തെരഞ്ഞെടുപ്പാകുമ്പോൾ അവർ റെയ്ഡ് നടത്തും; അത് കഴിഞ്ഞാൽ പിന്നെ കാണില്ല; ഒരു ഏജന്റിനെ പോലെ പെരുമാറും; ഇഡിക്കെതിരെ തുറന്നടിച്ച് സന്ദീപ് ദീക്ഷിത്
ഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ആരോപിച്ചു. കൊൽക്കത്തയിലെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പാക്) ഓഫീസിൽ ഇഡി നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ദീക്ഷിത് കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇഡി അപ്രത്യക്ഷരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടുള്ള റെയ്ഡുകൾ രാജ്യവ്യാപകമായി കനത്ത പ്രതിഷേധത്തിന് ഇടയാക്കുന്നതിനിടെയാണ് ദീക്ഷിതിന്റെ പ്രതികരണം. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഇഡിയുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ബിജെപിക്ക് എന്ത് ബാധ്യതയാണുള്ളതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
ഐ-പാക് ഓഫീസിൽ നിന്ന് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഫയലുകളാണ് ഇഡി കണ്ടുകെട്ടിയതെന്ന് സന്ദീപ് ദീക്ഷിത് ആരോപിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കൈമാറിയ രേഖകളായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് പാർട്ടികൾ തങ്ങൾക്ക് മുകളിൽ കയറിപ്പോകുമോയെന്ന ഭയമാണ് ബിജെപിക്ക് ഇത്തരം നീക്കങ്ങൾ നടത്താൻ പ്രേരണയാകുന്നതെന്നും, ഇഡിയെ ഉപയോഗിച്ച് മറ്റ് പാർട്ടികളുടെ തന്ത്രങ്ങൾ മനസ്സിലാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ദീക്ഷിത് പറഞ്ഞു.
"തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മാത്രമേ രഹസ്യങ്ങൾ മറനീക്കി പുറത്തുകൊണ്ടുവരാൻ ഇഡിക്ക് ത്വരയേറുകയുള്ളൂ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എത്രയെത്ര സംസ്ഥാനങ്ങളിലാണ് അവർ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ അവർ അപ്രത്യക്ഷരാകും. പിന്നെ കേസും കൂട്ടവും ഉണ്ടാകില്ല," ദീക്ഷിത് കൂട്ടിച്ചേർത്തു.