'ലഡാക്കിൽ സമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു, കടമ നിർവഹിക്കാനുള്ള കഴിവില്ല'; ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: ലഡാക്കിൽ സമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് പങ്കുവെച്ച ഒരു വീഡിയോയെ ഉദ്ധരിച്ചാണ് സ്വാമിയുടെ പരാമർശം. ലഡാക്കിൽ സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള പ്രത്യേക അവകാശങ്ങളും ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളെക്കുറിച്ചാണ് സ്വാമിയുടെ പ്രതികരണം.
ലേ നഗരത്തിൽ 'ലേ അപെക്സ് ബോഡി' (എൽ.എ.ബി) ആഹ്വാനം ചെയ്ത ബന്ദിനിടെയുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് പൊലീസ് വെടിവെപ്പിലാണ് മരണങ്ങൾ സംഭവിച്ചത്. പ്രതിഷേധക്കാർ ബി.ജെ.പി ഓഫീസിന് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരത്തിനിടയിലാണ് ഈ സംഘർഷങ്ങൾ ഉടലെടുത്തത്. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു. ലഡാക്ക് പ്രതിനിധികൾ കേന്ദ്ര സർക്കാരുമായി ഒക്ടോബർ 6-ന് ചർച്ച നടത്താനിരിക്കെയാണ് ലാത്തിച്ചാർജും വെടിവെപ്പുമുണ്ടായത്.
Amit Shah must resign because he failed to maintain peace in Ladakh if not lacked ability to do good duty https://t.co/DBCNQDtCO0
— Subramanian Swamy (@Swamy39) September 25, 2025
നേരത്തെയും സുബ്രഹ്മണ്യൻ സ്വാമി അമിത് ഷായെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. അമിത് ഷാ ആളുകളെ കൊന്നിട്ടുണ്ടെന്ന് ബി.ജെ.പിയിലെ അംഗങ്ങൾ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ പരാമർശം. കൊലപാതക കേസിലെ പ്രതിയെ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് മുന്നിൽ മറ്റ് വഴികളില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വഭാവത്തിൽ മാറ്റം വന്നതായും, അരുൺ ജെയ്റ്റ്ലി മോദിയുടെ മാനേജറെ പോലെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.