മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ട് മുൻപ് സർക്കാർ ജീവനക്കാർക്ക് ദീപാവലി ബോണസുമായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ; സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപയും കൈമാറും
മുംബൈ: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ട് മുൻപ് ദീപാവലി ബോണസുമായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താഴെത്തട്ടിലുള്ള ജീവനക്കാർ, കിൻ്റർഗാർട്ടൻ അധ്യാപകർ, ആശാ പ്രവർത്തകർ എന്നിവർക്കാണ് മഹാരാഷ്ട്ര സർക്കാർ ബോണസ് പ്രഖ്യാപിച്ചത്. നവംബർ 20 ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് പ്രഖ്യാപനമെത്തിയത്.
ബൃഹാൻ മുംബൈ കോർപ്പറേഷനിലെ മുഴുവൻ ജീവനക്കാർക്കും 28,000 രൂപയായിരിക്കും ദീപാവലി ബോണസായി ലഭിക്കുക. കഴിഞ്ഞ വർഷം നൽകിയതിനേക്കാൾ 3000 രൂപ കൂടുതലാണിത്. ലഡ്‌കി ബഹിൻ യോജന പദ്ധതി പ്രകാരം യോഗ്യരായ സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നാലാമത്തെയും അഞ്ചാമത്തെയും തവണകൾ ഉൾപ്പെടെ 3,000 രൂപ ക്രെഡിറ്റ് ചെയ്യുമെന്നും സർക്കാർ അറിയിച്ചു. ദീപാവലി ബോണസായി ഈ തവണകൾ നേരത്തെ നൽകും. ഈ പദ്ധതി പ്രകാരം 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള സ്ത്രീകൾക്ക് പ്രതിമാസ സഹായമായി 1500 രൂപ ലഭിക്കും.
സ്ത്രീകളെയും വയോജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഈ വർഷം എട്ട് പ്രധാന ക്ഷേമപദ്ധതികളാണ് ഏകനാഥ് ഷിൻഡെ സർക്കാർ അവതരിപ്പിച്ചത്. കൂടാതെ മുംബൈയിൽ പ്രവേശിക്കുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഇനി ടോൾ നൽകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്ര നിയമസഭയിലേക്ക് നവംബർ 20ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. 288 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. ജാർഖണ്ഡിൽ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബർ 13നും രണ്ടാം ഘട്ടം 20നും നടക്കും. 23നാണ് വോട്ടെണ്ണൽ. 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്.