ശത്രുക്കളെ അരിഞ്ഞിട്ട നെതന്യാഹു സൂപ്പര്‍ ഹീറോ; വീണ്ടും വിസ്മയമായി ട്രംപ്; അജയ്യനായി മോദി; കരുത്തനായി ഷീ; പുടിന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവ്; നിഷ്‌ക്കാസനം ചെയ്യപ്പെട്ട ഹസീനയും അസദും; വില്ലനായി ഖമേനി; 2024-ലെ ആഗോള രാഷ്ട്രീയം വലത്തോട്ട് ചായുമ്പോള്‍
ശത്രുക്കളെ അരിഞ്ഞിട്ട നെതന്യാഹു സൂപ്പര്‍ ഹീറോ
വലത്തോട്ട് കറങ്ങുന്ന ലോകം! 2024-ലെ ആഗോള രാഷ്ട്രീയം വിലയിരുത്തുമ്പോള്‍ അങ്ങനെ മാത്രമെ പറയാന്‍ കഴിയൂ. ഇന്ന് യുറോപ്പും, അമേരിക്കയും, ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പിടി മുറുക്കുത്ത് ഏറിയും കുറഞ്ഞുമായ അളവിലുള്ള വലതുപക്ഷ രാഷ്ട്രീയമാണ്. ഇടതുപക്ഷം ലാറ്റിന്‍ അമേരിക്കയിലും, ശ്രീലങ്കയിലുമായി ദുര്‍ബലമാവുന്നു. ഇവിടങ്ങളിലുള്ളതുതന്നെ കമ്യൂണിസ്റ്റ് മോഡല്‍ ഇടതുപക്ഷമല്ല, സോഷ്യല്‍ ഡെമോക്രാറ്റിക്ക് ഫോഴ്സുകള്‍ തന്നെയാണെന്നതും ശ്രദ്ധേയമാണ്.
പക്ഷേ ലോകത്തെ രണ്ട് കമ്യണുിസ്റ്റ് രാജ്യങ്ങള്‍ ചേര്‍ന്ന് ഞെട്ടിച്ചുകൊണ്ടുമിരിക്കയാണ്. അതാണ് ചൈനയും, വടക്കന്‍ കൊറിയയും. ഷീ ജിന്‍ പിങ്ങ് എന്ന ഏകാധിപതി ചൈനയുടെ പ്രസിന്‍ഡറല്ല, സി ഇ ഒ ആണെന്നാണ് പൊതുവെ പറയാറുള്ളത്. റെഡ് ക്യാപിറ്റിലസിത്തിലുടെ ചൈന, വന്‍ ശക്തിയാവുന്നത് പോയ വര്‍ഷവും കണ്ടു. എന്നാല്‍ പുതിയ പുതിയ ആയുധങ്ങള്‍ ഉണ്ടാക്കിയാണ്് വടക്കന്‍ കൊറിയും അതിലെ ഏകാധിപതി, കിം ജോങ്ങ് ഉന്നും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ഇന്ത്യയില്‍ നരേന്ദ്രമോദിയുടെ തിരഞ്ഞെുടപ്പ് മാജിക്ക് തുടരുന്നതും 2024-ല്‍ കണ്ടു. നില ഏറെ മെച്ചപ്പെടുത്തിയ പ്രതിപക്ഷത്തിന് ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെന്ന് ആശ്വസിക്കാം. ഭാരതത്തെ വളരുന്ന ഒരു സാമ്പത്തിക ശക്തിയാക്കാന്‍ മോദിക്കും ടീമിനും കഴിഞ്ഞുവെന്നത്, എതിരാളികള്‍പോലും അംഗീകരിക്കുന്ന ഒരു സത്യമാണ്. പാക്കിസ്ഥാനും, ശ്രീലങ്കയും, ബംഗ്ലാദേശും, അഫ്ഗാനിസ്ഥാനും അടക്കമുള്ള രാഷ്ട്രങ്ങള്‍ സാമ്പത്തിക കുഴപ്പങ്ങളില്‍ നട്ടം തിരിയുമ്പോള്‍, ഇന്ത്യ ഒരു വലിയ സാമ്പത്തിക ശക്തിയായി കുതിക്കയാണ്. അതുപോലെ അമേരിക്കയിലെ അടക്കം ജനം, സാമ്പത്തിക നേട്ടം മാത്രം മുന്നില്‍ കണ്ട വോട്ട് ചെയ്ത വര്‍ഷമാണ് 2024. പോയ വര്‍ഷം ലോക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന, നായകന്‍മ്മാരെയും വില്ലന്‍മ്മാരെയും അറിയാം.
നെതന്യാഹുവെന്ന സൂപ്പര്‍ ഹീറോ
2024 കടന്നുപോവുമ്പോള്‍, അത്് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ വര്‍ഷം എന്നാണ് വേള്‍ഡ് പൊളിറ്റിക്സ് അവലോകനം ചെയ്യുന്ന ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. നാലുപാടും ശത്രുക്കള്‍. സ്വന്തം പാര്‍ട്ടിയില്‍ പ്രതിസന്ധി വേറെ. അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം ഒരു ഭാഗത്ത്. ഇതിനിടെയിലും സമചിത്തതയോടെ ഇസ്രായേലിനെ നയിക്കുകയും, അതിന്റെ ശത്രുക്കളെ ഒന്നൊന്നായി കാലപുരിക്ക് എത്തിക്കാല്‍ നേതൃത്വം നല്‍കുകയും ചെയ്ത, ബെഞ്ചമിന്‍ നെതന്യാഹു തന്നെയാണ് ഈ വര്‍ഷത്തെ പൊളിറ്റിക്കല്‍ സൂപ്പര്‍ ഹീറോ!
2023 അവസാനിക്കുന്നത് ഇസ്രയേലിന്റെ കണ്ണീര് കണ്ടാണ്. ഒക്ടോബര്‍ 7ന്, തങ്ങളുടെ പുകള്‍പെറ്റ അയേണ്‍ഡോമിനെയും, കാവല്‍ സേനയെയും നോക്കുകുത്തികളായി ഹമാസ് ഭീകരര്‍ അതിര്‍ത്തി കടന്നെത്തി കൊള്ളയും കൊലയും ബലാത്സഗവും ബന്ദിയാക്കലും നടന്നപ്പോള്‍, ആ കൊച്ചു രാജ്യം മാത്രമല്ല ലോകം മൊത്തം നടുങ്ങിപ്പോയി. എന്നാല്‍ 2024 അവസാനിക്കുമ്പോള്‍ പല്ലിന് പല്ല് കണ്ണിണ് കണ്ണ് എന്ന രീതിയില്‍ ശത്രുക്കളെ പിന്തുടര്‍ന്ന് തീര്‍ക്കുന്ന ഇസ്രായേലിന്റെ ജയഭേരിയാണ് ലോകം കണ്ടത്.
നേതാക്കളെ ഒന്നൊന്നായി കൊന്നെടുക്കി ഹമാസിനെ ഏതാണ്ട് ഇല്ലാതാക്കി. പേജര്‍ ആക്രകമണത്തില്‍ ആകെ പതറിപ്പോയ ഹിസ്ബുള്ളയുടെ നേതാക്കളും കണ്ണടച്ച് തുറക്കും മുമ്പ് കൊല്ലപ്പെട്ടു. ഹൂതി വിമതരെയും ഒരു പരിധിവരെ ഒതുക്കി. ഇറാനില്‍ ആക്രമണം നടത്തി അവരെയും ഞെട്ടിച്ചു. ഓരോരും പ്രധാന സംഭവം നടക്കുമ്പോഴും, നെതന്യാഹു ലോകത്തെ അഭിസംബോധന ചെയത്, അതിശക്തമായി സംസാരിക്കും. അദ്ദേഹത്തിന്റെ അവസാന പ്രസംഗം ഇറാനുള്ള മുന്നറിയിപ്പാണ്. ഗസ്സയില്‍ അമ്പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ യു എന്‍ വരെ കുറ്റപ്പെടുത്തുമ്പോള്‍ നെതന്യാഹുവിന് കുലുക്കമില്ല. ഗസ്സയിലെ മുഴവന്‍ തുരങ്കങ്ങളും നിര്‍വീര്യമാക്കി ബന്ദികളെ മോചിപ്പിച്ച ശേഷമാത്രമേ ഈ യുദ്ധം അവസാനിക്കൂ എന്നാണ് അദ്ദേഹത്തിന്റെ വാദം.
ഒരു ഭാഗത്ത് ആയുധംകൊണ്ട് പേരാടിക്കുമ്പോഴും, മറുഭാഗത്ത് ചര്‍ച്ചയുടെയും സമാധാനത്തിന്‍െയും പാതയൊരുക്കാന്‍ നെതന്യാഹു ശ്രമിക്കുന്നുണ്ട്. ഇസ്ലാമിക രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും തൊട്ട് ഈജിപ്ത്വരെയുള്ള രാജ്യങ്ങളുമായി വളരെ നല്ല ബന്ധമാണ്, ഇസ്രയേലിന് ഉള്ളത്. മോദിയുമായും നെതന്യാഹു വളരെ നല്ല ബന്ധം പുര്‍ത്തുന്നു. ഇനി അമേരിക്കയില്‍ ട്രംപ് അധികാരത്തിലെത്തിയയോടെ, ഇദ്ദേഹത്തിന്റെ കരുത്ത് വര്‍ധിച്ചിരിക്കയാണെന്നാണ് വിലയിരുത്തല്‍.
പക്ഷേ ഇതുകൊണ്ടൊക്കെ ഇസ്രായേലില്‍ നെതന്യാഹുവിന്റെ ജനപ്രീതി കൂടിയെന്നാണ് നിങ്ങള്‍ കരുതിയതെങ്കില്‍ അതും തെറ്റാണ്. ലോകത്തിന് മുന്നില്‍ ഹീറോ ആണെങ്കിലും, സ്വന്തം നാട്ടിലെ പല സര്‍വേകളിലും നെതന്യാഹുവിന്റെ ജനപ്രീതിയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. രണ്ടാംലോക മഹായുദ്ധം ജയിച്ചിട്ടും അടുത്ത തിരഞ്ഞെടുപ്പില്‍ തോറ്റുപോയ ചര്‍ച്ചലിന്റെ വിധിയോണോ നെതന്യാഹുവിനെ കാത്തിരിക്കുന്നത്?
വീണ്ടും വിസ്മയമായി ട്രംപ്
ഈ വര്‍ഷത്തെ ശരിക്കുള്ള വിസ്മയം അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണാള്‍ഡ് ട്രംപ് തന്നെയാണ്. വീണ്ടും മത്സരിക്കാനായി ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍, അഭിപ്രായ സര്‍വേകളില്‍ ഏറ്റവും പിന്നിലായിരുന്നു, മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ള ഈ മുന്‍പ്രസഡന്റ്. പക്ഷേ ക്രമേണെ കാര്യങ്ങള്‍ മാറി. അനാരോഗ്യം ട്രംപിന് മുതല്‍ക്കൂട്ടാവുന്നുവെന്ന് ബൈഡനെ മാറ്റി കമലാ ഹാരിസ് ഇറങ്ങിയിട്ടും ട്രംപ് അടിച്ചുകയറി വന്നു. ഇലട്രല്‍ വോട്ടുകളിലും മുന്നിലെത്തി ശരിക്കും ആധികാരികമായിട്ടായിരുന്നു ആ വിജയം. അമേരിക്കന്‍ പ്രസിഡന്റ് എന്നാല്‍ ഫലത്തില്‍ ലോകത്തിന്റെ ക്യാപ്റ്റനാണ്. സ്ത്രീ ലമ്പടന്‍, നികുതിവെട്ടിപ്പുകാരന്‍, പരിസ്ഥിതി വിരുദ്ധന്‍, കുടിയേറ്റ വിരുദ്ധന്‍, മുസ്ലീം വിരുദ്ധന്‍ തുടങ്ങിയ നൂറായിരം ചാപ്പകള്‍ ഉണ്ടായിട്ടും, തലക്ക് മുകളില്‍ നിരവധി കേസുകള്‍ ഉണ്ടായിട്ടും, പുഷ്പംപോലെ അമേരിക്കയില്‍ ജയിച്ച് കയറിയ ട്രംപ് ശരിക്കുമൊരു പൊളിറ്റിക്കല്‍ വിസ്മയം തന്നെയാണ്.
2024- ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും ചര്‍ച്ചയായ വിഷയങ്ങളിലൊന്നാണ് കുടിയേറ്റം, സാമ്പത്തിക നയവും ദേശീയ സുരക്ഷയും എല്ലാം. ഇവിടെയാണ് അമേരിക്കയുടെ പ്രൈഡ് കാര്‍ഡ് ഉയര്‍ത്തി ട്രംപ് ഗോളടിച്ചത്. കടുത്ത മത്സരം തന്നെയായിരുന്നു ഇത്തവണയും നടന്നത്. പ്രചാരണ ചൂട് പിടിച്ചു നില്‍ക്കുമ്പോളാണ് പെന്‍സില്‍വേനിയയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ ഡൊണാള്‍ഡ് ട്രംപിന് വെടിയേക്കുന്നത്. അദ്ദേഹത്തിന്റെ വലതുചെവിക്കാണ് വെടിയേറ്റത്. ഇതൊരു ആസൂത്രിത നാടകമെന്നും വര്‍ത്തകളുണ്ടായി. പക്ഷേ, ട്രംപിനെ അതൊന്നും ബാധിച്ചില്ല. ക്രിമിനല്‍ കേസില്‍ കുറ്റക്കാരന്‍, സ്ത്രീകളെക്കുറിച്ചുള്ള അധിക്ഷേപ കരമായ പരാമര്‍ശങ്ങള്‍, നീലച്ചിത്ര നടിക്ക് പണം കൊടുത്തിട്ട് അത് കണക്കില്‍ തട്ടിക്കാന്‍ ശ്രമം ഇതെല്ലാം ട്രംപിനെതിരെ ഉയര്‍ന്ന കേസുകള്‍ ആയിരുന്നു. ട്രംപിന്റെ രാഷ്ട്രീയഭാവി അവസാനിച്ചുവെന്ന് വിശ്വസിച്ച ജനങ്ങളെയും റിപബ്ലിക്കന്‍ നേതാക്കളെയും ഞെട്ടിച്ച നിമിഷമായിരുന്നു ട്രംപിന്റെ അവിശ്വസനീയമായ വിജയം. തനിക്കെതിരെ ഉയര്‍ന്ന ഒരു ആരോപണങ്ങളും അദ്ദേഹത്തെ ബാധിച്ചില്ല.
നാക്കുകൊണ്ട് മാത്രമാണ് ട്രംപ് യുദ്ധം ചെയ്യുക. ഒരിക്കലും അദ്ദേഹം ആയുധം എടുക്കാറില്ല. ലോക പൊലീസ് കളിച്ച് അമേരിക്കയുടെ പണം വേസ്്റ്റാക്കരുത് എന്നാണ് ട്രംപിന്റെ നയം. ഇപ്പോഴിതാ ഡോളറിന്‍െ ശക്തിപ്പെടുത്താനും, മറ്റ് രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം ചുമത്തിയും, കടുത്ത വ്യാപാര യുദ്ധത്തിനാണ് ട്രംപ് ലക്ഷ്യമിടുന്നതും. രൂപക്കെതിരെയടക്കം ഡോളര്‍ കരുത്താര്‍ജ്ജിക്കയാണിപ്പോള്‍. അതുപോലെതന്നെ ആയിരിക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനും ട്രംപിന് പദ്ധതിയുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇതെല്ലാം തിരിച്ചടിയാവുമെന്നും ഭയമുണ്ട്.
അപകടകാരികളില്‍ ഒന്നാമന്‍ പുടിന്‍
ലോകത്ത് ഇന്ന് ലക്ഷണമൊത്ത ഒരു ഏകാധിപതിയുണ്ടെങ്കില്‍ അത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനാണ്. ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനായാണ് ഇദ്ദേഹത്തെ ന്യൂയോര്‍ക്ക് ടൈസ് വിശേഷിപ്പിക്കുന്നത്. ഒരു രാജ്യത്തിന്റെ പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കി ആജീവനാന്ത പ്രസിഡന്റായി അയാള്‍ മാറിക്കഴിഞ്ഞു. പുടിനെ എതിര്‍ക്കുന്നവര്‍ എല്ലാം റഷ്യയില്‍ കൊല്ലപ്പെടും. തനിക്ക് എത്ര കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്ന് പുടിന് തന്നെ അറിഞ്ഞുകൂടാ. ആരെയും കൊല്ലിക്കാന്‍ സ്വന്തമായി കൂലിപ്പടകൂടിയുണ്ട്. ഡൊണാള്‍ഡ് ട്രംപിനെപ്പോലെ തികഞ്ഞ സ്ത്രീലമ്പടനായിട്ടാണ് പുടിനും അറിയപ്പെടുന്നത്. ഈ ശത കോടീശ്വരന് റഷ്യക്ക് അകത്തും പറുത്തുമായി നിരവധി കാമുകിമാര്‍ ഉണ്ട്. ഇവരില്‍ പലരും പുടിന്‍ കൊള്ളയടിച്ചുണ്ടാക്കിയ സ്വത്തിന്റെ ബിനാമികളുമാണ്. പുടിന്‍ ബാലപീഡകന്‍ ആണെന്നുപോലും വിമര്‍ശനമുണ്ട്.
പുടിനെ വിമര്‍ശിക്കുന്നവര്‍ ഒക്കെ തന്നെ ദരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയാണ് ഉണ്ടായത്. 25ഓളം മാധ്യമ പ്രവര്‍ത്തകരാണ് ഇങ്ങനെ മരിച്ചത്. പലരും കെട്ടടത്തില്‍നിന്ന് വീണ് കൊല്ലപ്പെടുകയാണ്.സോവിയറ്റ് യൂണിയന്റെയും പിന്നീട് റഷ്യയുടെയും ചാരനായിരുന്ന അലക്സാണ്ടര്‍ ലിത്വിനെങ്കോ 2016-ല്‍ ലണ്ടനില്‍ കൊല്ലപ്പെട്ടപ്പോഴും വന്‍ വിവദം ഉണ്ടായിരുന്നു. അതിനുശേഷം പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പടെ ഒരുപാട് പേര്‍ റഷ്യയില്‍ കൊല്ലപ്പെട്ടു. അതുപോലെ ഒരുകാലത്ത് തന്റെ വലംകൈയായ വാഗ്നര്‍ സംഘത്തിറെ തലവന്‍, പ്രിഗോഷിനെയും തന്നോട് ഇടഞ്ഞപ്പോള്‍ പുടിന്‍ തീര്‍ത്തു. 2024-ല്‍ യുക്രൈന്‍ യുദ്ധത്തിന്റെ തിരക്കിലിടയിലും നിരവധിപേര്‍ കൊല്ലപ്പെട്ടു.
പുടിന്റെ ഈ സര്‍വാധിപത്യ മനോഭാവമാണ് യുക്രൈന്‍ യുദ്ധവും ഉണ്ടാക്കിയത്. എളുപ്പത്തില്‍ ജയിച്ചുകയറാം എന്ന് കരുതിയിടത്തുനിന്ന് യുക്രൈയിന്റെ ചെറുത്ത് നില്‍പ്പ് പുടിനെ അമ്പരിപ്പിച്ചു. പക്ഷേ ഇപ്പോള്‍ ഏറ്റവും ഒടുവിലായി റഷ്യയില്‍ കടന്ന് കയറി ഭീകരാക്രമണം നടത്തുന്ന, യുക്രൈന്റെ രീതി പുടിനെയും ഞെട്ടിച്ചിട്ടുണ്ട്. റഷ്യയുടെ ആണവ-ജൈവ-രാസായുധ സംരക്ഷണസേനാ തലവന്‍ ലഫ്. ജനറല്‍ ഇഗോര്‍ കിറിലോവിനെ സ്‌കൂട്ടര്‍ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുടെ രാസായുധപ്രയോഗവുമായി ബന്ധപ്പെട്ട് കിറിലോവിനുമേല്‍ യുക്രൈന്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതിനു പിറ്റേന്നാണ് സംഭവം.യുക്രൈന്‍ റഷ്യയില്‍വെച്ച് വധിക്കുന്ന ഏറ്റവും ഉന്നതനായ സൈനികോദ്യോഗസ്ഥനാണ് കിറിലോവ്. ഈ വധം യുക്രൈനുനേരേ കടുത്തപ്രയോഗത്തിനുമുതിരാന്‍ പുടിനെ പ്രേരിപ്പിക്കുമോ എന്ന ആശങ്കയിലാണ് പാശ്ചാത്യരാജ്യങ്ങള്‍.
പക്ഷേ ഇപ്പോള്‍ റഷ്യ കടുത്ത ആക്രമണം നടത്തി മുന്നേറുകയാണ്. കീവിന്റെ പതനം ആസന്നമാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. തന്റെ സുഹൃത്തായ ട്രംപ് അധികാരത്തില്‍ ഏറിയതോടെ പുടിന് കരുത്ത് വര്‍ധിക്കും എന്ന് കരുതുന്നവര്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷത്തെ താരമായി ടൈം മാഗസിന്‍ കവറാക്കിയ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിയുടെ വീഴ്ച ആസന്നമാണെന്നും റിപ്പോര്‍ട്ടുണ്ട്.
വലത്തോട്ട് നീങ്ങുന്ന യൂറോപ്പ്
ബ്രിട്ടന്‍ ഉള്‍പ്പെടുയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ വലത്തോട്ട് നീങ്ങുന്നത് കണ്ട കാലമായിരുന്നു കടന്നുപോവുന്നത്. 2024-ല്‍ ലെ ബ്രിട്ടീഷ് രാഷ്ട്രീയവും മാറിമറിഞ്ഞു. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണത്തെ അവസാനിപ്പിച്ച് കൊണ്ട് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നു. ഭരണ കാലാവധി പൂര്‍ത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 650 ല്‍ 412 സീറ്റുകളും ലേബര്‍ പാര്‍ട്ടി തൂത്തുവാരി. 121 സീറ്റുകളിലേക്കാണ് ലേബര്‍ പാര്‍ട്ടി അവരെ കൂപ്പ്കുത്തിച്ചത്. ബ്രെക്‌സിറ്റാനന്തര ബ്രിട്ടണില്‍ ടോറികളുടെ അധികാര നൈരന്തര്യത്തെയാണ് ലേബര്‍ പാര്‍ട്ടി നിലംപരിശാക്കിയത്. സര്‍ കെയര്‍ റൊഡ്‌നി സ്റ്റാമര്‍ ആണ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പ്രധാനമന്ത്രി കസേരയിലെത്തിയ ലേബര്‍ പാര്‍ട്ടി അധ്യക്ഷനും 2020 മുതല്‍ പ്രതിപക്ഷത്തെ നയിക്കുന്ന അഭിഭാഷകന്‍ കൂടിയായ രാഷ്ടീയ പോരാളിയാണ് സ്റ്റാമര്‍. സര്‍ക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
ഫ്രാന്‍സ്, ജര്‍മ്മനി, ഹംഗറി, നെതര്‍ലന്‍ഡ്സ്, ഗ്രീസ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒക്കെയും പൊതുവെ വലത്തോട്ട് നീങ്ങുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. കുടിയേറ്റ വിരുദ്ധതതും, ഇസ്ലാം ഭീതിയും ഇവിടെ നന്നായി വിറ്റുപോവുന്നുണ്ട്. ഇടതുപക്ഷം അധികാരത്തിലത്തിയ തിരഞ്ഞെടുപ്പാണ് ശ്രീലങ്കയില്‍ കഴിഞ്ഞുപോയത്. അനുര കുമാര ദിസനായകെ രാജ്യത്തിന്റെ പ്രസിഡന്റായി. ശ്രീലങ്കയിലെ ഇടതുപാര്‍ട്ടിയായ ജനത വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവറിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ദിസനായകെ. 225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റുകള്‍ നേടിയാണ് ഇടത് സഖ്യത്തിന്റെ ജയം.അധികാരത്തുടര്‍ച്ചയ്ക്കായ് മത്സരിച്ച റനില്‍ വിക്രമസിംഗെയും ഇടതുപാര്‍ടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുന്‍പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ മകന്‍ നമല്‍ രജപക്‌സെയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് ഇത്രയും ശക്തമായ മത്സരത്തെ അഭിമുഖീകരിച്ചത്. നേപ്പാളിന് ശേഷം ഇടതുപക്ഷം അധികാരത്തിലെത്തുന്ന ഇന്ത്യയുടെ അയല്‍രാജ്യം കൂടിയാണിത്.
തായ്‌ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി അധികാരത്തിലേറിയതും 2024ലാണ്. രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായി 37-കാരിയായ പോടോങ്ടാന്‍ ഷിനവത്രയൊണ് അധികാരമേറ്റത്. ജയില്‍ ശിക്ഷ അനുഭവിച്ച അഭിഭാഷകനെ മന്ത്രിയായി നിയമിച്ചതുവഴി ഭരണഘടനാ ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടി പ്രധാനമന്ത്രിയായിരുന്ന ഫ്യൂ തായ് പാര്‍ട്ടിയുടെ സ്രെത്ത തവിസിനെ കോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് പോടോങ്ടാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിയത്.
മെക്സിക്കോയില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് അധികാരത്തിലേറിയതും ചരിത്രമായി.ഷിഗെരു ഇഷിബ ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതും, പാക്കിസ്ഥാനില്‍ ഷഹബാസ് ഷരീഫ് അധികാരത്തിലേറിയതും, ഇമ്രാന്‍ ജയിലില്‍ തുടരുന്നതും, പാക്കിസ്ഥാനിലെ പോയ വര്‍ഷ സംഭവങ്ങളാണ്. സാമ്പത്തിക തകര്‍ച്ചയിലായ പാക്കിസ്ഥാനില്‍, ഇപ്പോള്‍ ഇമ്രാന്റെ മോചനത്തിനായും പ്രക്ഷോഭം നടക്കയാണ്.
ഹസീനയുടെയും, അസദിന്റെയും വന്‍ വീഴ്ച
ബംഗ്ലാദേശില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് 15 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി ഷൈഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നത് അമ്പരിപ്പിക്കുന്നതാണ്. സ്വാതന്ത്ര്യസമരസേനാനികളുടെയും വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്തുകൊണ്ടുള്ള ക്വാട്ട സമ്പ്രദായം ഹൈക്കോടതി പുനഃസ്ഥാപിച്ചതിനുപിന്നാലെ ജൂലൈ ഒന്നുമുതലാണ് ബംഗ്ലാദേശിന്റെ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ഈ സമ്പ്രദായം അന്യായമാണെന്നും മെറിറ്റ് അടിസ്ഥാനമാക്കിയാണ് തസ്തികകള്‍ നികത്തേണ്ടതെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഈ പ്രേക്ഷോഭത്തെ വിലകുറച്ച് കണ്ടതും അവരെ ബംഗ്ലാവിമോചനയുദ്ധകാലത്തെ റസാക്കര്‍മാര്‍ എന്ന നിന്ദ്യരായ അര്‍ധ സൈനികരോട് ഉപമിച്ചതും ഹസീനക്ക് വിനയായി. സമരം ശക്്തായതോടെ അവര്‍ക്ക് രാജ്യം വിട്ട് ഇന്ത്യയിലേക്ക് കടക്കേണ്ടിവന്നു.
അതോടെ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെയും അവസ്ഥ ദയനീയമായി. നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. അമ്പലങ്ങളും ഗുരുദ്വാരകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ഹരേകൃഷണ് പ്രസ്ഥാനത്തിന്റെ നേതാവ് അടക്കം ഇപ്പോള്‍ ജയിലിലാണ്. നൊബേല്‍ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ പിന്നാലെ അധികാരമേറ്റവെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലികവാദികളുടെ കൈയിലെ കളിപ്പാവയാണ് യൂനുസ് സര്‍ക്കാര്‍. വര്‍ഷ്യാന്ത്യം വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അഫ്ഗാനിസ്ഥാന്‍പോലെ ഒരു തീവ്രമതമൗലികവാദ രാജ്യമായി ബംഗ്ലാദേശ് മാറുമോ എന്നാണ് ആശങ്ക. ഇന്ത്യ പട്ടാളം ജീവന്‍ ചിന്തി രക്ഷിച്ചെടുത്ത ഒരു രാജ്യമിപ്പോള്‍ ഹിന്ദുക്കളെ വേട്ടയാടുകയാണ്!
അതുപോലെ തന്നെ ഒരു വന്‍ വീഴ്ചയുടെ കഥയാണ് സിറിയയില്‍ നിന്നും കേള്‍ക്കാന്‍ കഴിയുന്നത്. സിറിയയില്‍ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ മറിച്ചിട്ട് വിമത സേനകള്‍ അധികാരം പിടിക്കാന്‍ വേണ്ടി വന്നത് വെറും പത്തുദിവസമാണ്. 54 വര്‍ഷത്തോളമായി അസാദ് കുടുംബമാണ് സിറിയ ഭരിക്കുന്നത്. ബാഷര്‍ അല്‍ അസാദിന്റെ പിതാവ് ഹാഫെസ് അല്‍ അസാദായിരുന്നു 2000 വരെ സിറിയയുടെ ഭരണാധികാരി. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഭരണമേറ്റെടുത്ത ബാഷര്‍ അല്‍ അസാദ് തുടക്കത്തില്‍ പരിഷ്‌കരണ പദ്ധതികള്‍ പലതും നടപ്പാക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വൈകാതെ പിതാവിന്റെ ഏകാധിപത്യ ഭരണരീതി തന്നെ പിന്തുടരുകയായിരുന്നു.
്പിന്നീട് സ്വന്തം ജനതയുടെ മേല്‍ രാസായുധം ഉപയോഗിച്ച ക്രൂരനായി അസദ് മാറി. നിലവില്‍ ഇറാനോട് ചങ്ങാത്തം കാണിച്ചതാണ് അസദിന് വിനയായത്. അമേരിക്കയും ഇസ്രയേലുംവരെ വിമതരെ സഹായിച്ചത് ഈ ഭീഷണി മുന്നില്‍ കണ്ടാണ്. പക്ഷേ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണതുപോലുള്ള അതേ അവസ്ഥയാണ് സിറിയിലും. ബാഷര്‍ പുറത്തായതോടെ കടുത്ത മതതീവ്രവാദികളുടെ കൈയിലേക്കാണ് അധികാരം പോവുന്നത്. ഇസ്ലാമിക് തീവ്രവാദി സംഘമായ ഹയാത്ത് താഹിര്‍ അല്‍ ഷാം (എച്ച് ടി എസ്) ആണ് ഇനി അധികാരത്തില്‍ വരിക. ഇതോടെ സിറിയയും മറ്റൊരു അഫ്ഗാനാവുമോ എന്നാണ് അറിയേണ്ടത്.
ഖാംനയി എന്ന വില്ലന്‍
ഈ വര്‍ഷത്തെ രാഷ്ട്രീയ വില്ലനായി പാശ്ചാത്യ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്, ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖാംനയി എന്ന ഇസ്ലാമിക നേതാവിനെയാണ്. സൗദി അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഒന്നടങ്കം മാറുമ്പോള്‍, 85ാം വയസ്സിലും ലോകത്തെ വിറപ്പിക്കുന്ന കടല്‍ക്കിഴവനാണ് ഇന്ന് ലോകത്തില്‍ മതമൗലികവാദത്തിന് ശക്തമായ പിന്തുണ നല്‍കുന്നത്. ഹിജാബ് ധരിക്കാത്തിന് സ്ത്രീകളെ പൊലീസ് തല്ലിക്കൊല്ലുന്ന രീതിയില്‍ ഇറാന്‍ എന്ന രാജ്യത്തെ മാറ്റിയടുത്തത് ഇദ്ദേഹത്തിന്റെ കാര്‍ക്കശ്യമാണ്. സുന്നികളെ വെട്ടിച്ച്, ഷിയാ രാജ്യമായ ഇറാനെ ലോകത്തിന്റെ ഇസ്ലാമിക നേതൃത്വത്തിലേക്ക് ഉയര്‍ത്തുക എന്ന ഖാംനയിയുടെ ലക്ഷ്യം ഏതാണ്ട് വിജയിച്ച മട്ടാണ്. ഇന്ന് ഇസ്രായേലിനും അമേരിക്കക്കുമെതിരെ പൊരുതുന്ന ഏക ഇസ്ലാമിക ശക്തിയാണ് ഇറാന്‍. ഇറാനില്‍ പ്രസിഡന്റ് പരമോന്നത നേതാവാണ്, എല്ലാം. പ്രസിഡന്റ് അയാള്‍ക്ക് താഴെയാണ്. ആ പദവിവെച്ചയാണ് ആയത്തുള്ള അലി ഖാംനയി ഒരുകാലത്ത് സംസ്‌ക്കാര സമ്പന്നമായ ഒരു രാജ്യത്തെ, ആധുനിക താലിബാനാക്കി മാറ്റുന്നത്.
ഇസ്രയേലിന്റെ ആക്രണണം ഭയന്ന് ഒളിവില്‍പ്പോയി എന്ന കഥകളൊക്കെ പ്രചരിക്കുമ്പോള്‍ തന്നെയാണ്, മാസങ്ങള്‍ക്ക്മുമ്പ് ഖാംനയി പരസ്യമായി വെള്ളിയാഴ്ച പ്രസംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. അപൂര്‍വ പ്രഭാഷണത്തിനായി 1979-ലെ ഇസ്ലാമിക വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചരിത്രപ്രസിദ്ധമായ ഇമാം ഖമീനി മസ്ജിദാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ആയിരക്കണക്കിന് ഇറാനികളെ അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹം റഷ്യന്‍ നിര്‍മ്മിത റൈഫിള്‍ കൈയില്‍ പിടിച്ചിരുന്നു!
ഇതോടെ ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റില്‍ നമ്പര്‍ വണ്‍ ടാര്‍ജറ്റ് ആയി ഈ പേരും വന്നുചേര്‍ന്നിരിക്കയാണ്. ഹമാസ് തലവന്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രുളളക്കും വന്ന അതേഗതിയാണോ ഖാംനയിയെയും കാത്തിരിക്കുന്നത്. പക്ഷേ മരണത്തെ പേടിക്കുന്നവനല്ല ഖാംനയി. രക്തസാക്ഷികള്‍ക്കുള്ള സ്വര്‍ഗം എന്ന മതപ്രചോദിത കഥകളിലാണ്, അയാളുടെ ജീവിതം നിലനില്‍ക്കുന്നതുതന്നെ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ചോരയും മരണങ്ങളും കണ്ടുതന്നെയാണ് അയാള്‍ വളര്‍ന്നുവന്നിരിക്കുന്നത്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ നോട്ടപ്പുള്ളിയായതുകൊണ്ടുതന്നെ അപൂര്‍വമായാണ് ഖാംനയി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ 2020 ജനുവരിയിലാണ് അദ്ദേഹം ഇതിന് മുന്‍പ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.
ശരിക്കും പൊളിറ്റിക്കല്‍ ഇസ്ലാം ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വളര്‍ച്ചയാണ് ഖാംനെയിയുടെതേ്. ഒരു സാധാരണ മൗലവിയായി തുടങ്ങിയ അദ്ദേഹം, തോക്കെടുത്ത് ശത്രുവിനെതിരെ നേരിട്ട് പോരാടിയ യോദ്ധാവ് കൂടിയാണ്. പിടിപടിയായി വളര്‍ന്ന് അയാള്‍ ഇറാന്റെ പ്രസിഡന്‍ന്റും, പിന്നീട് പരമോന്നത നേതാവുമായി.പത്താംക്ലാസും ഗുസ്തിയുമായി വന്ന് മതരാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിച്ച ആളല്ല, ഖാംനയി. അദ്ദേഹം, ബഹുഭാഷാ വിദഗ്ദ്ധനും ഗ്രന്ഥകാരനുമാണ്. പേര്‍ഷ്യന്‍, ഇംഗ്ലീഷ്, അറബിക്ക്, ടര്‍ക്കിഷ്, ആദരി തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. ഇന്ത്യന്‍ കവിയായ അല്ലാമാ ഇഖ്ബാലിനെക്കുറിച്ചുള്ള 'ഇഖ്ബാല്‍: ഇസ്ലാമിക നവോത്ഥാനത്തിന്റെ കവിയും തത്ത്വചിന്തകനും' അടക്കം ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. കേരളത്തിലെ മതമൗലികവാദികള്‍ താലിബാനെ വിസ്മയം എന്ന് വിശേഷിപ്പിക്കുന്നത് കടമെടുക്കയാണെങ്കില്‍ ശരിക്കും വിസ്മയം തന്നെയാണ് ഖാംനയിയുടെ ജീവിതവും. പക്ഷേ ആധുനിക ലോകത്തിന് അയാള്‍ ഒരു തീരാബാധ്യതയാണ്.
വാല്‍ക്കഷ്ണം: പക്ഷേ സ്വതന്ത്ര്യത്തിന്റെയും മാനവികതയുടെയും അളുവുകോല്‍വെച്ച് നോക്കുകയാണെങ്കില്‍ ഈ വര്‍ഷത്തെ ലോക ഹീറോകള്‍ തെക്കന്‍ കൊറിയന്‍ ജനതയാണ്. ഉത്തര കൊറിയന്‍ മോഡലില്‍ പട്ടാള നിയമം പ്രഖ്യാപിച്ച് രാജ്യത്ത് ഏകാധിപത്യം നടപ്പാക്കാനുള്ള പ്രസിഡന്റിന്റെ ശ്രമത്തെ, സ്വന്തം പാര്‍ട്ടിക്കാര്‍വരെ ചേര്‍ന്നാണ പൊളിച്ചത്. കെ-പോപ്പിന്റെയും കെ- കള്‍ച്ചറിന്റെ ആസ്ഥാമായ കൊറിയ ഇനി കെ- രാഷ്ട്രീയത്തിന്റെ പേരിലും അറിയപ്പെടും. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെ കേരളത്തിലെ കെ രാഷ്ട്രീയം എത്ര ദയനീയമാണെന്ന് ഓര്‍ക്കുക!