ലക്ഷദ്വീപ് യുവമോര്‍ച്ചയെ നയിക്കാന്‍ പിഎം മൊഹമ്മദ് സാലിഹ്; സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമിത് ഷായുടെ ഇടപെടല്‍ തുടങ്ങി; ദ്വീപിലെ ബിജെപിയിലും പുനസംഘടനാ സാധ്യത
കൊച്ചി: ലക്ഷദ്വീപ് യുവമോര്‍ച്ചയെ നയിക്കാന്‍ പിഎം മൊഹമ്മദ് സാലിഹ്. മുന്‍ അദ്ധ്യക്ഷന്‍ മഹദ ഹുസൈന്‍ ശരത് പവാര്‍ നയിക്കുന്ന എന്‍സിപി യില്‍ ചേര്‍ന്നതിന് പിന്നാലെ നിയമനം നേതൃത്വം നടത്തിയത്. മഹദയെ പിന്തുണയ്ക്കുന്ന പലരും പുറത്തേയ്‌ക്കെന്ന സന്ദേശം നല്‍കാനുള്ള ശ്രമമാണ് നേതൃത്വത്തിന്റെത്. ലക്ഷദ്വീപില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനി ബിജെപി നേതൃത്വത്തിലും ലക്ഷദ്വീപില്‍ പുനസംഘടന വന്നേക്കും.
പാര്‍ട്ടിയുടെ ആഭ്യന്തര രേഖയായ ഓഫീസ് ഓര്‍ഡര്‍ പുറത്ത് വിട്ടാണ് ലക്ഷദ്വീപ് ഘടകം ബിജെപി അദ്ധ്യക്ഷന്‍ കെഎന്‍ കാസ്മി കോയ പുതിയ യുവമോര്‍ച്ച അദ്ധ്യക്ഷനെ നിയമച്ച കാര്യം അറിയിച്ചത് . പാര്‍ട്ടിയുടെ മീഡിയാ കണ്‍വീനറെ പുറത്താക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പ്രസിഡന്റ് ഇങ്ങനെ ഒരു നീക്കം നടത്തിയത്. സംഘടന അച്ചടക്ക നടപടി സ്വീകരിച്ച മഹദ ഹുസൈന് വേണ്ടി മീഡിയാ കണ്‍വീനര്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് പാര്‍ട്ടിയില്‍ വിവാദമായിരുന്നു. മഹദ ഹുസൈന്‍ ശരത് പവാര്‍ നയിക്കുന്ന എന്‍സിപി യിലേക്ക് എത്തിയതിന് പിന്നിലും മീഡിയാ കണ്‍വീനറുടെ നീക്കങ്ങള്‍ ഉണ്ടെന്ന് ചില നേതാക്കള്‍ സംശയിക്കുന്നുണ്ട് . ചില നേതാക്കള്‍ നടത്തിയ ഡല്‍ഹി യാത്രകള്‍ എന്‍സിപി ശരത് പവാര്‍ വിഭാഗം നേതാവും ലക്ഷദ്വീപ് മുന്‍ എം.പി യുമായിരുന്ന മുഹമ്മദ് ഫൈസലിനെ കാണാനായിരുന്നെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എന്‍ഡിഎക്ക് വേണ്ടി മത്സരിച്ച അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി യുടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പല ബിജെപി നേതാക്കളും പ്രചാരണത്തിനിറങ്ങിയില്ല. ചില ബിജെപി ഭാരവാഹികള്‍ വോട്ടെടുപ്പിന്റെ അന്ന് മാത്രമാണ് ദ്വീപിലെത്തിയത്. പാര്‍ട്ടി നടപടിയെടുത്ത മഹദ ഹുസൈന്‍ ശരത് പവാറിന്റെ എന്‍സിപി ക്കായി വോട്ട് പിടിച്ചത് അന്ന് തന്നെ വലിയ വിവാദമായിരുന്നു. വീട്ട് വേലക്കാരിയായ ഒഡീഷ സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ശിവപ്രസാദ് എങ്ങനെ ബിജെപി പരിപാടിക്ക് എത്തി എന്ന ചോദ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.
ബിജെപിയുമായി ബന്ധമില്ലാത്ത ഇയ്യാളെ ബിജെപിക്കാരനായി ചിത്രീകരിച്ചതിന്റെ ഉത്തരവാദി ആരെന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുള്ളത് . ഇങ്ങനെ ബിജെപി ബന്ധമില്ലാത്ത പലരേയും ബിജെപി ക്കാരായി ചിത്രീകരിക്കുന്ന ഒരു സംഘം കാര്യ സാധ്യത്തിനായി കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് ബിജെപിയെ നശിപ്പിക്കാനാണെന്നും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പല സ്ഥാനമാനങ്ങളും ഇത്തരക്കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായും ഇവര്‍ ആരോപിക്കുന്നു.
പുനഃസംഘടനയോടെ പാര്‍ട്ടിയെ ബാധിച്ച കീടബാധയില്‍ നിന്ന് മുക്തി നേടണമെന്നാണ് ഇവരുടെ ആവശ്യം. കേരളത്തിലെ ബിജെപിക്കാര്‍ക്ക് പോലും അറിയാത്ത വിരുതന്‍മാരെ വലവീശി പിടിച്ച് ബിജെപിക്കാരായി അവതരിപ്പിച്ച് ദ്വീപിലെ പാര്‍ട്ടിയുടെ ചെലവില്‍ അവതരിപ്പിക്കുന്ന പരിപാടി ഇനി വെച്ച് പൊറുപ്പിക്കില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. ചില മാധ്യമപ്രവര്‍ത്തകരെ കൂട്ട് പിടിച്ച് കൊച്ചി കേന്ദ്രീകരിച്ച് ചിലര്‍ നടത്തിയ നീക്കങ്ങള്‍ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്നാണ് വാദം.
സേവ് ലക്ഷദ്വീപ് സമര കാലത്ത് പ്രതിരോധം തീര്‍ക്കാന്‍ കഴിയാതെ പോയതിന് കാരണമിതാണെന്നും വിലയിരുത്തലുണ്ട്. പണ്ടാര ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ വന്ന വാര്‍ത്തകള്‍ക്ക് പിന്നിലും പാര്‍ട്ടിക്കുള്ളിലെ കുലം കുത്തികള്‍ക്ക് പങ്കുണ്ടെന്ന സംശയവും ഇവര്‍ പ്രകടിപ്പിക്കുന്നു . ചോറിങ്ങും കുറങ്ങുമായി നില്‍ക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് പുനഃസംഘടനയോടെ വ്യക്തമാകണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്