വെള്ള മാറ്റി നീല കളര്‍ ടി-ഷര്‍ട്ടുമായി രാഹുല്‍ ഗാന്ധി; പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു എംപി മാര്‍; അംബേദ്കര്‍ വഴികാട്ടി; കോണ്‍ഗ്രസ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ബി.ജെ.പി. എം.പി.മാരും; പാര്‍ലമെന്റ് വളപ്പില്‍ നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി: ബി.ആര്‍. അംബേദ്കറുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഭരണ-പ്രതിപക്ഷ പോര് കടുക്കുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. മണിക്കം ടാഗോര്‍ എം.പി.യാണ് നോട്ടീസ് നല്‍കിയത്. അമിത്ഷാ മാപ്പുപറഞ്ഞ് മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും വലിയ രാഷ്ട്രീയ വാഗ്വാദങ്ങളോടെ മുന്നേറുകയാണ്.
ഇന്ത്യാ മുന്നണി എം.പി.മാര്‍ അമിത് ഷാ മാപ്പുപറഞ്ഞ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമുയര്‍ത്തി. പാര്‍ലമെന്റിന്റെ പ്രധാന ഗെയ്റ്റായ മകര്‍ ദ്വാറിന്റെ മതിലുകളില്‍ കയറിയായിരുന്നു പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം.പി.മാര്‍ പ്രതിഷേധം നടത്തി. തുടര്‍ന്ന് മാര്‍ച്ചുചെയ്താണ് പാര്‍ലമെന്റ് കവാടത്തിന് മുന്നിലെത്തിയത്. ദളിതരെ പ്രതിനിധാനം ചെയ്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നീല വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്.
അതേസമയം കോണ്‍ഗ്രസ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി. എം.പി.മാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധപ്രകടനം നടത്തി. അമിത് ഷാ രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 'അംബേദ്കറെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല, അംബേദ്കര്‍ ഞങ്ങള്‍ക്ക് വഴികാണിച്ചുതന്നു, കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചു' എന്നെല്ലാമാണ് ബി.ജെ.പി. എം.പി.മാര്‍ ഉയര്‍ത്തിയ ബാനറുകളിലെ മുദ്രാവാക്യം. അംബേദ്കറെ അപമാനിച്ചത് കോണ്‍ഗ്രസാണ് എന്നാണ് ഭരണപക്ഷ എം.പി.മാരുടെ ആരോപണം.
എന്‍ഡിഎ- ഇന്ത്യ സഖ്യ എംപിമാര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാര്‍ലമെന്റ് വളപ്പില്‍ സംഘര്‍ഷാന്തരീക്ഷമുണ്ടായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബിജെപി എംപിമാര്‍ പിടിച്ചുതള്ളിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ബിജെപി എപിമാരെ തളളിയെന്ന് ബിജെപിയും ആരോപിച്ചു.
പാര്‍ലമെന്റിന് സമീപം വിജയ് ചൗക്കില്‍ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു. ഇന്നലെ വിവാദം കത്തിപ്പടര്‍ന്നതോടെ പ്രതിരോധത്തിലായ അമിത് ഷാ വാര്‍ത്താസമ്മേളനം വിളിച്ച് കോണ്‍ഗ്രസ് തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് ആരോപിച്ചു. 'എക്‌സി'ല്‍ അമിത് ഷാക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. അമിത് ഷായുടെ രാജിക്കായുള്ള ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി.
രാജ്യസഭയില്‍ രണ്ട് ദിവസത്തെ ഭരണഘടനാ ചര്‍ച്ചക്ക് സമാപനം കുറിച്ച് ചൊവ്വാഴ്ച വൈകീട്ട് നടത്തിയ മറുപടി പ്രസംഗത്തിലാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. പ്രതിപക്ഷം അംബേദ്കറെ നിരന്തരം ഉദ്ധരിക്കുന്നതിനെതിരായ അമിത് ഷായുടെ പരിഹാസത്തില്‍ ഭരണപക്ഷ ബെഞ്ച് പങ്കുചേരുകയും ചെയ്തു. അമിത് ഷായുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് അംബേദ്കറുടെ ചിത്രവുമേന്തി ജയ് ഭീം ജയ് ഭീം മുദ്രാവാക്യം വിളിച്ചാണ് ഇന്‍ഡ്യ സഖ്യം എം.പിമാര്‍ ഇരുസഭകളും സമ്മേളിക്കും മുമ്പ് മുഖ്യകവാടത്തില്‍ എത്തിയത്.
രാജ്യം ആദരിക്കുന്ന മഹാ നേതാവിനെ അപമാനിച്ച അമിത് ഷായെ ചൊവ്വാഴ്ച രാത്രിതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയിപ്പിക്കേണ്ടതായിരുന്നുവെന്ന് ഖാര്‍ഗെ രാജ്യസഭയില്‍ പറഞ്ഞു. 'അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ ഫാഷനായിരിക്കുന്നു. ഇത്രയും തവണ ഭഗവാന്റെ നാമം ഉരുവിട്ടിരുന്നുവെങ്കില്‍ ഏഴ് ജന്മത്തിലും സ്വര്‍ഗം ലഭിക്കുമായിരുന്നു' -എന്നാണ് അമിത് ഷാ പറഞ്ഞത്.