ഏഴ് വര്‍ഷം മുമ്പ് വീടിനായി തറയിട്ടെങ്കിലും വീട്നിര്‍മിക്കാനായില്ല; സഹപാഠിയുടെ ദൂ:ഖമറിഞ്ഞ പെണ്‍കുട്ടികള്‍ വീട് നിര്‍മിച്ചു നല്‍കി പെണ്‍പട
വളവന്നൂര്‍ ബാഫഖി യത്തീംഖാന വനിതാകോളജ് വിദ്യാര്‍ത്ഥിനികളാണ് സഹപാഠിയുടെ കുടുംബത്തിന്റെ സ്വപ്നം സഫലമാക്കിയിരിക്കുന്നത്
കെ.എം.റഫീഖ്
മലപ്പുറം: ഏഴ് വര്‍ഷം തറയില്‍ ഒതുങ്ങിയ സഹപാഠിയുടെ വീട് യാഥാര്‍ത്ഥ്യമാക്കി ഒരു പെണ്‍പട. വളവന്നൂര്‍ ബാഫഖി യത്തീംഖാന വനിതാകോളജ് വിദ്യാര്‍ത്ഥിനികളാണ് സഹപാഠിയുടെ കുടുംബത്തിന്റെ സ്വപ്നം സഫലമാക്കിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജ്, 10ലക്ഷം രൂപ ചിലവിട്ട് തലക്കാട് കണ്ണംകുളത്താണ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചത്.
2024 ഏപ്രിലിലാണ് വീട് നിര്‍മ്മാണത്തിന് തുടക്കമിട്ടത്. രണ്ട് കിടപ്പുമുറികളും ഹാളും കിച്ചണും സ്റ്റോര്‍മുറിയും സിറ്റൗട്ടും അടങ്ങുന്നതാണ് വീട്. അവസാന വട്ട മിനുക്കുപണികള്‍ വരെ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. തിങ്കളാഴ്ച വീട്ടിലെത്തി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശുചീകരണം നടത്തി. കോളജിലെ എന്‍.എസ്.എസ് യൂണിറ്റ് സമ്മാനിക്കുന്ന രണ്ടാമത്തെ വീടാണ് ഇത്.
വീട് പൂര്‍ത്തീകരണത്തിന് 10ലക്ഷം രൂപയാണ് കരാറുകാരന്‍ ആവശ്യപ്പെട്ടിരുന്നത്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജിന് ഇത്രയും വലിയ തുക വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ പണം പ്രതീക്ഷിച്ച സമയത്തിനകം തന്നെ സ്വരൂപിച്ച് നല്‍കി വിദ്യാര്‍ത്ഥിനികള്‍ താരങ്ങളായി. പദ്ധതി സംബന്ധിച്ച ആശയം ഉയര്‍ന്നപ്പോള്‍ കോളജിലെ തന്നെ അര്‍ഹയായ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പ്രഫ. കെ അബ്ദുസ്സമദ് പറഞ്ഞു.
സഹപാഠിയുടെ സ്വപ്നം സാക്ഷാത്കരിക്കാനായ ആഹ്ലാദത്തിലാണിപ്പോള്‍ ഈ വിദ്യാര്‍ത്ഥിനികള്‍. ആറ് വര്‍ഷം മുമ്പ് അര്‍ബുദ രോഗിയുടെ കുടുംബത്തിനാണ് കോളജിലെ എന്‍.എസ്.എസ് യൂണിറ്റ് ആദ്യമായി വീട് നിര്‍മ്മിച്ച് നല്‍കിയതെന്ന് കോളജ് എന്‍.എസ്.എസ് കോഡിനേറ്റര്‍ ടി. ഹാഷിം അഫ്സല്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിനിയുടെ കുടുംബം വീടിനായി തറയിട്ടെങ്കിലും തുടര്‍ പ്രവൃത്തികള്‍ നിലച്ച് കിടക്കുകയായിരുന്നു.
ലൈഫ് പദ്ധതിയിലും സഹായം ലഭിക്കാതിരുന്നത് തിരിച്ചടിയായി. വീട് എങ്ങിനെ പൂര്‍ത്തിയാക്കുമെന്ന ആശങ്കയില്‍ കഴിയുന്നതിനിടെയാണ് സഹപാഠികളുടെ കൈത്താങ്ങ് കുടുംബത്തെ തേടിയെത്തിയത്.
വീട്, വളവന്നൂര്‍ ബാഫഖി യത്തീംഖാന വനിതാകോളജ്, എന്‍ എസ് എസ്