ബ്രിട്ടന്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക്.. കയ്യിലുള്ളത് വെറും രണ്ടു ദിവസത്തേക്കുള്ള എനര്‍ജി ഗ്യാസ് മാത്രം; പശ്ചിമേഷ്യന്‍ യുദ്ധം യുകെയെയും ബാധിച്ചു തുടങ്ങുന്നു; ദുബായില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ ഫ്ളൈറ്റ് ബുക്കിംഗ് തുടങ്ങുന്നു; സ്റ്റാര്‍മറെ പരിഹസിച്ച ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശനം

ബ്രിട്ടന്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക്.. കയ്യിലുള്ളത് വെറും രണ്ടു ദിവസത്തേക്കുള്ള എനര്‍ജി ഗ്യാസ് മാത്രം

Update: 2026-03-09 01:57 GMT

ലണ്ടന്‍: ബ്രിട്ടന്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസത്തേക്ക് ഉപയോഗിക്കാനുള്ള പ്രകൃതിവാതക ശേഖരം മാത്രമാണ് ബ്രിട്ടന്റെ കൈവശമുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ തന്നെ പ്രകൃതിവാതകത്തിന്റെ ഏറ്റവും വലിയ സ്രോതസ്സ് മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉല്പാദനം നിര്‍ത്തിവയ്ക്കുകയും, സുപ്രധാനമായ കപ്പല്‍ പാത ഇറാന്‍ അടയ്ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഈ സാഹചര്യം ബ്രിട്ടനില്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. നാഷണല്‍ ഗ്യാസ് പുറത്തുവിട്ട കണക്കനുസരിച്ച് ബ്രിട്ടന്റെ കൈവശം 6,700 ജി ഡബ്ല്യു എച്ച് പ്രകൃതിവാതകം മാത്രമാണ് ഉള്ളത്. കഷ്ടിച്ച് ഒന്നര ദിവസത്തെ ആവശ്യങ്ങള്‍ നിറവേറ്റുവാനെ ഇതിനു കഴിയുകയുള്ളു. തുല്യ അളവിലുള്ള ദ്രവീകൃത പ്രകൃതി വാതകവും സ്റ്റോക്കിലുണ്ട്.

അതേസമയം, കൂടുതല്‍ മെച്ചപ്പെട്ട തയ്യാറെടുപ്പുകള്‍ നടത്തിയ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് ഇനിയും ഏതാനും ആഴ്ച്ചകള്‍ക്ക് കൂടി ആവശ്യം വരുന്ന പ്രകൃതിവാതകം സ്റ്റോക്കുണ്ട്. ബ്രിട്ടന്റെ ഈ സാഹചര്യം മുതലെടുത്ത് വ്യാപാരികള്‍ പ്രകൃതി വാതകത്തിന് ഇപ്പോള്‍ പ്രീമിയം വിലയാണ് ഈടാക്കുന്നത്. യൂറോപ്യന്‍ വിപണിയുമായി മത്സരിച്ച് സ്റ്റോക്ക് വരുത്താന്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടതായി വരും എന്നതിനാലാണിത്. നിലവില്‍, ബ്രിട്ടനാണ് യൂറോപ്പില്‍ ഗ്യാസിന് ഏറ്റവും അധികം മൊത്തവില നല്‍കുന്നത്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ചിലയിടങ്ങളിലെ ഉല്പാദനം നിര്‍ത്തിവച്ചതും, ഹോര്‍മൂസ് കടലിടുക്ക് അടച്ചതുമാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉല്പാദന മേഖലയായ റാസ് ലഫാനില്‍ ഉല്പാദനം തത്ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞയാഴ്ച്ച തുടക്കത്തില്‍ തന്നെ ഖത്തര്‍ അറിയിച്ചിരുന്നു. പ്രദേശത്ത് ഇറാന്റെ ബോംബാക്രമണം ഉണ്ടായതിനെ തുടര്‍ന്നാണിത്. അധികം വൈകാതെ തന്നെ വില ബാരലിന് 100 ഡോളര്‍ വരെ ഉയരുമെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധര്‍ പറയുന്നത്. യുദ്ധം ഇനിയും നീളുകയാണെങ്കില്‍ വില 150 ഡോളറിലെത്താനും സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു.

ദുബായില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ ഫ്ളൈറ്റ് ബുക്കിംഗ് തുടങ്ങുന്നു

സംഘര്‍ഷഭരിതമായ മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ബ്രിട്ടനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുകയാണ് ബ്രിട്ടന്‍. ദുബായില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് ഒരു ബുക്കിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു. സംഘര്‍ഷമാരംഭിച്ചതിനു ശേഷം, ദുബായില്‍ ഉള്‍പ്പടെ ഈ മേഖലയില്‍ ആയിരക്കണക്കിന് ബ്രിട്ടീഷുകാരാണ് കുടുങ്ങിയിട്ടുള്ളത്. അവശരായവര്‍ക്കും പ്രായമായവര്‍ക്കും ചാര്‍ട്ടര്‍ വിമാനങ്ങളിലെ ബുക്കിംഗില്‍ മുന്‍ഗണന നല്‍കും. ഈ മേഖലയില്‍ സാന്നിദ്ധ്യം രേഖപ്പെടുത്തിയവരുമായി ബന്ധപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞയാഴ്ച്ച തന്നെ ഈ മേഖലയില്‍ നിന്നും വിമാന സര്‍വ്വീസുകള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. മസ്‌ക്കറ്റില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള രണ്ട് വിമാനങ്ങള്‍ ഇതിനോടകം തന്നെ ബ്രിട്ടനിലെത്തിയിട്ടുണ്ട്. ദുബായില്‍ നിന്നുള്ള വിമാനം ഈയാഴ്ച്ച ആദ്യം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, യുണൈറ്റഡ് അറബ് എമിരേറ്റ്‌സില്‍ ഇറാന്റെ ആക്രമണം തുടരുകയാണ്. തകര്‍ത്തിട്ട ഇറാനിയന്‍ ഡ്രോണിന്റെ അവശിഷ്ടം കാറിനു മേല്‍ പതിച്ച് ദുബായില്‍ ശനിയാഴ്ച്ച ഒരാള്‍ മരണമടഞ്ഞിരുന്നു.

ട്രംപിന്റെ കോപമടക്കാന്‍ ശ്രമിച്ച് സ്റ്റാര്‍മര്‍; ട്രംപിനെ വിമര്‍ശിച്ച് യുവറ്റ് കൂപ്പര്‍

ഇറാനിലെ യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള അസാധാരണമായ അടുത്ത ബന്ധത്തില്‍ വീണ വിള്ളല്‍ മാറ്റുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡൊണാള്‍ഡ് ട്രംപും സര്‍ കീര്‍ സ്റ്റാര്‍മറുമായി സംസാരിച്ചു. യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായി ഇന്നലെ ഉച്ചയോടെയാണ് ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചത്. ഇറാന്‍ യുദ്ധത്തില്‍ ചേരുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ച ബ്രിട്ടന്റെ നടപടിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണിത്. ഇസ്രയേലുമായി ചേര്‍ന്ന് ഇറാന്‍ ആക്രമിക്കുന്ന അമേരിക്കക്ക് പ്രതിരോധ കാര്യങ്ങളില്‍ മാത്രം സഹായിക്കും എന്ന സ്റ്റാര്‍മറിന്റെ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി ട്രംപ് രംഗത്ത് വന്നിരുന്നു.

ഒരിക്കല്‍ അടുത്ത സുഹൃത്തായിരുന്നവരുടെ പിന്തുണയില്ല എന്ന് ട്രൂത്ത് പ്ലാറ്റ്‌ഫോമില്‍ കുറിച്ച ട്രംപ്, വിജയിച്ച യുദ്ധത്തില്‍ പങ്കെടുത്ത് അവകാശവാദം ഉന്നയിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍മര്‍ എന്നും ആരോപിച്ചിരുന്നു. അതിനെതിരെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യുവെറ്റ് കൂപ്പര്‍ ഇന്നലെ രംഗത്തെത്തി. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള നയതന്ത്രം തങ്ങളുടെ രീതിയല്ല എന്നായിരുന്നു അവര്‍ കുറിച്ചത്. മാത്രമല്ല, വിദേശനയം രൂപീകരിക്കാന്‍ പുറംകരാര്‍ നല്‍കുന്ന പതിവ് ബ്രിട്ടനില്ല എന്നും അവര്‍ കുറിച്ചിരുന്നു.

അതേസമയം, പ്രതിരോധാവശ്യങ്ങള്‍ക്കായി മാത്രം ബ്രിട്ടീഷ് സൈനിക ആസ്ഥാനങ്ങള്‍ ഉപയോഗിക്കാന്‍ ബ്രിട്ടന്‍ അമേരിക്കയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. സൈനിക സഹകരണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇന്നലെ നടന്ന സംസാരത്തില്‍ ഇരു രാഷ്ട്രത്തലവന്മാരും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.; ഇന്നലെ സ്‌കൈന്യൂസില്‍ പ്രത്യക്ഷപ്പെട്ട യുവറ്റ് കൂപ്പര്‍, അവിടെയും സര്‍ കീര്‍ സ്റ്റാര്‍മറുടെ നടപടിയെ പിന്തുണയ്ക്കുകയായിരുന്നു. ഇറാനെ ആക്രമിക്കുന്നത് ബ്രിട്ടന്റെ താത്പര്യത്തിനു ചേര്‍ന്നതല്ല എന്നാണ് അവര്‍ പറഞ്ഞത്.

Tags:    

Similar News