ഓസ്‌ട്രേലിയയും കാനഡയുമായി ചേർന്ന് സാങ്കേതിക സഹകരണ സഖ്യം രൂപീകരിക്കും; മൂന്ന് ഭൂഖണ്ഡങ്ങളിലെ ജനാധിപത്യ ശക്തികളുടെ സഹകരണം വര്‍ധിപ്പിക്കും; മയക്കുമരുന്ന്-ഭീകരവാദ ബന്ധത്തെ ചെറുക്കുന്നതിന് ഒരു സംരംഭം സ്ഥാപിക്കണം; ആഫ്രിക്കയ്ക്ക് വേണ്ടിയും പദ്ധതി; ജി 20 ഉച്ചകോടിയിൽ നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Update: 2025-11-22 15:41 GMT

ജോഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളുമായി ചേർന്ന് സാങ്കേതികവിദ്യാ, നൂതന പങ്കാളിത്തത്തിനായി സഖ്യം രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഓസ്‌ട്രേലിയ-കാനഡ-ഇന്ത്യ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (എസിഐടിഐ) പങ്കാളിത്തം' എന്ന് പേരിട്ടിരിക്കുന്ന ഈ കൂട്ടായ്മ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബർഗിൽ നടന്ന ജി 20 ഉച്ചകോടിയിലാണ് പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനമെത്തിയത്.

മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ പങ്കാളികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണം, ശുദ്ധമായ ഊർജ്ജം, നിർമ്മിത ബുദ്ധിയുടെ (AI) വ്യാപകമായ ഉപയോഗം തുടങ്ങിയ സുപ്രധാന മേഖലകളിലായിരിക്കും എസിഐടിഐ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കാനും, നിർണായക ധാതുക്കൾ ഉൾപ്പെടെയുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഖ്യം ലക്ഷ്യമിടുന്നു. നെറ്റ്-സീറോ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായകമാകും. ഭാവി തലമുറകൾക്ക് മെച്ചപ്പെട്ട ലോകം ഉറപ്പാക്കുന്നതിനായി ഈ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ കൂട്ടായി പ്രഖ്യാപിച്ചു. ഉച്ചകോടിയില്‍ സംസാരിക്കവേ മയക്കുമരുന്ന്-ഭീകരവാദ ബന്ധത്തെ ചെറുക്കുന്നതിന് ഒരു ജി20 സംരംഭം സ്ഥാപിക്കണമെന്ന് മോദി നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ആഗോള വികസന മാനദണ്ഡങ്ങളെക്കുറിച്ച് സമൂഹലമായ പുനര്‍വിചിന്തനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ജി20 രാജ്യങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും നാഗരിക വിജ്ഞാനത്തിൽ വേരൂന്നിയതുമായ മാതൃകകൾ സ്വീകരിക്കണമെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ 'ആരെയും പിന്നിലാക്കാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം പുരോഗതിയെ എങ്ങനെ അളക്കുന്നു എന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ട നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. വിഭവ ദാരിദ്ര്യവും പാരിസ്ഥിതിക അസന്തുലിതാവസ്ഥയും നേരിടുന്ന പ്രദേശങ്ങളെ സംബന്ധിച്ച് ഇത് അനിവാര്യമാണെന്നും ഇന്ത്യയുടെ ഏകാത്മ മാനവവാദം എന്ന തത്വം കൂടുതൽ സമതുലിതമായ വളർച്ചയ്ക്ക് ഒരു മാതൃക നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറിവ്, വൈദഗ്ധ്യം, സുരക്ഷ എന്നിവയിലെ സഹകരണം പുനഃക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് പ്രധാന നിർദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.

സുസ്ഥിര ജീവിതത്തിനായുള്ള കാലങ്ങളായി പരീക്ഷിച്ചു വിജയിച്ച മാതൃകകൾ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട്, ജി20-ക്ക് കീഴിൽ ഒരു ആഗോള വിജ്ഞാന ശേഖരം പ്രധാനമന്ത്രി നിർദേശിച്ചു. ലോകം കാലാവസ്ഥാ പ്രതിസന്ധിയും അതിവേഗം മാറുന്ന ജീവിതശൈലികളും നേരിടുന്ന ഈ സമയത്ത്, ആരോഗ്യം, പരിസ്ഥിതി, സാമൂഹിക ഐക്യം എന്നിവ സംബന്ധിച്ച പരമ്പരാഗത അറിവുകൾ രേഖപ്പെടുത്തുകയും പങ്കുവെക്കുകയും ഭാവി തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഈ ശേഖരത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജി20 ഉച്ചകോടിക്ക് ആഫ്രിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആഗോള പുരോഗതിക്ക് ആഫ്രിക്കയുടെ വളർച്ച അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ നരേന്ദ്രമോദി ആഫ്രിക്കൻ യുവാക്കളെ ലക്ഷ്യമിട്ടുള്ള ഒരു നൈപുണ്യ പദ്ധതിയും പ്രഖ്യാപിച്ചു. ‘ജി20–ആഫ്രിക്ക സ്‌കിൽസ് മൾട്ടിപ്ലയർ ഇനിഷ്യേറ്റീവ്’ എന്ന് പേര് നൽകിയിരിക്കുന്ന പദ്ധതി എല്ലാ ജി20 പങ്കാളികളുടെയും സംയുക്ത പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്. അടുത്ത ദശാബ്ദത്തിനുള്ളിൽ ആഫ്രിക്കയിൽ ഒരു ദശലക്ഷം സർട്ടിഫൈഡ് പരിശീലകരെ സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഫെന്റനൈൽ പോലുള്ള അതീവ വീര്യമുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ ആഗോളതലത്തിൽ വ്യാപിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ഡ്രഗ്-ടെറർ നെക്സസ് (ലഹരി-ഭീകരവാദ ബന്ധം) ചെറുക്കുന്നതിനായി ഒരു പ്രത്യേക ജി20 സംരംഭത്തിനും ആഹ്വാനം ചെയ്തു. മയക്കുമരുന്ന് കടത്ത് ശൃംഖലകളെ തകർക്കുക, നിയമവിരുദ്ധമായ പണത്തിന്റെ ഒഴുക്ക് ഇല്ലാതാക്കുക, ഭീകരവാദ ഗ്രൂപ്പുകളുടെ ധനസഹായത്തിന്റെ പ്രധാന ഉറവിടം ദുർബലപ്പെടുത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി.

Tags:    

Similar News