'ബി.ജെ.പിക്ക് മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കണം, കളിക്കുന്നത് വിഭജന രാഷ്ട്രീയം'; പിന്നാക്ക വിഭാഗക്കാരൻ ഉപമുഖ്യമന്ത്രി ആകുന്നതിലും അവർക്ക് പ്രശ്നം; പുരോഗതി തടയാൻ ശ്രമിക്കുന്നവരെ തോൽപ്പിക്കുമെന്നും മുകേഷ് സഹനി

Update: 2025-10-29 09:18 GMT

പട്ന: മുസ്ലീങ്ങളെ രാജ്യത്തിൽ നിന്ന് പുറത്താക്കാനാണ് ബി.ജെ.പിക്ക് താൽപര്യമെന്നും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാൾ ഉപമുഖ്യമന്ത്രിയാകുന്നത് അവർക്ക് വലിയ പ്രശ്നമാണെന്നും വികാസ്ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) അധ്യക്ഷൻ മുകേഷ് സഹനി. ബിഹാറിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായ സഹനി, ബി.ജെ.പി വിഭജന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ആരോപിച്ചു.

'ബി.ജെ.പിക്ക് മുസ്ലീങ്ങളെ ഇന്ത്യയിൽനിന്ന് പുറത്താക്കണം. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാൾ ഉപമുഖ്യമന്ത്രിയാകുന്നത് അവർക്ക് വലിയ പ്രശ്നമാണ്. ഭിന്നിപ്പിച്ച് ഭരിക്കുന്ന നയമാണ് അവരുടേത്. സഹോദരങ്ങൾ തമ്മിലടിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ബിഹാറിലുള്ള നമ്മുടെ മുസ്‌ലിം സഹോദരങ്ങൾ വിഡ്ഡികളല്ല. രാജ്യത്തെ സാഹോദര്യം ഇല്ലാതാക്കാനും ബിഹാറിന്‍റെ പുരോഗതി തടയാനും ശ്രമിക്കുന്നവരെ തോൽപ്പിക്കാനാണ് നമ്മൾ ഒന്നിച്ചത്,' ദേശീയ മാധ്യമത്തോട് പ്രതികരിക്കവെ സഹനി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കേ, തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കുന്ന മഹാസഖ്യം 'ബിഹാർ കാ തേജസ്വി പ്രാൺ' എന്ന പേരിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവതരിപ്പിച്ചു. എന്നാൽ, പ്രകടന പത്രികയെ ഒരുകൂട്ടം നുണകളെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി രംഗത്തെത്തി. ആർ.ജെ.ഡി അഴിമതിയുടെ പാഠശാലയാണെന്നും ജോലിക്ക് ഭൂമി ഉൾപ്പെടെ വൻ അഴിമതി ആരോപണങ്ങൾ നേരിടുന്ന പാർട്ടിയാണെന്നും ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ് ആരോപിച്ചു.

Tags:    

Similar News