'ഒരിക്കലും എഴുതാതിരിക്കാനാണ് എന്റെ കൈപ്പത്തി വെട്ടിയത്, പക്ഷേ അതിനുശേഷമാണ് ഏറ്റവും കൂടുതല്‍ എഴുതിയത്; നടക്കരുത് എന്ന് കരുതിയാണ് കാലിനും വെട്ടിയത്, പക്ഷേ അതിനുശേഷമാണ് ഞാന്‍ ലോകം കണ്ടത്'; കൈയടി നേടി പ്രൊഫ. ടി ജെ ജോസഫിന്റെ അതിജീവന കഥ
പ്രൊഫ. ടി ജെ ജോസഫിന്റെ അതിജീവന കഥ
കോഴിക്കോട്: അസാധാരണമായ ഒരു അതിജീവന കഥയാണ്, ചോദ്യപേപ്പറില്‍ ഇല്ലാത്ത മതനിന്ദ ആരോപിച്ച് ഇസ്ലാമിക മതമൗലികവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രെഫസര്‍ ടി ജെ ജോസഫിന്റെത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026-ല്‍, 'എഴുതാത്ത യാത്രകള്‍' എന്ന വിഷയത്തില്‍ അനുഭവങ്ങള്‍ പങ്കുവെച്ച്, തൊടുപുഴ ന്യൂമാന്‍ കോളജിലെ മുന്‍ അധ്യാപകന്‍ സദസ്സിനെ കൈയിലെടുത്തു. തായ്ലന്‍ഡിലും, അയര്‍ലണ്ടിലും, അമേരിക്കയിലും, മാലിയിലും, ബാലി ദ്വീപുകളിലുമൊക്കെ സന്ദര്‍ശനം നടത്തിയതിന്റെ അനുഭവങ്ങള്‍ പറയുന്നതിനിടെയാണ് അദ്ദേഹം തന്റെ അതിജീവന കഥയും സൂചിപ്പിച്ചത്.
'ഞാന്‍ ഒരിക്കലും എഴുതാതിരിക്കാനാണ് ഇസ്ലാമിക മതമൗലികവാദികള്‍ എന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. വലതുകാലും ഇടതുകൈയും നോക്കി വെട്ടിയത് ഇനി ഇവന്‍ ഒന്നും എഴുതരുതെന്ന് മാത്രമല്ല, ഒരു വടികുത്തിപ്പിടിച്ചുപോലും നടക്കരുത് എന്ന് കൂടി കരുതിയുമാണ്. പക്ഷേ കൈവെട്ടിമാറ്റിയതിന് ശേഷമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ എഴുതിയത്. ആത്മകഥക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌ക്കാരം ലഭിച്ചു. മറ്റ് രണ്ട് പുസ്തകങ്ങള്‍ കൂടി എഴുതി. അതിനുശേഷമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ നടന്നതും യാത്രകള്‍ നടത്തിയതും. കഴിഞ്ഞ ജന്‍മദിനംപോലും ആഘോഷിച്ചത് അയര്‍ലണ്ടില്‍ വെച്ചായിരുന്നു. എന്നെ ആക്രമിക്കുക വഴി മതമൗലികവാദികള്‍ എന്താണോ ലക്ഷ്യമിട്ടത് അത് മാത്രം നടന്നിട്ടില്ല'- പ്രെഫസര്‍ ജോസഫ് പറയുന്നത് നിറഞ്ഞ കൈയടിയോടെയാണ്, കോഴിക്കോട് ബീച്ചില്‍ നടന്നുവരുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ഓഡിയന്‍സ് സ്വീകരിച്ചത്.
അത് ബന്ധുവീട് സന്ദര്‍ശനം പോലെ
ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്ന ഒരാളുടെ മനോഭാവത്തോടെയാണ് താന്‍ പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ളത്, എന്നും ടി ജെ ജോസഫ് അഭിപ്രായപ്പെട്ടത്. ആഫ്രിക്കനായാലും മംഗോളിയനായാലും ദ്രാവിഡനായാലും ആര്യനായാലും ഒരേ സ്പീഷീസില്‍ പെട്ടവരാണ്. മറ്റ് രാജ്യങ്ങളിലെ മനുഷ്യരെ കാണുമ്പോള്‍ തനിക്ക് കുടുംബാംഗങ്ങളെ കാണുമ്പോഴുണ്ടാവുന്ന സന്തോഷമാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗായത്രി അരുണ്‍, മിത്ര സതീഷ്, നിസാര്‍ ഇല്‍ത്തുമിഷ് എന്നിവരായിരുന്നു മറ്റ് പാനലിസ്ററുകള്‍.നമ്മുടെ യാത്രാനുഭവങ്ങളുടെ കുറഞ്ഞത് ഒരു ശതമാനം മാത്രമേ നമുക്ക് മറ്റുള്ളവരിലേക്ക് പങ്കുവെക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് എഴുത്തുകാരിയും അഭിനേത്രിയുമായ ഗായത്രി അരുണ്‍ പറഞ്ഞത്. ഒരു നടി എന്ന നിലയിലുള്ള യാത്രയും വിനോദയാത്രയും തമ്മില്‍ ഏറെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നും അവര്‍ അഭിപ്രായപ്പെട്ടു.
പല പ്രതിസന്ധികളെയും അവസരങ്ങളാക്കിയുള്ള യാത്രയാണ് മിത്ര സതീഷിന്റേത്. എല്ലാ യാത്രകളും എഴുതാനുള്ളതല്ല, ചിലത് നമ്മുടെ ഉള്ളില്‍ തന്നെ വെക്കാനുള്ളതാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് അവര്‍ അന്റാര്‍ട്ടിക്കയിലും ഉഗാണ്ടെയിലും പോയ അനുഭവങ്ങള്‍ പങ്കുവെച്ചു.
പത്താംക്ലാസില്‍ തനിക്ക് ലഭിച്ച ഉയര്‍ന്ന മാര്‍ക്ക് പ്ലസ് 2വില്‍ കിട്ടുമോ എന്ന സംശയത്തില്‍, അപമാനഭാരം താങ്ങാന്‍ വയ്യാതെ നാട് വിട്ടു പോയ വിദ്യാര്‍ത്ഥി യാത്രികന്‍ എഴുത്തുകാരനായി മാറിയ സാഹചര്യം നിസാര്‍ ഇല്‍ത്തുമിഷ് രസകരമായി അവതരിപ്പിച്ചു. താന്‍ എഴുതുന്ന എല്ലാം തന്റെ ജീവിതത്തിലെ അനുഭവങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. മുനീര്‍ ഹുസൈന്‍ ആയിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍.
