ഫുജൈറ ആകാശത്ത് കാതടിപ്പിക്കുന്ന ശബ്ദം; നിമിഷ നേരം കൊണ്ട് കെട്ടിടത്തിൽ പതിച്ചതും വിരണ്ടോടി ആളുകൾ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഇറാന്റെ ആക്രമണത്തിൽ ഭയന്ന് യുഎഇ

Update: 2026-04-06 08:21 GMT

ഫുജൈറ: യുഎഇയിൽ വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഫുജൈറയിലെ 'ഡു' ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. ഇതിന് പുറമെ അബുദാബി മുസഫയിലെ ഐകാഡ് സിറ്റിയിലുള്ള 'റിൻ സിസ്റ്റംസ്' കമ്പനിക്ക് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഘാന സ്വദേശിക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ഫുജൈറയിലെ 'ഡു' ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെ പതിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

അബുദാബിയിലെ 'റിൻ സിസ്റ്റംസ്' കമ്പനി കെട്ടിടത്തിൽ പതിച്ച മിസൈൽ അവശിഷ്ടങ്ങൾ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്ത മിസൈലിന്റേതാണ്. ഈ സംഭവത്തിൽ പരിക്കേറ്റ ഘാന സ്വദേശിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും യുഎഇ അധികൃതർ പൊതുജനങ്ങളോട് കർശനമായി നിർദ്ദേശിച്ചു.

അതേസമയം, മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഇത് സംബന്ധിച്ച് സംസാരിച്ചതായും വിവരമുണ്ട്. ഗൾഫ് രാജ്യങ്ങൾക്ക് മേൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഇറാന്റെ കരുത്തല്ല, അഹങ്കാരവും തന്ത്രപരമായ വീഴ്ചയുമാണെന്ന് ഡോ. അൻവർ ഗർഗാഷ് കുറിച്ചു. ഇറാൻ മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് 'ഫോറിൻ അഫയേഴ്‌സ്' മാഗസിനിൽ എഴുതിയ ലേഖനത്തോടുള്ള പ്രതികരണമായിരുന്നു ഇത്. മേഖലയിൽ വർദ്ധിച്ചുവരുന്ന ഈ ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ സാഹചര്യത്തെ സങ്കീർണമാക്കുകയും അന്താരാഷ്ട്ര സമാധാന ശ്രമങ്ങൾക്ക് വെല്ലുവിളിയുയർത്തുകയും ചെയ്യുന്നു.

Tags:    

Similar News