ട്രംപ് അസ്ഥിരമായ മാനസികാവസ്ഥയിലാണെന്നും ട്രംപിന്റെ നീക്കങ്ങള്‍ അമേരിക്കയെ തന്നെ നരകത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും ഇറാന്‍; 'വിമോചനം ഇറാന്‍ ജനതയുടെ ആഗ്രഹം'; ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ സകല ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് അമേരിക്കന്‍ അന്ത്യശാസനം; ഇറാനെ 'ചാരമാക്കുമോ അമേരിക്ക?
ടെഹ്റാന്‍: ആഗോള വിപണിയുടെ നെഞ്ചിടിപ്പ് കൂട്ടി പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി. ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനിലെ സകല ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളില്‍ ഇറാന്‍ നിലപാട് മാറ്റിയില്ലെങ്കില്‍ രാജ്യം ഇരുട്ടിലാകുമെന്ന വിനാശകരമായ ഭീഷണിയാണ് ട്രംപ് മുഴക്കിയിരിക്കുന്നത്.
വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ വിചിത്രമായ വാദങ്ങളാണ് ട്രംപ് നിരത്തിയത്. 'ഇറാനിലെ ജനങ്ങള്‍ അമേരിക്കന്‍ സൈനിക നടപടി ആഗ്രഹിക്കുന്നു. അവര്‍ നരകയാതനയിലാണ്. ഭരണകൂടം വെടിവെച്ചു കൊല്ലുമെന്ന് പേടിച്ചാണ് അവര്‍ തെരുവില്‍ ഇറങ്ങാത്തത്. 93 ദശലക്ഷം ഇറാനികള്‍ വിമോചനത്തിനായി കാത്തിരിക്കുകയാണ്,' ട്രംപ് അവകാശപ്പെട്ടു.
സമാധാനത്തിന്റെ സന്ദേശം നല്‍കേണ്ട ഈസ്റ്റര്‍ ദിനത്തിലും കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. 'കടലിടുക്ക് തുറക്കൂ, ഇല്ലെങ്കില്‍ നരകം കാണിച്ചുതരാം. ജസ്റ്റ് വാച്ച്!' എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ കുറിപ്പ്. വെറും ഭീഷണിയല്ലെന്ന് തെളിയിക്കാന്‍ എന്നോണം, ടെഹ്റാനെയും കരാജിലെയും ബന്ധിപ്പിക്കുന്ന ഇറാന്റെ അഭിമാനമായ ബി-1 പാലം യുഎസ്-ഇസ്രായേല്‍ സഖ്യം ബോംബിട്ടു തകര്‍ത്തു. ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.
അതിനിടെ, ഇറാന്‍ വെടിവെച്ചിട്ട എഫ്-15 വിമാനത്തിലെ അമേരിക്കന്‍ കേണലിനെ അതീവ സാഹസികമായി യുഎസ് സൈന്യം മോചിപ്പിച്ചു. 7,000 അടി ഉയരമുള്ള പര്‍വതനിരകളില്‍ രണ്ട് ദിവസം ഒളിവില്‍ കഴിഞ്ഞ അദ്ദേഹത്തെ കണ്ടെത്താന്‍ സിഐഎ മിന്നല്‍ ഓപ്പറേഷനാണ് നടത്തിയത്. കേണലിന്റെ തലയ്ക്ക് 60,000 ഡോളര്‍ ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രക്ഷാദൗത്യത്തിനിടെ തകരാറിലായ രണ്ട് യുഎസ് വിമാനങ്ങള്‍ ശത്രുവിന്റെ കൈയ്യില്‍ കിട്ടാതിരിക്കാന്‍ അമേരിക്കന്‍ സൈന്യം തന്നെ സ്‌ഫോടനത്തിലൂടെ തകര്‍ത്തു.
അമേരിക്കന്‍ ഭീഷണിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഇറാന്‍ നടത്തിയത്. പ്രസിഡന്റ് ട്രംപ് അസ്ഥിരമായ മാനസികാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ അമേരിക്കയെ തന്നെ നരകത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫ് തിരിച്ചടിച്ചു. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് എണ്ണക്കിണറുകളുടെ നിയന്ത്രണം കൈക്കലാക്കുമെന്ന ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഫെബ്രുവരി 28 മുതല്‍ ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുന്നത് അന്താരാഷ്ട്ര എണ്ണ വിതരണത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. യുദ്ധം മുറുകിയാല്‍ ഇന്ധനവില കുതിച്ചുയരുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങള്‍.
