ടെണ്ടര്‍ വിളിക്കാതെ ആക്രി വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ വ്യക്തിതന്നെ താന്‍ അങ്ങനെയൊരു കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയത് അഴിമതിയ്ക്കുള്ള സ്ഥിരീകരണം; സെക്രട്ടറിയേറ്റിലെ ഇടത് നേതാവിനെതിരെ വിജിലന്‍സില്‍ പരാതി; ആക്രി കടത്തില്‍ മറിഞ്ഞത് ലക്ഷങ്ങളോ?
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല ഇടതു സംഘടനാ നേതാവും അഡീഷണല്‍ സെക്രട്ടറിയുമായ പി ഹണിയ്‌ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. ബിജെ.പി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. എസ്. രാജീവാണ് പരാതി നല്‍കിയത്. സര്‍ക്കാരിന് ലഭിക്കേണ്ട 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി. സെക്രട്ടേറിയറ്റില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ നടത്തുന്ന ആക്രിക്കടത്തില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നടപടിയൊന്നും ആരും എടുത്തില്ല. ഈ സാഹചര്യത്തിലാണ് വിജിലന്‍സിന് പരാതി നല്‍കുന്നത്.
ബിനു എന്ന ദിവസ വേതനക്കാരനിലൂടെയാണ് മൂല്യമുള്ള പാഴ് വസ്തുക്കള്‍ കടത്തി പണം നേടിയത്. പ്രത്യക്ഷത്തില്‍ ഇരുപത്തിയഞ്ച് ലക്ഷത്തോളം നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. സര്‍ക്കാരിനുണ്ടായ യഥാര്‍ത്ഥ നഷ്ടം എത്രയെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്നും വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും അഡ്വ. ആര്‍. എസ്. രാജീവ് അഭിപ്രായപ്പെട്ടു. സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പ് ഹൗസ്‌കീപ്പിങ് വിഭാഗത്തിലെ അഡീഷണല്‍ സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റുമായ പി. ഹണി വ്യാജ രേഖയുണ്ടാക്കിയതായാണ് ആരോപണം.
സെക്രട്ടേറിയറ്റിലെ ആക്രി സാധനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം പുറത്തു കൊണ്ടുപോയി വില്‍ക്കാന്‍ ഈ ഉേദ്യാഗസ്ഥന്‍ കൂട്ടുനിന്നുവെന്നാണ് ആരോപണം.
ദിവസ വേതനക്കാരായ ജീവനക്കാരെ മറയാക്കി ലക്ഷങ്ങളാണ് ആക്രി കച്ചവടത്തില്‍ കൂടി കൈമറിഞ്ഞത്. ഇടതു സംഘടനാ നേതാവിന്റെ താല്പര്യ പ്രകാരമാണ് ദിവസ വേതനത്തില്‍ ഒരാളെ നിയമിച്ചതെന്നും ഈ ദിവസ വേതനക്കാരനാണ് ആക്രി കടത്തുന്നതും പണം വാങ്ങുന്നതുമെന്നാണ് ആക്ഷേപം.
കരമനയില്‍ ആക്രി കച്ചവടം നടത്തുന്ന വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ ഉത്തരവ് തയാറാക്കിയാണ് ആക്രി സാധനങ്ങള്‍ കടത്തിയിരുന്നത് എന്നാണ് ആരോപണം. ഗവര്‍ണറെ പൊതുനിരത്തില്‍ ഭീഷണിപ്പെടുത്തി പ്രകോപനമുദ്രാവക്യം വിളിച്ചതിനെതിരെയും ഹണിക്കെതിരെ പരാതി ഉണ്ടായിരുന്നു. എന്നാല്‍ നടപടി വേണ്ട എന്ന നിലപാടാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥനെതിരെയാണ് ബിജെപി പരാതിയുമായി വരുന്നത്. ഇടതു സംഘടനയ്ക്കുള്ളിലെ ഗ്രൂപ്പു തര്‍ക്കമാണ് ഈ വിവരങ്ങള്‍ പുറത്തു വരാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്.
ടെണ്ടര്‍ വിളിക്കാതെ ആക്രി വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ വ്യക്തിതന്നെ താന്‍ അങ്ങനെയൊരു കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെ ഇതിന്റെ മറവില്‍ വലിയ ക്രമക്കേട് നടന്നതായി തെളിഞ്ഞിരിക്കുകയാണ്. പൊതുഭരണ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരന്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന ക്രമക്കേടല്ല ഇത്. ആക്രി സാധനങ്ങള്‍ വിറ്റ തുക ട്രഷറിയില്‍ അടച്ചില്ലെന്നത് നഗ്‌നമായ അഴിമതിയാണ്. താല്‍ക്കാലിക ജീവനക്കാരന്‍ പൊതുഭരണസംവിധാനത്തെയാകെ കബളിപ്പിച്ചു എന്ന് കരുതാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനാ നേതൃത്യത്തിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. പൊതുഭരണ ഹൗസ് കീപ്പിംഗ് വകുപ്പിനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും വീഴ്ചകളുണ്ടായി എന്നത് വ്യക്തമാണ്. ഇക്കാര്യങ്ങള്‍ തുടരെ തുടരെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഉന്നത അധികാരികള്‍ പുലര്‍ത്തുന്ന മൗനവും നിസംഗതയും സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. എല്ലാ വിഷയങ്ങളിലും ഒരു ഉന്നതതല സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരോപണ വിധേയരായവരെ അടിയന്തരമായി മാറ്റി നിര്‍ത്തണമെന്നും ആവശ്യം ഉയര്‍ന്ന വിവാദമാണ് ഇത്.
പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിംഗ് സെക്ഷനില്‍ താല്‍ക്കാലിക ജീവനക്കാരനായ ബിനു മുത്തുവേല്‍ എന്നയാളുടെ പേരില്‍ വ്യാജരേഖ ചമച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി ലോഡ് കണക്കിന് ആക്രി കടത്തി വില്‍ക്കുകയും പൊതുഖജനാവില്‍ അടയ്‌ക്കേണ്ട തുക സ്വന്തം അക്കൗണ്ടില്‍ വാങ്ങുകയും ചെയ്തതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. ഹൗസ് കീപ്പിംഗ് വിഭാഗം അഡിഷണല്‍ സെക്രട്ടറിയായ പി.ഹണിയാണ് തനിക്ക് നിയമനം നല്‍കിയത് എന്ന് ചാനല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ ബിനു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വ്യാജരേഖയുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ചമയ്ക്കുവാന്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ മാത്രം വിചാരിച്ചാല്‍ സാധിക്കുകയില്ല എന്നതിനാല്‍ ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.