ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി അപ്രതീക്ഷിതം; ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ തെരഞ്ഞെടുപ്പ് കമീഷനെ ധരിപ്പിക്കും; നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി അപ്രതീക്ഷിതം

Update: 2024-10-09 08:52 GMT

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ അമ്പരപ്പിലാണ് കോണ്‍ഗ്രസ്. തോല്‍വിയില്‍ ഇവിഎമ്മിനെ കുറ്റം പറഞ്ഞാണ് ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത്. ഇപ്പോഴിതാ തോല്‍വിയില്‍ പ്രതികരിച്ചു രാഹുല്‍ ഗാന്ധി രംഗത്തുവന്നു. പാര്‍ട്ടിക്കേറ്റ അപ്രതീക്ഷിതമാണെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ തെരഞ്ഞെടുപ്പ് കമീഷനെ ധരിപ്പിക്കുമെന്ന് രാഹുല്‍ പറഞ്ഞു.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കരുത്തുകാണിച്ച കോണ്‍ഗ്രസിനെ രാഷ്ട്രീയ ഗോദയില്‍ അവിശ്വസനീയമായി മലര്‍ത്തിയടിച്ചാണ് ബി.ജെ.പി ഹരിയാനയില്‍ ഹാട്രിക് ജയം നേടിയത്. ആദ്യഫല സൂചനകളില്‍ മതിമറന്ന് ആഹ്ലാദിച്ച് മധുരം വിതരണം ചെയ്ത കോണ്‍ഗ്രസിന് കിട്ടിയത് 37 സീറ്റുകളാണ്. ബി.ജെ.പി 48 സീറ്റുകളുമായി വീണ്ടും അധികാരം ഉറപ്പിച്ചു. പിന്നാലെ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.

'ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി -സംസ്ഥാനത്തെ ഇന്‍ഡ്യ മുന്നണിയുടെ വിജയം ഭരണഘടനയുടെ വിജയമാണ്, ജനാധിപത്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും വിജയം. ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടി പരിശോധിച്ചുവരികയാണ്. വിവിധ നിയമസഭ മണ്ഡലങ്ങളില്‍നിന്നുള്ള പരാതികള്‍ തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കും. പിന്തുണച്ച ഹരിയാനയിലെ ജനത്തിനും അശ്രാന്ത പരിശ്രമം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അവകാശങ്ങള്‍ക്കും നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഈ പോരാട്ടം ഞങ്ങള്‍ തുടരും, ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കും' -രാഹുല്‍ എക്‌സില്‍ കുറിച്ചു.

ജമ്മു-കശ്മീരില്‍ നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍.സി)-കോണ്‍ഗ്രസ് സഖ്യം 49 സീറ്റുകള്‍ നേടിയാണ് അധികാരം ഉറപ്പിച്ചത്. നാഷനല്‍ കോണ്‍ഫറന്‍സ് 42 സീറ്റുകളും സഖ്യകക്ഷിയായ കോണ്‍ഗ്രസ് ആറ് സീറ്റും നേടി. സഖ്യത്തിന്റെ ഭാഗമായ സി.പി.എം ഒരിടത്തും ജയിച്ചു. ജമ്മുവില്‍ ബി.ജെ.പിക്ക് 29 സീറ്റുണ്ട്. മുന്‍ ഭരണകക്ഷിയായ പി.ഡി.പി മൂന്ന് സീറ്റിലൊതുങ്ങി.

ഹരിയാനയില്‍ വോട്ടുയന്ത്രത്തില്‍ അട്ടിമറിയുണ്ടെന്നും കോണ്‍ഗ്രസിനെ തോല്‍പിച്ചതാണെന്നും വിധി അംഗീകരിക്കില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞിരുന്നു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Tags:    

Similar News