‍, ജമാഅത്തെ വോട്ട് ഇപ്പോള്‍ പാപമാണ്. തരാത്ത വോട്ട് ഞങ്ങള്‍ക്കു വേണ്ട. തന്നപ്പോള്‍ വാങ്ങിയത് അന്നവര്‍ പുരോഗമനത്തിന്റെ മുഴുത്തങ്കമായിരുന്നതുകൊണ്ടല്ലേ

ഭരണത്തിനെതിരെ വോട്ടു ചെയ്യാന്‍ വരുന്നവര്‍ കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവരെ തോല്‍പ്പിക്കാന്‍ കൂടുതല്‍ പറ്റുന്നവര്‍ക്ക് വോട്ടു ചെയ്യും. പക്ഷേ, അക്കൂട്ടത്തില്‍ ജമാ അത്തെയോ പി.ഡി.പിയോ എസ്.ഡി.പി.ഐയോ ആര്‍.എസ്.എസോ ജമാഅത്തെയോ ആയവരോ ആയിരുന്നവരോ ആയ ആളുകള്‍ പ്രതിപക്ഷ മുന്നണിക്ക് വോട്ടു ചെയ്യാന്‍ പാടില്ല. അത് തെറ്റാണ്. കുറ്റമാണ്. ഞങ്ങള്‍ക്ക് തരൂ ആ വോട്ടൊക്കെ. അപ്പോള്‍ അത് വിശുദ്ധമാവുന്നു! ഞങ്ങള്‍ക്ക് എന്തും പാകമാണ്. എന്തും ഭൂഷണമാണ്.

ഐ.എന്‍.എല്ലിനെ ദീര്‍ഘകാലം പിറകില്‍ നടത്തിയത് അത് സാമുദായിക പാര്‍ട്ടിയോ വര്‍ഗീയ പാര്‍ട്ടിയോ ആണെന്ന് പറഞ്ഞാണ്. 'പള്ളിയെയും പട്ടക്കാരെയും' തള്ളിപ്പറയാത്തതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിനെ പുറത്തു നിര്‍ത്തിപ്പോന്നത്. അഴിമതിക്കേസില്‍ ജയിലില്‍പോയ ഏക നേതാവിന്റെ പാര്‍ട്ടിയായതുകൊണ്ടാണ് കൈകോബിയെ മുന്നണിയില്‍ അടുപ്പിക്കാതിരുന്നത്. ഇപ്പോള്‍ എല്ലാവരോടും പൊറുത്തു. കാരണം അവരെല്ലാം പുതിയ രക്ഷകന്റെ കാല്‍ക്കല്‍വീണ് ക്ഷമയിരന്നു! കാരുണ്യവാനായ ക്യാപ്റ്റന്‍ പ്രസാദിച്ചു. ഇക്കൂട്ടരൊക്കെ യു.ഡി.എഫിനു പിറകിലോ ഒപ്പമോ നടന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി തെരുവുകളില്‍ ഓരി നില്‍ക്കുമായിരുന്നോ

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നല്‍കാന്‍ യു.ഡി.എഫിന് കഴിയുമായിരുന്നോ കോഴ അഴിമതി ആരോപണത്തില്‍ കുരുങ്ങിയ മാണിസാറിന് മോക്ഷം ലഭിക്കുമായിരുന്നോ അഞ്ചുകോടി രൂപ പൊതുഖജനാവില്‍നിന്ന് സ്മാരകത്തിന് ലഭിക്കുമായിരുന്നോ ഒന്നായ ഐ.എന്‍.എല്‍ രണ്ടായി ഇരട്ടിച്ചു കിട്ടുമായിരുന്നോ ഗണേശകുമാരന്‍ അയ്യായിരപ്രഭുവായി ഞെളിഞ്ഞു നടക്കുമായിരുന്നോ അതിനാല്‍ വത്സലഹൃദയനും കാരുണ്യവാനുമായ കാരണഭൂതന്റെ സിദ്ധിവിശേഷങ്ങളെ വാഴ്ത്തുവിന്‍! മൂന്നാമത്തെ കാലടിയും വെക്കാന്‍ ശിരസ്സു താഴ്ത്തിക്കൊടുക്കുവിന്‍!

Tags:    

Similar News