ശമ്പളം ഖജനാവില്‍ നിന്ന്; പണി സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ വെളുപ്പിക്കല്‍! കെ ഡിസ്‌ക്കില്‍ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന പദവിയില്‍ ഇരിക്കുന്ന പി സരിന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപണം; ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കെ ഡിസ്‌ക്കില്‍ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന പദവിയില്‍ ഇരിക്കുന്ന പി സരിന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപണം
തിരുവനന്തപുരം: ശമ്പളം ഖജനാവില്‍ നിന്ന്, പണി സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ വെളുപ്പിക്കല്‍! കെ-ഡിസ്‌ക് സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ. പി. സരിനെതിരെ പടയൊരുക്കം ശക്തമാകുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാറ്റില്‍ പറത്തി രാഷ്ട്രീയ പ്രചാരണം നടത്തുന്ന സരിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചു. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് സരിന്റെ 'ഇരട്ടത്താപ്പിനെതിരെ' തെളിവുകള്‍ സഹിതം രംഗത്തെത്തിയിരിക്കുന്നത്.
പ്രതിമാസം 80,000 രൂപ ശമ്പളവും ഔദ്യോഗിക വാഹനവും കൈപ്പറ്റുന്ന 'ഹൈ പ്രൊഫൈല്‍' തസ്തികയിലാണ് സരിന്‍ ഇരിക്കുന്നത്. സരിന്റെ യാത്രാ ആവശ്യങ്ങള്‍ക്കായി മാത്രം മാസംതോറും 88,000 രൂപ സര്‍ക്കാര്‍ സി.എം.ഡിക്ക് നല്‍കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതായത്, വെറുതെയല്ല ഈ വിപ്ലവമെന്ന് ചുരുക്കം! കെ-ഡിസ്‌കിലെ കരാര്‍ ജീവനക്കാര്‍ പോലും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയം പറയരുതെന്നും കര്‍ശന നിര്‍ദ്ദേശമുള്ളപ്പോഴാണ് സരിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇടതുപക്ഷത്തിന് വേണ്ടി 'ബാറ്റിംഗ്' നടത്തുന്നത്.
സര്‍ക്കാര്‍ പദവിയിലിരുന്ന് രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കുന്നത് ചട്ടലംഘനമാണ്. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങി പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. സരിന്റെ പേജിലെ വിവാദ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. 'സര്‍ക്കാര്‍ സംവിധാനങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സരിനെതിരെ അടിയന്തര അച്ചടക്ക നടപടി വേണം.' - സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍ പറഞ്ഞു.
വെറുതെ ആരോപണം ഉന്നയിക്കുകയല്ല, സരിന്‍ പങ്കുവെച്ച രാഷ്ട്രീയ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും മറ്റ് കൃത്യമായ രേഖകളും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട മര്യാദകള്‍ സരിന്‍ ലംഘിച്ചോ എന്നതില്‍ കമ്മീഷന്‍ എടുക്കുന്ന തീരുമാനം സര്‍ക്കാരിനും നിര്‍ണ്ണായകമാകും.
കെ-ഡിസ്‌കിന്റെ ഉപദേശകന്‍ എന്ന നിലയില്‍ ഇന്നൊവേഷനുകള്‍ കൊണ്ടുവരേണ്ട സരിന്‍, സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിന് വേണ്ടി കവചമൊരുക്കുന്ന തിരക്കിലാണെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. ഇപ്പോള്‍ അത് കേന്ദ്ര കമ്മീഷന് മുന്നിലെത്തിയതോടെ സരിന്റെ പദവി തെറിക്കുമോ അതോ പതിവുപോലെ സര്‍ക്കാര്‍ സംരക്ഷിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
