ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടന്നു; ഹരിയാനയില്‍ ഫലം മരവിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്; വിയോജിച്ച് 'ഇന്ത്യ' മുന്നണിയിലെ സഖ്യ കക്ഷികള്‍
20 പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഇരുപതോളം മണ്ഡലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടന്നുവെന്നും വ്യാപക ക്രമക്കേടുണ്ടായതായും കാണിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഈ സീറ്റുകളിലെ ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിനിടെ കോണ്‍ഗ്രസ് നിലപാടിനോട് വിയോജിച്ച 'ഇന്ത്യ' മുന്നണിയിലെ സഖ്യ കക്ഷികള്‍ തോല്‍വിക്ക് കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യം കാരണമായെന്ന് വിമര്‍ശിച്ചു.
ഹരിയാനയില്‍ വോട്ടെടുപ്പിനായി കൊണ്ടു വന്ന പല ഇവിഎമ്മുകളിലും 99 ശതമാനം ബാറ്ററി ചാര്‍ജ് കാണിച്ചു എന്ന പരാതിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഉന്നയിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ മെഷീനുകളില്‍ എങ്ങനെ 99 ശതമാനം ചാര്‍ജ്ജ് കാണിക്കും എന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയ ചോദ്യം. നിരവധി സീറ്റുകളില്‍ ഇത്രയും ചാര്‍ജ്ജ് കാണിച്ച മെഷീനുകളില്‍ വോട്ട് ബിജെപിക്ക് പോയെന്നും കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
മുന്‍മുഖ്യമന്ത്രിമാരായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, അശോക് ഗെഹ്ലോട്ട്, എ.ഐ.സി.സി നേതാക്കളായ കെ.സി.വേണുഗോപാല്‍, ജയ്റാം രമേശ്, അജയ് മാക്കന്‍, പവന്‍ ഖേരാ, ഹരിയാണ കോണ്‍ഗ്രസ് പ്രസിഡണ്ട് ഉദയ് ഭാന്‍ എന്നിവരാണ് സംസ്ഥാനത്തെ വോട്ടെണ്ണലില്‍ സംശയം പ്രകടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളില്‍നിന്ന് ശേഖരിച്ച പരാതികളും നിവേദനവും അവര്‍ കമ്മിഷന് സമര്‍പ്പിച്ചു.
കൈപ്പടയില്‍ എഴുതിയ ഏഴെണ്ണമുള്‍പ്പെടെ സമാനരീതിയിലുള്ള 20 പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. വോട്ടെണ്ണുന്ന ഘട്ടത്തില്‍ ഇവിഎമ്മുകളില്‍ ശരാശരി 60 മുതല്‍ 70 ശതമാനം വരെ ബാറ്ററി ചാര്‍ജ് കാണിക്കുമ്പോള്‍ ഹരിയാണയിലെ പലയിടത്തും 99 ശതമാനം ചാര്‍ജുള്ള ഇവിഎമ്മുകളാണ് ഉണ്ടായിരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
തോല്‍വിക്ക് കോണ്‍ഗ്രസ് ഇവിഎമ്മിനെ പഴിക്കുന്നതില്‍ പുതുമയില്ലെന്നാണ് ബിജെപി പ്രതികരിച്ചത്. കോണ്‍ഗ്രസ് വാദത്തോട് ഇന്ത്യ സഖ്യ കക്ഷികളും അകലം പാലിക്കുകയാണ്. കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യവും മറ്റു കക്ഷികളെ അംഗീകരിക്കാത്ത നയവും തിരിച്ചടിയായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആഞ്ഞടിച്ചു. അമിത ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനെ തോല്‍പിച്ചതെന്ന് ശിവസേനയും പരസ്യമായി പ്രതികരിച്ചു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പരിശോധന നടത്തണമെന്ന് സിപിഎം പിബിയും ആവശ്യപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ സഖ്യത്തില്‍ മേധാവിത്വം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളിലുള്ള അതൃപ്തി കൂടിയാണ് ഹരിയാനയിലെ വീഴ്ചയ്ക്കു ശേഷം പുറത്തേക്കു വരുന്നത്.
ഇതിനിടെ 'ഹരിയാന ഫലം സ്വീകാര്യമല്ല' എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിമര്‍ശിച്ചു. രാജ്യത്തിന്റെ സമ്പന്നമായ ജനാധിപത്യ പൈതൃകത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്തരം പ്രസ്താവനകളെന്നാണ് കമ്മീഷന്‍ ബുധനാഴ്ച പ്രതികരിച്ചത്. ജനങ്ങളുടെ ഇച്ഛയെ ജനാധിപത്യവിരുദ്ധമായി നിരാകരിക്കുന്നതാണ് ജയ്റാം രമേശിന്റെയും പവന്‍ ഖേരയുടേയും പ്രസ്താവനകളെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇരുവര്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കുകയുംചെയ്തു.