'ഇന്ത്യയുടെ സിലിഗുരി ഇടനാഴിയെ ദുര്‍ബലമെന്ന് വിശേഷിപ്പിക്കുന്നവര്‍ ചിറ്റഗോങ് ഇടനാഴിയെ ശ്രദ്ധിക്കണം; രണ്ടു ദുര്‍ബലമായ കുപ്പിക്കഴുത്ത് മേഖലകളാണ് ബംഗ്ലദേശിനുള്ളത്'; മുഹമ്മദ് യൂനുസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി അസം മുഖ്യമന്ത്രി

മുഹമ്മദ് യൂനുസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി അസം മുഖ്യമന്ത്രി

Update: 2025-05-26 09:52 GMT

ഗുവാഹത്തി: ഇന്ത്യക്കെതിരെ ബംഗ്ലാദേശ് പതിവായി പ്രയോഗിക്കുന്ന 'ചിക്കന്‍ നെക്ക്' ഇടനാഴി (സിലിഗുരി ഇടനാഴി) ഭീഷണിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബംഗ്ലാദേശിനും ഇതുപോലുള്ള രണ്ട് ഇടുങ്ങിയ ഇടനാഴികളുണ്ടെന്നും അവ കൂടുതല്‍ ദുര്‍ബലമാണെന്നും അദ്ദേഹം 'എക്സി'ല്‍ കുറിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പരാമര്‍ശിച്ച് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ പരാമര്‍ശങ്ങള്‍ക്കാണ് അസം മുഖ്യമന്ത്രി മറുപടി നല്‍കിയത്.

ഇന്ത്യയുടെ 'ചിക്കന്‍ നെക്ക്' പിടിച്ചെടുത്ത് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍പെടുത്തുമെന്നടക്കമുള്ള പ്രസ്താവനകള്‍ ബംഗ്ലാദേശില്‍ നിന്നുയരുന്ന പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിന് സംഭവിക്കാവുന്ന കാര്യം ചൂണ്ടിക്കാട്ടിയുള്ള അസം മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ബംഗ്ലദേശിനും അത്തരം കുപ്പിക്കഴുത്ത് മേഖലകളുണ്ടെന്നും ഭൂപടത്തിന്റെ ചിത്രം എക്‌സില്‍ പങ്കുവച്ച് ഹിമന്ത തിരിച്ചടിച്ചു.

''രണ്ടു ദുര്‍ബലമായ കുപ്പിക്കഴുത്ത് മേഖലകളാണ് ബംഗ്ലദേശിനുള്ളത്. ഇതില്‍ ആദ്യത്തെത് ഡാഖിന്‍ ദിനാജ്പുരിനും സൗത്ത് വെസ്റ്റ് ഗാരോ കുന്നുകള്‍ക്കും ഇടയിലുള്ള 80 കിലോമീറ്റര്‍ നീളമുള്ള ഇടനാഴിയാണ്. ഇവിടെ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ബംഗ്ലദേശിലെ രംഗ്പുര്‍ ഡിവിഷനെ ബംഗ്ലദേശിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തും. രണ്ടാമത്തേത് തെക്കന്‍ ത്രിപുര മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീളുന്ന വെറും 28 കിലോമീറ്റര്‍ നീളമുള്ള ചിറ്റഗോങ് ഇടനാഴിയാണ്.

ഇന്ത്യയുടെ സിലിഗുരി ഇടനാഴിയെ ദുര്‍ബലമെന്ന് വിശേഷിപ്പിക്കുന്നവര്‍ ചിറ്റഗോങ് ഇടനാഴിയെ ശ്രദ്ധിക്കണം. ഈ കുപ്പിക്കഴുത്ത് മേഖല ബംഗ്ലദേശിന്റെ തലസ്ഥാന നഗരമായ ധാക്കയെയും സാമ്പത്തിക നഗരമെന്ന് അറിയപ്പെടുന്ന ചിറ്റഗോങ്ങിനെയും ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണിയാണ്.'' ഹിമന്ത വിശ്വ ശര്‍മ എക്സില്‍ കുറിച്ചു. കുപ്പിക്കഴുത്ത് മേഖലയെ കൃത്യമായി ചിത്രീകരിച്ചായിരുന്നു പോസ്റ്റ്.

ചിലര്‍ മറന്നുപോകാന്‍ സാധ്യതയുള്ള ഭൂമിശാസ്ത്രപരമായ വസ്തുതകള്‍ മാത്രമാണ് താന്‍ അവതരിപ്പിച്ചതെന്നും മുഹമ്മദ് യൂനുസിന് മുന്നറിയിപ്പായി കുറിച്ച പോസ്റ്റില്‍ ഹിമന്ത പറയുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ ചുറ്റപ്പെട്ട മേഖലയായതിനാല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഏക 'സമുദ്ര സംരക്ഷകന്‍' ബംഗ്ലദേശാണെന്ന് മാര്‍ച്ച് അവസാനം മുഹമ്മദ് യൂനുസ് അവകാശപ്പെട്ടിരുന്നു. നാലു ദിവസത്തെ ചൈന സന്ദര്‍ശന വേളയിലായിരുന്നു ഈ പരാമര്‍ശം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിക്ക് ശരാശരി 20 കിലോമീറ്റര്‍ മാത്രമാണ് വീതി. ഭൂമിശാസ്ത്രപരമായി നേപ്പാളിനും ബംഗ്ലദേശിനുമിടയിലാണ് ബംഗാളിലെ ഈ മേഖല.

Tags:    

Similar News