'അവർ അതിനെ കടലാസില്‍ മാത്രമാക്കി ചുരുക്കി..'; തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമെന്ന് കെസി വേണുഗോപാല്‍ എംപി
ഡൽഹി: മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി വ്യക്തമാക്കി. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സാധാരണക്കാരുടെ തൊഴില്‍ അവകാശം ഉറപ്പാക്കിയ പദ്ധതിയെ മോദി സര്‍ക്കാര്‍ ഭേദഗതിയിലൂടെ അട്ടിമറിച്ചു. തൊഴിലുറപ്പെന്നത് കടലാസില്‍ മാത്രമാക്കി ചുരുക്കി. ഭേദഗതി ബില്ലിലൂടെ തൊഴിലുറപ്പ് വേതനത്തിന്റെ 40 ശതമാനം സംസ്ഥാന വഹിക്കണമെന്നത് സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുന്നതാണ്.
അതിനാല്‍ 125 ദിവസത്തെ പ്രവര്‍ത്തിദിനമെന്ന പൊള്ളയായ വാഗ്ദാനം ഒരിക്കലും നടക്കില്ല. പ്രധാനമന്ത്രി എല്ലാ ദിവസവും വലിയ ബഹുമാനത്തോടെ ഗാന്ധിജിയെ കുറിച്ച് സംസാരിക്കുകയും അതിനുശേഷം ഗാന്ധിജിയുടെ പേര് പദ്ധതിയില്‍ നിന്ന് നീക്കാന്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്ന് കെസി വേണുഗോപാല്‍ പരിഹസിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്ത മന്ത്രി എന്നാ നിലയില്‍ മന്ത്രി ശിവരാജ് ചവാന്റെ നാമം ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.