ഒരു കാര്യം വളരെ ശരിയാണ്; ഡിഎംകെ വിവേചനം കാണിക്കാറില്ല; അവർ സമ്പന്നരെയും ദരിദ്രരെയും ഒരുപോലെ കൊള്ളയടിക്കുന്നു; അറിവില്ലായ്മയാണ് പറഞ്ഞിട്ട് കാര്യമില്ല; തുറന്നടിച്ച് അണ്ണാമലൈ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അതിരൂക്ഷമായി വിമർശിച്ച് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണമലൈ രംഗത്ത്. മുഖ്യമന്ത്രിയുടെ കുടുംബം നിരവധി സ്വകാര്യ സ്‌കൂളുകൾ നടത്തുന്നുണ്ടെന്ന് ഇപ്പോൾ രാജ്യം മുഴുവൻ അറിയാമെന്നും ആ സ്കൂളുകളിലെ വിദ്യാർത്ഥികൾ മൂന്ന് ഭാഷ പഠിക്കുന്നുണ്ടെന്നും അണ്ണാമലൈ പറയുന്നു. പക്ഷെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ പഠിക്കുന്നതിൽ താങ്കൾക്ക് എതിർപ്പുണ്ട് എന്നും അണ്ണാമലൈ വിമർശിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ...
‘എം കെ സ്റ്റാലിൻ, നമ്മുടെ ഭരണഘടനയുടെയും ഫെഡറൽ ഘടനയുടെയും സംരക്ഷകനായി വേഷംമാറിയ ഒരു തട്ടിപ്പുകാരനാണ് താങ്കൾ. സാധാരണയായി കൊള്ളക്കാർ സമ്പന്നരെ കൊള്ളയടിക്കും, എന്നാൽ ഡിഎംകെ ഈ കാര്യത്തിൽ വിവേചനം കാണിക്കുന്നില്ല, അവർ സമ്പന്നരെയും ദരിദ്രരെയും ഒരുപോലെ കൊള്ളയടിക്കുന്നു. തന്റെ പാർട്ടിക്കാർ അവിടെയും ഇവിടെയും നടത്തുന്ന നാടകം മുഴുവൻ തമിഴ്‌നാടിന്റെയും ശബ്ദത്തെ പ്രതിനിധീകരിക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കരുതുന്നു .
അപ്രധാനമായ കാര്യങ്ങളിലേയ്‌ക്ക് ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ പൊളിഞ്ഞുവെന്ന് നിങ്ങൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ല എന്നത് നിർഭാഗ്യകരമാണ്. നിങ്ങൾ നിങ്ങളുടെ ഈ അറിവില്ലായ്മയുടെ ലോകത്ത് ജീവിക്കുക. ഞങ്ങൾ നിങ്ങളെ ശല്യപ്പെടുത്തുകയില്ല.’ അണ്ണാമലൈ വ്യക്തമാക്കി.