'മോഹന്‍ ഭാഗവതിനെ നരേന്ദ്ര മോദി കണ്ടത് വിരമിക്കല്‍ അറിയിക്കാന്‍; അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നും'; ആര്‍എസ്എസ് കേന്ദ്രമന്ത്രാലയം പ്രധാനമന്ത്രി സന്ദര്‍ശിച്ചതില്‍ പ്രതികരിച്ച് സഞ്ജയ് റാവുത്ത്
ആര്‍എസ്എസ് കേന്ദ്രമന്ത്രാലയം പ്രധാനമന്ത്രി സന്ദര്‍ശിച്ചതില്‍ പ്രതികരിച്ച് സഞ്ജയ് റാവുത്ത്
നാഗ്പൂര്‍: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെത്തി സന്ദര്‍ശിച്ചത് രാഷ്ട്രീയത്തില്‍ നിന്നുള്ള വിരമിക്കല്‍ അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രി പദം ഒഴിയുന്നുവെന്നും സഞ്ജയ റാവുത്ത് പറഞ്ഞു. അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായതെന്നും സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍എസ്എസ് കേന്ദ്രമന്ത്രാലയം മോദി എന്തിന് സന്ദര്‍ശിച്ചുവെന്ന് അദ്ദേഹം ചോദിക്കുന്നു.
2029-ലെ തിരഞ്ഞെടുപ്പിന് മുന്‍പ് മോദി വിരമിക്കുന്നുവെന്നാണ് സൂചനയെന്നും അദ്ദേഹം പറയുന്നു. 2029-ലെ തിരഞ്ഞെടുപ്പില്‍ മോദിയായിരിക്കുമോ ബിജെപിയെ നയിക്കുക എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തീരുമാനങ്ങളായില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് മുന്‍പ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ആര്‍എസ്എസ് ആസ്ഥാനം നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത് . ആര്‍എസ്എസിനെ ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ 'ആല്‍മരം' എന്നാണ് മോദി വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി പദത്തിലിരിക്കെ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് 2000-ത്തില്‍ ഇവിടം സന്ദര്‍ശിച്ചിരുന്നതായി ആര്‍എസ്എസ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ അടിസ്ഥാനശില സ്ഥാപിച്ച ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരോട് മോദി സംസാരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ വിവിധ മേഖലകളിലും ഭാഗങ്ങളിലും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുവെന്ന് മോദി പറഞ്ഞു.
'ആര്‍എസ്എസ് ഇന്ത്യയുടെ അനശ്വര സംസകാരത്തിന്റെയും ആധുനികവല്‍ക്കരണത്തിന്റെയും ആല്‍മരമാണ്, അതിന്റെ ആദര്‍ശങ്ങളും തത്വങ്ങളും ദേശീയ ബോധത്തെ സംരക്ഷിക്കാനുള്ളതാണ്. ഈ വലിയ വൃക്ഷം ഒരു സാധാരണ വൃക്ഷമല്ല. ആര്‍എസ്എസ് എന്നത് സേവനത്തിന്റെ പര്യായം'- മോദി പറഞ്ഞു.
കഴിഞ്ഞ 100 വര്‍ഷമായി സംഘാടനവും സമര്‍പ്പണവും തപസ്യയാക്കിയ ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ 2047- ലെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുക്കുമ്പോള്‍ ഫലം കാണുന്നുവെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു.
ഈ വര്‍ഷം രാജ്യം ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആര്‍എസ്എസ് സ്ഥാപിതമായി 100 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ മോഹന്‍ ഭാഗവതും സംസാരിച്ചു. മാധവ് നേത്രാലയ ആശുപത്രി ജനങ്ങളുടെ ക്ഷേമത്തിനായി വര്‍ഷങ്ങളോളം കഠിനമായി പ്രവര്‍ത്തിക്കുന്നുവെന്നും. ഇത് ആര്‍എസ്എസിന്റെ നിസ്വാര്‍ത്ഥ സേവന ആദര്‍ശത്താല്‍ പ്രചോദനം കൊണ്ട് നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്കായി ഒന്നും ആഗ്രഹിക്കാതെ സമൂഹത്തിലെ മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് ഭഗവത് പറഞ്ഞു. സേവനം ആര്‍എസ്എസിന്റെ ജീവിത ദൗത്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.