ജമ്മു കശ്മീരില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയവുമായി ബിജെപി; സത്പോള്‍ ശര്‍മ വിജയിച്ചത് 32 വോട്ടുകള്‍ നേടി; ആ നാല് വോട്ടുകള്‍ എവിടെനിന്ന് ലഭിച്ചു? ചോദ്യം ഉയര്‍ത്തി ഒമര്‍ അബ്ദുള്ള

ജമ്മു കശ്മീരില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയവുമായി ബിജെപി

Update: 2025-10-25 14:51 GMT

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നാല് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിനും ബിജെപിക്കും വിജയം. മൂന്ന് സീറ്റുകളില്‍ നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചപ്പോള്‍. ജയിക്കാനുള്ള കൃത്യമായ

അംഗ സംഖ്യ ഇല്ലാതിരുന്നിട്ടും ഒരു സീറ്റില്‍ ബിജെപി നാടകീയ വിജയം സ്വന്തമാക്കി. സത്പോള്‍ ശര്‍മയാണ് 32 വോട്ടുകള്‍ നേടി വിജയിച്ചത്. ജമ്മു കശ്മീരില്‍ 28 എംഎല്‍എമാര്‍ മാത്രമാണ് ബിജെപിക്കുള്ളത്.

മുതിര്‍ന്ന മൂന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളാണ് രാജ്യസഭ സീറ്റുകളില്‍ വിജയിച്ചത്. മുന്‍ മന്ത്രിമാരായ ചൗധരി മുഹമ്മദ് റംസാന്‍, സജ്ജാദ് അഹമ്മദ് കിച്ച്‌ലൂ, പാര്‍ട്ടി ഖജാന്‍ജി ഗുര്‍വീന്ദര്‍ സിങ് ഒബ്‌റോയ് എന്നിവരാണ് വിജയിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സത് പോള്‍ ശര്‍മ്മയാണ് നാലാമത് സീറ്റില്‍ വിജയിച്ചത്.

ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരേ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. ജെകെഎന്‍സിയുടെ നിയമസഭാ അംഗങ്ങളായ നാലു പേരും പാര്‍ട്ടി മാറി വോട്ട് ചെയ്തിട്ടില്ലെന്നും ഈ സ്ഥിതിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സത് പോള്‍ ശര്‍മ്മയ്ക്ക് അധികമായി നാല് വോട്ടുകള്‍ എവിടെ എവിടെ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.

'നാല് തെരഞ്ഞെടുപ്പിലും ജെകെഎന്‍സി വോട്ടുകളെല്ലാം കേടുകൂടാതെയിരുന്നു. ഞങ്ങളുടെ എംഎല്‍എമാരില്‍ ഒരാള്‍ പോലും പാര്‍ട്ടി മാറി വോട്ട് ചെയ്തിട്ടില്ല. അതിനാല്‍ ബിജെപിയ്ക്ക് ലഭിച്ച നാല് അധിക വോട്ടുകള്‍ എവിടെ നിന്ന് വന്നു?' സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഒമര്‍ അബ്ദുള്ള ചോദിച്ചു.

'വോട്ടു ചെയ്യുമ്പോള്‍ തെറ്റായ മുന്‍ഗണനാ നമ്പര്‍ അടയാളപ്പെടുത്തി മനഃപൂര്‍വം വോട്ടുകള്‍ അസാധുവാക്കിയ എംഎല്‍എമാര്‍ ആരായിരുന്നു. ഞങ്ങള്‍ക്ക് വോട്ട് വാഗ്ദാനം ചെയ്ത ശേഷം കൈകള്‍ ഉയര്‍ത്തി ബിജെപിയെ സഹായിക്കാന്‍ തയ്യാറാകുന്നതിന് അവര്‍ക്ക് ധൈര്യമുണ്ടോ? എന്ത് സമ്മര്‍ദവും പ്രേരണയുമാണ് അവരെ ഈ തീരുമാനമെടുക്കാന്‍ സഹായിച്ചത്? ബിജെപിയുടെ രഹസ്യ സംഘത്തില്‍ ആരെങ്കിലും തങ്ങളുടെ ആത്മാവിനെ വില്‍ക്കാന്‍ തയ്യാറായോ എന്ന് കാത്തിരുന്ന് കാണാം,' ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News