'ആൾക്കൂട്ടം പ്രയോജനകരമാണ് പക്ഷെ വോട്ടാകില്ല, ജനങ്ങൾക്കായി നിലകൊള്ളണം'; ശരിയായ പാതയിലൂടെ ധൈര്യമായി സഞ്ചരിക്കണം; വിജയ്ക്ക് ഉപദേശവുമായി കമൽ ഹാസൻ

Update: 2025-09-21 16:25 GMT

ചെന്നൈ: രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് പിന്നാലെ വിജയ്‌യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണറാലികളിൽ എത്തുന്ന വൻ ജനക്കൂട്ടത്തെക്കുറിച്ച് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ്റെ പ്രതികരണം. ആൾക്കൂട്ടങ്ങൾ പ്രയോജനകരമാണെങ്കിലും അവ മാത്രം വോട്ടായി മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തൻ്റെ പാർട്ടിക്കും മറ്റ് രാഷ്ട്രീയ നേതാക്കൾക്കും ബാധകമായ കാര്യമാണിതെന്ന് കമൽ ഹാസൻ പറഞ്ഞു.

ജനങ്ങൾക്കായി നിലകൊള്ളുന്നതിലും ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ കമൽ ഹാസൻ അഭിനന്ദിച്ചു. ഈ പുരസ്കാരം ലഭിക്കാത്തതിൽ ആരും ദുഃഖിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുടെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ച സംഭവങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്. നാഗപട്ടണത്ത് നടന്ന പരിപാടിക്കിടെ പൊതുമുതൽ നശിപ്പിച്ചതിനും വേളാങ്കണ്ണി പള്ളിയുടെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിൻ്റെ ചുറ്റുമതിൽ തകർത്തെന്നുമുള്ള പരാതികളിൽ ടിവികെ ജില്ലാ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

തിരുച്ചിറപ്പള്ളിയിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയും ടിവികെയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിജയ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി തമിഴ്നാട് സർക്കാരും രംഗത്തെത്തി. പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ സംസ്ഥാനത്തെത്തുമ്പോൾ പോലും പൊലീസിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നില്ലെന്നും എന്നാൽ തൻ്റെ പാർട്ടിക്കു മാത്രമാണ് നിബന്ധനകളെന്നും വിജയ് ആരോപിച്ചിരുന്നു. എന്നാൽ, 2024 ഏപ്രിൽ 9ന് ചെന്നൈയിൽ നടന്ന പ്രധാനമന്ത്രിയുടെ റാലിക്ക് പൊലീസ് 20 നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നതായി സർക്കാർ വ്യക്തമാക്കുന്നു. 

Tags:    

Similar News