വെള്ളം കുടിക്കാൻ പോയ നേരത്ത് ഫോൺ അടിച്ചുമാറ്റി; സ്റ്റേഷനിലെത്തിയപ്പോൾ അറിഞ്ഞത് ചിന്നസ്വാമി സ്റ്റേഡിയത്തിൽ അറുപതോളം ഫോണുകൾ മോഷണം പോയെന്ന്; ആർസിബി ജേഴ്സി അണിഞ്ഞെത്തിയ കുട്ടിസംഘം പിടിയിൽ; പിന്നിൽ വലിയ സംഘമെന്നും ആരോപണം; യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
ബെംഗളൂരു: ഐപിഎൽ ആവേശം അലതല്ലുന്ന ഗാലറികളിൽ കാണികളുടെ മൊബൈൽ ഫോണുകൾ ലക്ഷ്യമിട്ട് വൻ കവർച്ചാ സംഘം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ അമ്പതിലധികം ഫോണുകൾ മോഷണം പോയതായി പരാതി. സ്റ്റേഡിയത്തിലെ P3 സ്റ്റാൻഡിൽ നിന്ന് മാത്രം നിരവധി പേർക്കാണ് ഫോൺ നഷ്ടമായത്. ഇരയായവരിലൊരാളായ ഋതു തിവാരി എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിന് ശേഷം വെള്ളം കുടിക്കാൻ പോയ സമയത്താണ് ഋതുവിന്റെ ഭർത്താവിന്റെ ഫോൺ സീറ്റിൽ നിന്ന് മോഷണം പോയത്. തിരികെ വന്നപ്പോൾ ഫോൺ അവിടെ ഉണ്ടായിരുന്നില്ല. സ്റ്റേഡിയത്തിലെ പൊലീസിനെ സമീപിച്ചെങ്കിലും അവർ വേണ്ടത്ര താല്പര്യം കാണിച്ചില്ലെന്നും തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സമാനമായ പരാതിയുമായി നിരവധി പേർ അവിടെ ഉണ്ടായിരുന്നുവെന്നും യുവതി പറയുന്നു.
മോഷണത്തിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരോപണം. ആർസിബി ജേഴ്‌സി ധരിച്ചെത്തിയ 10-12 ഓളം കുട്ടികളെ പൊലീസ് പിടികൂടിയതായും ഇവർക്ക് കോംപ്ലിമെന്ററി ടിക്കറ്റുകൾ ഉണ്ടായിരുന്നതായും വീഡിയോയിൽ യുവതി വെളിപ്പെടുത്തുന്നു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ബെംഗളൂരുവിൽ മാത്രമല്ല, വാംഖഡെയിലും ചെപ്പോക്കിലും സമാനമായ രീതിയിൽ മോഷണങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ഇന്നിങ്‌സ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ആളുകൾ ലഘുഭക്ഷണത്തിനും മറ്റുമായി സീറ്റിൽ നിന്ന് എഴുന്നേൽക്കുന്ന സമയമാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. യുവതിയുടെ പോസ്റ്റ് വൈറലായതോടെ കായിക പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.
സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കണമെന്നും കാണികളെ നിരീക്ഷിക്കാൻ കൃത്യമായ സംവിധാനം വേണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാൽ, ഐപിഎൽ മത്സരങ്ങളെ മുഴുവനായി പഴിചാരുന്നത് ശരിയല്ലെന്നും വാംഖഡെ പോലെയുള്ള സ്റ്റേഡിയങ്ങളിൽ തങ്ങൾക്ക് സുരക്ഷിതമായ അനുഭവമാണ് ഉണ്ടായതെന്നും മറ്റു ചിലർ വാദിക്കുന്നു. സ്വന്തം സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കാണികൾ ശ്രദ്ധിക്കണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
