ആരും വിശന്നിരിക്കരുത്..!!; അതിരാവിലെ തന്നെ ജോലി തുടങ്ങുന്ന ശുചീകരണ തൊഴിലാളികൾക്ക് ഇതാ..ആശ്വാസ നടപടി; 'സൗജന്യ ഭക്ഷണം' നൽകാനുള്ള പദ്ധതിക്ക് അനുമതി നൽകി തമിഴ്നാട് സർക്കാർ; ഉത്തരവ് പുറത്തിറക്കി

Update: 2025-10-23 16:10 GMT

ചെന്നൈ: സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികൾക്ക് പ്രതിദിനം മൂന്ന് നേരം സൗജന്യ ഭക്ഷണം നൽകാനുള്ള സുപ്രധാന പദ്ധതിക്ക് തമിഴ്നാട് സർക്കാർ അനുമതി നൽകി. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ആദ്യഘട്ടത്തിൽ ചെന്നൈ കോർപ്പറേഷൻ പരിധിയിലായിരിക്കും പദ്ധതി നടപ്പാക്കുക. പിന്നീട് ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മറ്റ് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

അതിരാവിലെ ജോലിക്ക് പ്രവേശിക്കേണ്ടി വരുന്ന തൊഴിലാളികൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് കൊണ്ടുവരാനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ചെന്നൈയിലെ തൊഴിലാളികൾക്കായി മൂന്ന് വർഷത്തേക്ക് 186.94 കോടി രൂപ അനുവദിച്ചതായും റിപ്പോർട്ടുകളുണ്ട്.

സൗജന്യ ഭക്ഷണ പദ്ധതിക്ക് പുറമെ, ശുചീകരണ തൊഴിലാളികൾക്കായി മറ്റ് ആറ് ക്ഷേമ പദ്ധതികളും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ ഇൻഷുറൻസ്, ഭവന നിർമ്മാണ പദ്ധതികൾ, ആരോഗ്യ ചികിത്സാ സഹായം, കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ എന്നിവ ഉൾപ്പെടുന്നു.

നേരത്തെ, ശുചീകരണ തൊഴിലാളികൾ നടത്തിയ സമരത്തെ തുടർന്ന് സർക്കാർ നടപടികൾ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ, സൗജന്യ ഭക്ഷണ വിതരണത്തിലൂടെ തൊഴിലാളികളുടെ വിശ്വാസം തിരികെ നേടാനുള്ള നീക്കമായും ഈ പദ്ധതിയെ വിലയിരുത്തപ്പെടുന്നുണ്ട്. ഈ നടപടികൾ സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികൾക്കിടയിൽ വലിയ ആശ്വാസമായിരിക്കുകയാണ്. 

Tags:    

Similar News