ഇന്ദ്രപ്രസ്ഥത്തില്‍ രണ്ടര പതിറ്റാണ്ടിന് ശേഷം ബിജെപി അധികാരം പിടിക്കുമോ? ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എഎപിക്ക് തിരിച്ചടിയെന്ന് ഫലോദി സത്ത ബസാറിന്റെ സര്‍വെ; കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും; ബിജെപിക്ക് 35 സീറ്റ്; ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയെന്ന സര്‍വേ ഫലം ബിജെപിക്കുള്ള കളമൊരുക്കലോ?
ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയെന്ന സര്‍വേ ഫലം ബിജെപിക്കുള്ള കളമൊരുക്കലോ?
ന്യൂഡല്‍ഹി: അടുത്ത മാസം ആദ്യവാരം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ രണ്ടര പതിറ്റാണ്ടിന് ശേഷം അധികാരം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന ബിജെപിക്ക് പ്രതീക്ഷയേകി സര്‍വേ ഫലം പുറത്ത്. രാജ്യ തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരില്‍ ഹാട്രിക്ക് വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയെന്നാണ് ഫലോദി സത്ത ബസാറിന്റെ സര്‍വെയിലെ പ്രവചനം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നേട്ടമുണ്ടാക്കിയ ബി ജെ പിക്ക് നിയമസഭ തെരഞ്ഞെടുപ്പിലും വലിയ പ്രതീക്ഷ നല്‍കുന്നതുമാണ് പ്രവചനം. കഴിഞ്ഞ തവണ പൂജ്യം സീറ്റിലേക്കൊതുങ്ങിയ കോണ്‍ഗ്രസിനാകട്ടെ ഇക്കുറി മെച്ചമുണ്ടാകുമെന്നും സര്‍വെ പറയുന്നു.
എ എ പി സീറ്റുകളില്‍ കാര്യമായ കുറവുണ്ടാകും എന്നാണ് ഫലോദി സത്ത ബസാറിന്റെ പ്രവചനം. ഭരണം നഷ്ടമായേക്കാവുന്ന സാഹചര്യമെന്നും സര്‍വെ ചൂണ്ടികാട്ടുന്നുണ്ട്. അതേസമയം 27 വര്‍ഷങ്ങള്‍ക്കിപ്പുറം ബി ജെ പി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറിയേക്കുമെന്ന സൂചനകളും പ്രവചനം പങ്കുവയ്ക്കുന്നുണ്ട്. ബിജെപി 35 സീറ്റ് വരെ നേടിയേക്കാം എന്നാണ് സര്‍വെ പറയുന്നത്. കോണ്‍ഗ്രസാകട്ടെ മൂന്ന് സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.
എന്നാല്‍ അയല്‍ സംസ്ഥാനമായ ഹരിയാനയിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലുമടക്കം പ്രീ പോള്‍, എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പിഴച്ചത് ചൂണ്ടിക്കാട്ടിയാണ് ആംആദ്മി പാര്‍ട്ടി സര്‍വേ ഫലങ്ങള്‍ തള്ളുന്നത്. നിലവില്‍ പുറത്തുവന്ന സര്‍വേ ഫലം ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ അനുകൂലമായ കളമൊരുക്കാന്‍ വേണ്ടിയുള്ളതാണെന്ന വിമര്‍ശനവും ശക്തമാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും മാത്രമേ ബിജെപി വിജയിക്കൂ എന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കിറുകൃത്യമായി. എന്നാല്‍ ഛത്തീസ്ഗഡിലെ ഫലങ്ങള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബിജെപി ജയിച്ച് കയറി.
അതേ സമയം ആംആദ്മിക്കെതിരെ ശക്തമായ നിരയെയാണ് ബിജെപി ഇത്തവണ പോരാട്ടത്തിന് ഇറക്കുന്നത്. ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയിലെത്തിയ കപില്‍ മിശ്ര, ഡല്‍ഹി മുന്‍മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാനയുടെ മകന്‍ ഹര്‍ഷ് ഖുറാന എന്നിവര്‍ ഉള്‍പ്പെടെ 29 പേരടങ്ങിയ പട്ടികയാണ് ശനിയാഴ്ച പുറത്തിറക്കിയത്. കരാവല്‍ നഗറില്‍നിന്നാണ് നിലവില്‍ ഡല്‍ഹി ബി.ജെ.പി. ഉപാധ്യക്ഷന്‍ കൂടിയായ കപില്‍ മിശ്ര ജനവിധി തേടുന്നത്. കെജ്രിവാള്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കപില്‍ മിശ്ര, 2019-ലാണ് ബി.ജെ.പിയിലെത്തുന്നത്.
ശകുര്‍ ബസ്തി മണ്ഡലത്തില്‍ എ.എ.പിയുടെ സത്യേന്ദര്‍ ജെയിനെതിരേ മത്സരിക്കുന്നത് കര്‍ണെയില്‍ സിങ്ങാണ്. നീലം കൃഷന്‍ പഹല്‍വാന്‍ നജഫ്ഗഢില്‍നിന്നും ജനവിധി തേടും. ഉമംഗ് ബജാജ് (രജിന്ദര്‍ നഗര്‍), സതീഷ് ജെയിന്‍ (ചാന്ദ്നി ചൗക്ക്), രാജ് കരണ്‍ ഖത്രി (നരേല), ശ്യാം ശര്‍മ (ഹരിനഗര്‍), പങ്കജ് കുമാര്‍ സിങ്( വികാസ് പുരി) തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പേരുകാര്‍.
അതിനിടെ ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാര്‍ത്ത അധികാരം തിരികെപ്പിടിക്കാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ബി ജെ പിക്ക് പുതിയ പ്രതിസന്ധിയായി എന്‍ ഡി എ മുന്നണിയില്‍ ഭിന്നത ശക്തമായി എന്നതാണ്. ദില്ലിയിലെ പ്രമുഖ ഘടകക്ഷികളിലൊന്നായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ( അത്താവലെ ) യാണ് ബി ജെ പിക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.
സീറ്റ് വിഭജന ചര്‍ച്ചകളിലെ തര്‍ക്കത്തെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ആര്‍ പി ഐയുടെ പ്രഖ്യാപനം. എന്‍ ഡി എ മുന്നണിക്കൊപ്പം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ആര്‍ പി ഐ, ഡല്‍ഹിയിലെ 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. അതേസമയം ആര്‍ പി ഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബി ജെ പി നേതൃത്വം തുടരാനാണ് സാധ്യത.
അതിനിടെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എ എ പി ജയിച്ചാല്‍ അരവിന്ദ് കെജ്‌രിവാള്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് സഞ്ജയ് സിങടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. വോട്ടുകള്‍ അട്ടിമറിയ്ക്കാന്‍ ബി ജെ പി ശ്രമിക്കുകയാണെന്നും ബി ജെ പിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നും സഞ്ജയ് സിങ് എം പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ഡല്‍ഹിയിലെ ജനങ്ങള്‍ എ എ പിക്കും കെജ്‌രിവാളിനും വോട്ട് നല്‍കുമെന്ന ആത്മവിശ്വാസത്തിലാണ് എ എ പി. നിരവധി ക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ക്കായി നടപ്പാക്കി. മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകും. വോട്ടിംഗ് അട്ടിമറിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കഴിഞ്ഞെന്നും ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് സിങ് വിവരിച്ചു.