ഭായ്..ഭായ് എന്ന് വിളിച്ച് വരവേൽക്കുന്നവർ; എല്ലാവരെയും അഭിവാദ്യം ചെയ്ത് പോകുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയ വെള്ള കാർ; സൺറൂഫിൽ നിന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ മകന് സംഭവിച്ചത്

Update: 2026-01-06 03:18 GMT

ഭോപ്പാൽ: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മകൻ മഹാ ആര്യമാൻ സിന്ധ്യയ്ക്ക് മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ പര്യടനം നടത്തുന്നതിനിടെ വാഹനാപകടത്തിൽ പരിക്ക്. തിങ്കളാഴ്ച പിച്ചോർ നിയമസഭാ മണ്ഡലത്തിലൂടെ യാത്ര ചെയ്യവേ, ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ നെഞ്ച് സൺറൂഫിൽ ശക്തമായി ഇടിക്കുകയായിരുന്നു.

തുടക്കത്തിൽ കാര്യമായ അസ്വസ്ഥതകൾ ഇല്ലായിരുന്നെങ്കിലും പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ശിവപുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസിജി, എക്സ്-റേ പരിശോധനകൾക്ക് വിധേയനാക്കിയ അദ്ദേഹത്തിന് പേശികൾക്കാണ് പരിക്കേറ്റതെന്നും ആന്തരിക പരിക്കുകളില്ലെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. വേദന സംഹാരികളും നെഞ്ചിന് താങ്ങായി പ്രത്യേക ബെൽറ്റും ധരിക്കാൻ നിർദ്ദേശിച്ച ശേഷം 40 മിനിറ്റ് നിരീക്ഷണത്തിൽ കഴിഞ്ഞ മഹാ ആര്യമാൻ സിന്ധ്യ വിശ്രമത്തിനായി ടൂറിസ്റ്റ് വില്ലേജിലേക്ക് മടങ്ങി.

ഈ അപകടത്തെത്തുടർന്ന് അശോക് നഗർ ജില്ലയിലെ ചന്ദേരിയിൽ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പൊതുപരിപാടികൾ റദ്ദാക്കി. വിശ്രമം ആവശ്യമായതിനാൽ സന്ദർശനം മാറ്റിവെച്ചതായും അദ്ദേഹം ഉടൻ തിരിച്ചെത്തുമെന്നും പ്രാദേശിക എംഎൽഎമാർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മഹാ ആര്യമാൻ ശിവപുരിയിൽ എത്തിയത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത പടർന്നതോടെ ബിജെപി പ്രവർത്തകരും സിന്ധ്യ അനുകൂലികളും ആശുപത്രി പരിസരത്ത് തടിച്ചുകൂടി. തിരക്ക് നിയന്ത്രിക്കാൻ പോലീസിനെ വിന്യസിക്കേണ്ട സാഹചര്യവുമുണ്ടായി.

Tags:    

Similar News