400 പ്ലസ് ഉന്നം വച്ച് ഗോദായിലിറങ്ങി ക്ഷീണം തട്ടിയെങ്കിലും തുടര്‍ച്ചയായ മൂന്നാം വട്ടവും ഭരണം പിടിച്ച എന്‍ഡിഎ; വീറോടെ തുടങ്ങി ഒടുക്കം ഉലഞ്ഞ ഇന്ത്യ മുന്നണി; രാഹുല്‍ഗാന്ധിയുടെ തിരിച്ചുവരവ്; പാര്‍ലമെന്റിന്റെ പടി കയറി പ്രിയങ്ക; കെജ്രിവാളിന്റെ ജയില്‍ വാസം; അയോധ്യയിലെ പ്രാണപ്രതിഷ്ഠ; സംഭവബഹുലമായ ഒരുവര്‍ഷം കടന്നുപോകുമ്പോള്‍

സംഭവബഹുലമായ ഒരുവര്‍ഷം കടന്നുപോകുമ്പോള്‍

Update: 2024-12-10 13:39 GMT

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, കടുത്തമത്സരവും പുതിയ ഉദയങ്ങളും കണ്ട വര്‍ഷമായിരുന്നു 2024.പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ബിജെപിക്കെതിരെ മത്സരത്തിനറങ്ങിയപ്പോള്‍ സമീപകാലത്തെ ശക്തിയേറിയ രാഷ്ട്രീയ പോരാട്ടത്തിനാണ് ഇത്തവണ രാജ്യം സാക്ഷിയായത്. രാഹുല്‍ നേതൃത്വ രംഗത്ത് മികവ് കാട്ടിയപ്പോള്‍ വയനാട് ഉപതെരഞ്ഞെടുപ്പിലൂടെ റെക്കോഡ് ഭൂരിപക്ഷവുമായി പ്രിയങ്കയും ഔദ്യോഗികമായി ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി.

ജനസംഖ്യാ വളര്‍ച്ച, സാമ്പത്തിക പ്രതിസന്ധികള്‍, സാമൂഹിക പ്രശ്‌നങ്ങള്‍, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവ രാഷ്ട്രീയത്തിനൊപ്പം തന്നെ സജീവമായ ചര്‍ച്ചകളില്‍ നിറഞ്ഞു. ഒപ്പം ബിജെപിയുടെ തുടര്‍ച്ചയും കെജ്‌രിവാളിന്റെ അറസ്റ്റും ജയില്‍വാസവും ഒക്കെ കണ്ട വര്‍ഷം അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കും സാക്ഷിയായി. 2024 ലെ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവ വികാസങ്ങള്‍ പരിശോധിക്കാം

ലോകരാഷ്ട്രങ്ങള്‍ വരെ ഉറ്റുനോക്കിയ 18ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; മോദിയുടെ തുടര്‍ച്ചയും

ലോകരാഷ്ട്രങ്ങള്‍ വരെ ഉറ്റുനോക്കിയ ഒന്നായിരുന്നു 2024 ല്‍ നടന്ന പതിനെട്ടാം ലോക്സഭ തിരഞ്ഞെടുപ്പ്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ അഗര്‍ത്തല വരെയുമുള്ള ഇന്ത്യയിലെ കോടിക്കണക്കിന് വോട്ടര്‍മാര്‍ മുള്‍മുനയില്‍ നിന്ന തിരഞ്ഞെടുപ്പായിരുന്നു ഈ വര്‍ഷത്തേത്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 19-ന് ആയിരുന്നു ഒന്നാം ഘട്ടം. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പും പൂര്‍ത്തിയായി. കേരളത്തില്‍ ഏപ്രില്‍ 26 ന് ആണ് വിധിയെഴുത്ത് നടന്നത്. തുടര്‍ച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും കനത്ത മത്സരമായിരുന്നു ഇത്തവണ നേരിടേണ്ടി വന്നത്. 400 പ്ലസ് സീറ്റുകള്‍ ലഭിക്കും എന്ന അവകാശവാദവുമായി ഇറങ്ങിയ എന്‍ഡിഎക്ക് 300 സീറ്റ് പോലും തികയ്ക്കാനായില്ല.

തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലേറുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാല്‍ ബിജെപിക്കെതിരെ വിശാല ഐക്യം എന്ന ആശയത്തില്‍ രൂപീകരിക്കപ്പെട്ട ഇന്ത്യാ സഖ്യത്തിന്റെ ലേബലിലാണ് പ്രതിപക്ഷം അണിനിരന്നത്. എങ്കിലും കടുത്ത പോരാട്ടത്തിനൊടുവില്‍ 293 സീറ്റുകളോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലേറി. 400 സീറ്റുകള്‍ എന്ന ലക്ഷ്യത്തോടെ പ്രചാരണം തുടങ്ങി വച്ച ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ പോലും സാധിച്ചില്ല.

പതിനെട്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, ബിജെപി 240 സീറ്റുകള്‍ മാത്രമാണ് നേടിയത്. ലോക്സഭയിലെ ഒറ്റ ഭൂരിപക്ഷം നഷ്ടപ്പെട്ടു. എന്നിരുന്നാലും എന്‍ഡിഎ മൊത്തം 543 സീറ്റുകളില്‍ 293 നേടി. ഇന്ത്യ സഖ്യം പ്രതീക്ഷകളെ മറികടന്ന് 234 സീറ്റുകള്‍ നേടി, അതില്‍ 99 എണ്ണം കോണ്‍ഗ്രസിന്റേതാണ്.മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര ലോക്സഭാ അംഗം പാര്‍ട്ടിക്ക് പിന്തുണ നല്‍കിയതിന് ശേഷം അത് അതിന്റെ എണ്ണം 99ല്‍ നിന്നും 100 ല്‍ എത്തി. 10 വര്‍ഷത്തിന് ശേഷം ആദ്യമായി പാര്‍ട്ടിക്ക് ഔദ്യോഗിക പ്രതിപക്ഷ പദവി ലഭിച്ചെന്ന് പ്രത്യേകതയും ഉണ്ട്.




ഏഴ് സ്വതന്ത്രരും ചേരിചേരാ പാര്‍ട്ടികളില്‍ നിന്നുള്ള പത്ത് സ്ഥാനാര്‍ത്ഥികളും ലോക്സഭയിലേക്ക് സീറ്റുകള്‍ നേടിയിട്ടുണ്ട്. പക്ഷേ ഭരണത്തിലേറുന്നതിന് അതൊരു വെല്ലുവിളിയായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേറി. കര്‍ഷക സമരമാണ് ബിജെപിക്ക് തിരിച്ചടിയായതെന്നാണ് നിരീക്ഷണം. 2024 ജൂണ്‍ 9ന് നരേന്ദ്ര മോദി മൂന്നാം വട്ടവും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു.

വീറോടെ തുടങ്ങി ഒടുക്കം ഉലഞ്ഞ് ഇന്ത്യ മുന്നണി; രാഹുല്‍ഗാന്ധിയുടെ തിരിച്ചുവരവും

എന്‍ഡിഎയ്ക്കെതിരെ പോരാടാന്‍ വിശാലസഖ്യം എന്ന ആശയത്തില്‍ നിന്നുള്ള ഇന്ത്യ മുന്നണിയുടെ പിറവിക്കും ഈ വര്‍ഷം ദേശീയ രാഷ്ട്രീയം സാക്ഷിയായി. ഇന്ത്യ മുന്നണിയുടെ ചിറകിലേറി രാഹുല്‍ഗാന്ധി എന്ന നേതാവിന്റെ തിരിച്ചുവരവിനും രാജ്യം സാക്ഷ്യം വഹിച്ചു.ഭരണം നേടാന്‍ സാധിച്ചില്ലെങ്കിലും എല്ലാവരുടെയും കണക്കൂകൂട്ടലുകളെ അസ്ഥാനത്താക്കി ബിജെപിക്ക് ശക്തമായ മത്സരം സമ്മാനിക്കാന്‍ ഇന്ത്യ മുന്നണിക്ക് ആദ്യ ശ്രമത്തില്‍ തന്നെ സാധിച്ചു.

എല്ലാ പ്രതീക്ഷകളെയും ഞെട്ടിച്ച് 234 സീറ്റുകളാണ് ഇന്ത്യ സഖ്യം നേടിയത്. ഇതില്‍ 99 സീറ്റുകള്‍ കോണ്‍ഗ്രസ്സിന്റെ സംഭാവനയായിരുന്നു. കൂടാതെ ഒരേ ലക്ഷ്യം മുന്നോട്ട് വെക്കുന്ന വിവിധ മുന്നണികളെ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതില്‍ കോണ്‍ഗ്രസ്സ് വിജയിക്കുകയും ചെയ്തു. ഒപ്പം മുന്‍ കാലങ്ങളില്‍ ഏറ്റ തിരിച്ചടികളില്‍ നിന്ന് വിഭിന്നമായി ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലൂടെ രാഹുല്‍ഗാന്ധിക്ക് തിരിച്ചു വരവിന്റെ വര്‍ഷമായിരുന്നു 2024.ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ വിജയിച്ചത്.

2019ലെ തെരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ തിരിച്ചടിയില്‍ പതറി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം പോലും വേണ്ടെന്നു വച്ച രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃപദം ഏറ്റെടുത്ത് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായി.എന്നാല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ചില തിരിച്ചടികളും ഇന്ത്യ മുന്നണിക്ക് നേരിടേണ്ടി വന്നു. സഹകരിച്ച ചില നേതാക്കളുടെ പിന്മാറ്റമായിരുന്നു അതില്‍ പ്രധാനം. നിതീഷ് കുമാറായിരുന്നു അതില്‍ ഒരാള്‍. ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കേയാണ് നിതീഷ് കളം മാറ്റി ചവിട്ടിയത്. അധികം വൈകാതെ ബിജെപി പിന്തുണയോടെ വീണ്ടും അധികാരത്തിലേറി.

ഇന്ത്യ മുന്നണിയുമായുണ്ടായിരുന്ന ചില്ലറ അസ്വാരസ്യങ്ങളാണ് നിതീഷ് കുമാറിനെ കൂടു മാറാന്‍ പ്രേരിപ്പിച്ചത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായുള്ള ബന്ധം ഉലഞ്ഞതും സഖ്യത്തില്‍ നിന്ന് പിന്മാറുന്നതിന് കാരണമായി.അങ്ങനെ 2024 ജനുവരി 28ന് മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് മുന്നണി വിട്ട നിതീഷ് അതേ ദിവസം തന്നെ ഒന്‍പതാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറി. എന്നാല്‍ വര്‍ഷാന്ത്യമാകുമ്പോഴേക്കും മുന്നണിയില്‍ ചില ഉലച്ചിലുകള്‍ ഉണ്ടെന്ന തരത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നതില്‍ നിന്ന് ബി.ജെ.പിക്ക് തടയിടാന്‍ കഴിയാതിരുന്നതും, തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ക്ളച്ച് പിടിക്കാത്തതുമാണ് ഇന്ത്യ മുന്നണിയില്‍ അതൃപ്തി വര്‍ദ്ധിപ്പിക്കുന്നത്.




മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' മനോഭാവത്തിലെ അതൃപ്തി തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ, ആംആദ്മി പാര്‍ട്ടികള്‍ പരസ്യമാക്കിയിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സീറ്റ് പങ്കിടാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് മുന്നണിയുടെ ഉദ്യേശ്യ ശുദ്ധിയെ തുരങ്കം വയ്ക്കുന്നതാണെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. മുന്നണിക്കുള്ളില്‍ അര്‍ഹമായ ബഹുമാനവും പ്രാതിനിധ്യവും ലഭിക്കുന്നില്ലെന്ന് ദേശീയ കൗണ്‍സില്‍ പ്രമേയം പാസാക്കി.

രാഹുലിനെയും കടത്തിവെട്ടി വയനാട്ടില്‍ ഉദയം ചെയ്ത് പ്രിയങ്ക

തെരഞ്ഞെടുപ്പു ഗോദയിലേക്ക് ആദ്യമായി ഇറങ്ങിയ പ്രിയങ്ക വയനാടന്‍ ചുരം കയറി വിജയക്കൊടി പാറിച്ചതിനും 24 സാക്ഷിയായി.രാഹുലിന്റെ വിജയത്തെപ്പോലും നിഷ്പ്രഭമാക്കിയാണ് പ്രിയങ്കയുടെ വരവ്.വയനാടിന്റെ സ്നേഹസ്പര്‍ശം പ്രിയങ്കയ്ക്ക് നല്‍കിയത് 4,08,036 എന്ന സ്വപ്നഭൂരിപക്ഷം.2019ല്‍ വയനാട്ടില്‍ ആദ്യ മത്സരത്തില്‍ 4.31 ലക്ഷം വോട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം. 2014-ല്‍ ഭൂരിപക്ഷം 3.64 വോട്ടായി കുറഞ്ഞു.അഞ്ചുമാസത്തിനുശേഷം വീണ്ടുമെത്തിയ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിലെത്തിക്കാനായിരുന്നു യു.ഡി.എഫിന്റെ തന്ത്രങ്ങള്‍. ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറയാനുള്ള സാധ്യത മറികടക്കാനുള്ള തന്ത്രങ്ങളും ആവിഷ്‌കരിച്ചു.എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് തിരഞ്ഞെടുപ്പ് ദിനം കടന്ന് പോയത്. 1471742 വോട്ടര്‍മാരുള്ള വയനാട്ടില്‍ 952543 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.



ഭൂരിപക്ഷം കുറഞ്ഞത് കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസം തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു കണക്കുകൂട്ടല്‍ ശരിയാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം തെളിയിക്കുന്നു.ഉരുള്‍പ്പൊട്ടല്‍ ദുരിതത്തിന് പിന്നാലെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് എത്തിയത്.കിട്ടാത്ത കേന്ദ്രസഹായവും ഭൂമി ഏറ്റെടുക്കലില്‍ കുരുങ്ങിപ്പോയ പുനരധിവാസവും തൊഴില്‍ പ്രതിസന്ധിയുമായി പ്രതീക്ഷയറ്റു കഴിയുന്ന ജനങ്ങള്‍ക്ക് സാധ്യമായത് എല്ലാം ചെയ്യുമെന്നും ജനപ്രതിനിധിയായാല്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ വാഗ്ദാനങ്ങള്‍.ഈ പ്രതീക്ഷയാണ് വയനാടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമായതും.

ഇനി വയനാടിന്റെ എംപി പ്രിയങ്കയ്ക്ക് മുന്നില്‍ വെല്ലുവിളികളേറെയാണ്.വയനാടിന് ഇനി രണ്ട് എംപിമാരുടെ സേവനം ഉണ്ടാവും എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കൊണ്ട് മാത്രം മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയ്ക്ക് പിടിച്ച് നില്‍ക്കാനാവില്ല. വയനാടിന്റെ വികസന പ്രശ്നങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടില്ല എന്ന് പ്രചാരണവും പ്രിയങ്കയ്ക്ക് മറികടക്കേണ്ടതുണ്ട്. വയനാട്ടില്‍ സമയം ചെലവഴിച്ച് വയനാടിന്റെ വികസനത്തിന് വേണ്ടി പ്രിയങ്കയ്ക്ക് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് വിലയിരത്തലാകും ഒപ്പം പാര്‍ലമെന്റ് അംഗമായി എങ്ങനെ അവര്‍ക്ക് ശോഭിക്കാനാകും എന്നതും മണ്ഡലം ഉറ്റുനോക്കുന്നു.

മദ്യനയ അഴിമതിക്കേസും കെജരിവാളിന്റെ ജയില്‍വാസവും

ഈ വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഏറ്റവും അധികം ചര്‍ച്ചയായ വിഷയമാണ് ഡല്‍ഹി മുഖ്യമന്ത്രി കൂടിയായിരുന്ന അരവിന്ദ് കെജരിവാളിനെതിരെയുളള മദ്യനയ അഴിമതിക്കേസും അറസ്റ്റും തുടര്‍ന്നുള്ള ജയില്‍വാസവും.രാജ്യതലസ്ഥാനത്തെ ഭരണത്തെപ്പോലും വിറപ്പിച്ച സംഭവം വലിയചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. മദ്യനയ അഴിമതി കേസില്‍ ഇഡിയുടെ നടപടി നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ കേസില്‍ ഇഡി നടപടികളില്‍ നിന്ന് കെജ്രിവാളിന് സംരക്ഷണം നല്‍കാന്‍ കോടതി തയാറായിരുന്നില്ല.ഇതിനു പിന്നാലെയാണ് 202 മാര്‍ച്ച് 21ന് ഇഡിയുടെ പരിശോധനയും അറസ്റ്റും ഉണ്ടായത്. ഡല്‍ഹിയിലെ മദ്യവില്‍പ്പന സ്വകാര്യ കമ്പനികള്‍ക്കു നല്‍കാനുള്ള 2021ലെ മദ്യനയമാണ് എഎപിക്കു കുരുക്കായത്.




ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ ലെഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റ വി.കെ. സക്സേന അന്വേഷണത്തിന് ഉത്തരവിട്ടു.ക്രമക്കേടുണ്ടെന്നായിരുന്നു സിബിഐയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ മദ്യനയം പിന്‍വലിച്ചെങ്കിലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.ഇഡിയുടെ കുറ്റപത്രത്തില്‍ നിരവധി തവണ കെജ്രിവാളിനെക്കുറിച്ചു പരാമര്‍ശമുണ്ട്.മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാളിനെതിരേ 9 തവണ ഇഡി സമന്‍സ് പുറപ്പെടുവിച്ചിരുന്നെങ്കിലും കെജ്രിവാള്‍ ഹാജരായിരുന്നില്ല.കുറ്റാരോപിതരും കെജ്രിവാളും പരസ്പരം ചര്‍ച്ച ചെയ്താണ് മദ്യനയം തയാറാക്കിയതെന്നാണു പ്രധാന ആരോപണം.ഡല്‍ഹി ജലബോര്‍ഡിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസിലും ഇഡി അന്വേഷണം നേരിടുന്നുണ്ട് കെജ്രിവാള്‍.

പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രചാരണത്തിനായി സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. 2024 മേയ് 10 മുതല്‍ ജൂണ്‍ 1 വരെയായിരുന്നു ജാമ്യം.ഡല്‍ഹി വിചാരണക്കോടി ജൂണ്‍ 20ന് വീണ്ടും ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതി സ്റ്റേ ചെയ്തു. പി്നനീട് ജൂലൈ 12ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ കെജ്രിവാളിന് ജയില്‍ മോചിതനാകാന്‍ സാധിച്ചില്ല. ഒടുവില്‍ 5 മാസം നീണ്ടു നിന്ന ജയില്‍വാസത്തിനു ശേഷം സെപ്റ്റംബര്‍ 13നാണ് കെജ്രിവാള്‍ വിമോചിതനായത്.സെപ്റ്റംബര്‍ 17ന് കെജ്രിവാള്‍ രാജിവച്ചു.തൊട്ടുപിന്നാലെ അതിഷി മര്‍ലേന സെപ്റ്റംബര്‍ 21ന് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു.

തിരിച്ചടിയുടെ കഥ പറഞ്ഞ് ശരദ് പവാറും; നഷ്ടമായത് ചിഹ്നവും പാര്‍ട്ടിയും

കെജരിവാളിന്റെത് പോലെ തിരിച്ചടികളുടെ കഥ വേറെയുമുണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഈ വര്‍ഷം പറയാന്‍.അതില്‍ പ്രധാനം എന്‍ സി പി സ്ഥാപകന്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനേറ്റ തിരിച്ചടിയാണ് എന്‍സിപിയിലെ അജിത് പവാര്‍ വിഭാഗത്തെ യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ ചിഹ്നവും പാര്‍ട്ടിയുടം പേരും വരെ ശരദ് പവാറിന് നഷ്ടപ്പെട്ടു.6 മാസത്തിലേറെ നീണ്ടു നിന്ന 10 ലധികം ഹിയറിംഗുകള്‍ക്ക് ശേഷമാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അനുകൂലമായി വിധി പുറത്തു വന്നത്.

നിയമസഭയില്‍ അജിത് പവാറിന് എംഎല്‍എമാരില്‍ കൂടുതല്‍ അംഗത്വം ഉള്ളതിനാല്‍ പാര്‍ട്ടിയും പാര്‍ട്ടിയുടെ ക്ലോക്ക് ചിഹ്നം അജിത് പവാറിന്റെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുകയായിരുന്നു.പിന്നീട് നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും അജിത് പവാര്‍ നേട്ടം കൊയ്തു.



രാഷ്ട്രീയത്തില്‍ 2024 ലെ പ്രത്യക്ഷ സംഭവങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നേരിട്ടല്ലാതെയും ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തിയ മറ്റു ചില നീക്കങ്ങള്‍ക്കും ഈ വര്‍ഷം സാക്ഷിയായി.അതില്‍ എടുത്തു പറയേണ്ട രണ്ട് കാര്യങ്ങള്‍ അയോധ്യയിലെ പ്രാണപ്രതിഷ്ഠയും പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതുമാണ്.

അയോധ്യയിലെ രാമക്ഷേത്രവും പ്രാണപ്രതിഷ്ഠയും

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളെ സ്വാധീനിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഈ വര്‍ഷം ആദ്യം ജനുവരി 22 നാണ് നടന്നത്.ജനുവരി 22ന് കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ നേതൃത്വത്തില്‍ 121 ആചാര്യന്മാരാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിച്ചത്.ഒരുകൂട്ടം പുരോഹിതരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിന്റെ ഭാഗമായി.വേദപണ്ഡിതന്‍ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡാണ് ചടങ്ങുകളുടെ ഏകോപനം.


ജനുവരി 23 മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിച്ചത്.പരമ്പരാഗത നാഗര ശൈലിയിലാണ് രാമക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. കിഴക്കേ ഇന്ത്യ മുതല്‍ പടിഞ്ഞാറേ ഇന്ത്യവരെയുള്ള സ്ഥലങ്ങളില്‍ ബംഗാള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ക്ഷേത്രം നിര്‍മിക്കുന്ന രീതിയാണ് നാഗര ശൈലി. അഞ്ചാം നൂറ്റാണ്ടില്‍ ഉണ്ടായ വാസ്തുവിദ്യാശൈലിയാണിത്.380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമാണ് രാമമന്ദിരത്തിന് ഉള്ളത്.

392 തൂണുകളുള്ള ക്ഷേത്രത്തില്‍ 44 വാതിലുകളുമുണ്ട്.ക്ഷേത്രത്തിന്റെ തൂണുകളും ചുവരുകളും ഹിന്ദു ദൈവങ്ങളുടെയും ചിഹ്നങ്ങളുടെയും കൊത്തുപണികളാല്‍ സമൃദ്ധമാണ്.ക്ഷേത്രത്തിന്റെ താഴത്തെ നിലയിലെ പ്രധാന ശ്രീകോവിലില്‍ ആണ് രാം ലല്ല അഥവാ കുട്ടിയായ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചിട്ടുള്ളത്.

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നത് മാര്‍ച്ചില്‍

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പൗരത്വ ഭേദഗതി നിയമവും കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം മാര്‍ച്ച് 11ന് നടപ്പിലാക്കി.മൂന്നു രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പൗരത്വം നല്‍കുക. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിമുകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.അതിനു ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തിനിടെ നൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.




ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പേ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നു.നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി.


Tags:    

Similar News