മസാല ബോണ്ടില്‍ മുഖ്യമന്ത്രിയെ ഇ.ഡി ഒന്നും ചെയ്യുന്നില്ല; നോട്ടീസ് അയച്ചത് വെറുതെ ഒന്ന് പേടിപ്പിക്കാന്‍; അതാത് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച എല്ലാ കേസുകളും സെറ്റില്‍ ചെയ്തിട്ടുണ്ട്; മസാല ബോണ്ടില്‍ കടം എടുത്തത് തെറ്റ്; ഗുരുതരമായ അഴിമതി നടന്നു, മണിയടിക്കാന്‍ മാത്രം മുഖ്യമന്ത്രി പോയി; വിഡി സതീശന്‍

മസാല ബോണ്ടില്‍ മുഖ്യമന്ത്രിയെ ഇ.ഡി ഒന്നും ചെയ്യുന്നില്ല

Update: 2025-12-01 07:34 GMT

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഗുരുതരമായ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തിന് വലിയ ധനനഷ്ടം ഉണ്ടായി. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഭയപ്പെടുത്താന്‍ വേണ്ടി മാത്രമാണ് നോട്ടീസ് അയക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മുന്‍പും നോട്ടീസ് അയച്ചിട്ടും എന്തായെന്നും വിഡി സതീശന്‍ ചോദിച്ചു. മസാല ബോണ്ടില്‍ കടം എടുത്തത് തെറ്റാണ്.

ഇന്ത്യയിലെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുമ്പോള്‍ ഇവിടെ ഇടക്കൊരു നോട്ടീസ് അയച്ച് ഭയപ്പെടുത്തുകയാണ്. മുമ്പും സമാനരീതിയില്‍ നോട്ടീസ് അയച്ചിട്ട് ഒന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അയച്ച നോട്ടീസിനെ കുറിച്ചും യാതൊരു വിവരവുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അയക്കുന്ന നോട്ടീസില്‍ സി.പി.എം ഭയപ്പെടാറുണ്ട്.

തൃശ്ശൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ ബാങ്കിന്റെ കാര്യങ്ങള്‍ പറഞ്ഞ്, സി.പി.എമ്മിനെ വിധേയരാക്കി ബി.ജെ.പിക്ക് ജയിക്കാനുള്ള സാഹചര്യമുണ്ടാക്കി. കേരളത്തില്‍ ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി സി.പി.എം നേതൃത്വത്തെ പോടിപ്പിക്കുക മാത്രമാണിത്. അതാത് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച എല്ലാ കേസുകളും സെറ്റില്‍ ചെയ്തിട്ടുണ്ട്. മസാല ബോണ്ടില്‍ അഴിമതിയും നടപടിക്രമങ്ങളിലെ പാളിച്ചയും ഭരണഘടനാപരമായ ലംഘനങ്ങളും ഉണ്ട്. പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ട് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിയുടെ വാദം തള്ളി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. മസാല ബോണ്ടില്‍ ക്രമക്കേടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മസാല ബോണ്ടിന്റെ പണം തിരിച്ചു നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മുഖ്യമന്ത്രി ഉടന്‍ മറുപടി നല്‍കും. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് ഇഡി നോട്ടീസ് നല്‍കിയത്.

കിഫ്ബി മസാല ബോണ്ട് കേസില്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ്. ഇഡി അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനം കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിര്‍ണായക നീക്കം. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകന്‍ മുഖാന്തിരമോ വിശദീകരണം നല്‍കാവുന്നതാണ്.

2019ല്‍ 9.72ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ സനേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. അതേസമയം ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചിരുന്നു. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജന്‍സിയായിരുന്നു കിഫ്ബി.

വിഷയത്തില്‍ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമന്‍സ് അയച്ചിരുന്നു. വിദേശ നിക്ഷേപകരില്‍നിന്നും പ്രാദേശിക കറന്‍സിയില്‍ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാലബോണ്ട്.

Tags:    

Similar News