എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിട്ടുള്ളൂ; മൂന്ന് ഓപ്ഷനുകളാണ് നല്‍കേണ്ടത്; ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങള്‍ അന്വേഷിക്കൂ; എയിംസ് അട്ടിമറിക്ക് പിന്നില്‍ പിണറായി സര്‍ക്കാരെന്ന വിമര്‍ശനവുമായി സുരേഷ് ഗോപി; നാട്ടിക വഴി തിരൂര്‍ വരെ തീവണ്ടി ഓടുമോ? നയം പറഞ്ഞ് സുരേഷ് ഗോപി
കൊച്ചി: എയിംസില്‍ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിട്ടുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞു. മൂന്ന് ഓപ്ഷനുകളാണ് നല്‍കേണ്ടത്. എന്നാല്‍, ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങള്‍ അന്വേഷിക്കൂ എന്നും സുരേഷ് ഗോപിയുടെ മറുപടിയായി പറഞ്ഞു. എംയിംസ് വൈകുന്നതിന് കാരണം കേരള സര്‍ക്കാരാണെന്ന് പറഞ്ഞു വയ്ക്കുകയാണ് സുരേഷ് ഗോപി.
തന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് കേരളത്തില്‍ എയിംസ് എന്ന പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത്, എന്ത് തര്‍ക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചോദിക്കാന്‍ വരൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. തുടര്‍ച്ചയായുണ്ടാകുന്ന കപ്പലപകടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ അടക്കം ബാധിക്കുന്ന വിഷയമാണിത്. നിയമനടപടി വേണമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെ. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടെങ്കില്‍ കേന്ദ്രം തീര്‍ച്ചയായും ഇടപെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുകയാണെന്നും അതിനാല്‍ ശശി തരൂരിന് പുകഴ്ത്താമെന്നും സുരേഷ് ഗോപി പറഞ്ഞു. തരൂരിന്റെ നിലപാടില്‍ സംഘ ചായ് വുണ്ടെങ്കില്‍ അതില്‍ വ്യക്തതവരുത്തേണ്ടത് അദ്ദേഹംതന്നെ ആണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. 2019-ല്‍ താന്‍ മെട്രോ നീട്ടുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും അവഹേളിച്ചെന്നും എന്നാല്‍ ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
2019-ല്‍ മെട്രോയെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും അവഹേളിച്ചതാണ്. അത് വാഗ്ദാനമേ അല്ലായിരുന്നു. കോയമ്പത്തൂര്‍ വരെ, അല്ലെങ്കില്‍ പാലക്കാട്, പാലിയേക്കര, അല്ലെങ്കില്‍ ചാലക്കുടി, നെടുമ്പാശ്ശേരി... എന്ന് പറയുന്നത് സ്വപ്നമാണ്. ഒരു സ്വപ്നമായിട്ടാണ് അന്ന് അത്അവതരിപ്പിക്കാന്‍ കഴിഞ്ഞത്. 2024-ല്‍ ലോക്സഭാതിരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ വീണ്ടും അത് ഉന്നയിച്ചു. ഇപ്പോഴും ആ സ്വപ്നം സ്വപ്നമായി നിലനില്ക്കുന്നു. പക്ഷെ, യാഥാര്‍ത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യം ഉണ്ട്. 2019-ല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അപക്വമായ പ്രത്യാരോപണങ്ങളായിരുന്നു ഉണ്ടായത്. കൊച്ചി മെട്രോ എന്ന് പറയുന്നത് കൊച്ചിക്കകത്ത് ഒതുങ്ങിനില്ക്കുന്ന ഒന്നാണെന്നായിരുന്നു പ്രതികരണങ്ങള്‍-സുരേഷ് ഗോപി പറയുന്നു.
ഭവന, നഗരകാര്യ, ഊര്‍ജ്ജ മന്ത്രാലയ വകുപ്പ് മന്ത്രി മനോഹര്‍ ലാലുമായി മെട്രോ കാര്യം ചര്‍ച്ചചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത്, കേരളത്തില്‍ ആര്‍ആര്‍ടിഎസ് (റാപ്പിഡ് റെയില്‍ ട്രാന്‍സ്ഫര്‍ സിസ്റ്റം) പദ്ധതിയാണ് യോജിച്ചത് എന്നായിരുന്നു. നെടുമ്പാശ്ശേരി വരെ മെട്രോ വരുമെന്ന് ഉറപ്പായിരുന്നു. അത് അങ്കമാലി വരെ കൊണ്ടുവന്നതിന് ശേഷം അങ്കമാലിയില്‍നിന്ന് ക്രോസ് കട്ട് ചെയ്ത് കൊടുങ്ങല്ലൂരിന്റെ വടക്കുഭാഗം ചേര്‍ന്ന്, നാട്ടിക, തൃപ്രയാര്‍, ചേറ്റുവ വഴി ഗുരുവായൂര്‍, പൊന്നാനി, തിരൂര്‍ ചെന്നു കഴിഞ്ഞാല്‍ ഈ പ്രദേശത്തുള്ളവര്‍ക്കെല്ലാം റെയില്‍ എക്സിപീരിയന്‍സ് കിട്ടും. മെട്രോയേക്കാള്‍ വേഗത്തില്‍ യാത്ര സാധ്യമാകും- സുരേഷ് ഗോപി പറഞ്ഞു.
അതായത് അങ്കമാലിയില്‍ നിന്നും തിരൂര്‍ വരെ നീളുന്ന മറ്റൊരു പദ്ധതി മുമ്പോട്ട് വയ്ക്കുകയാണ് സുരേഷ് ഗോപി. അതിവേഗ റെയില്‍ പാതാ ചര്‍ച്ചയ്ക്കിടെയാണ് ഈ നിര്‍ദ്ദേശവും എത്തുന്നത്.