'സോറോസ് മുതല്‍ ഷാഹിദ് വരെ..; ഇന്ത്യയെ വെറുക്കുന്നവരെല്ലാം രാഹുലിനൊപ്പം സഖ്യം ചേരുന്നു; പുതിയ ഫാന്‍ ബോയിയെ കിട്ടി'; പാക് ക്രിക്കറ്റ് താരത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബിജെപി

Update: 2025-09-16 17:32 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും ചാനല്‍ ഷോയ്ക്കിടെ പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി സംസാരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് ബിജെപി. ഇന്ത്യയെ വെറുക്കുന്നവര്‍ രാഹുല്‍ ഗാന്ധിയ്ക്കോ കോണ്‍ഗ്രസിനോ ഒപ്പം സഖ്യംചേരുന്നതായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. 'ഹാഫിസ് സയിദിന് ശേഷം ഇന്ത്യാ വിരുദ്ധനായ ഷാഹിദ് അഫ്രീദിയും ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയിരിക്കുകയാണ്. അതില്‍ അതിശയമില്ല. ഇന്ത്യയെ എതിര്‍ക്കുന്നവരെല്ലാവരും കോണ്‍ഗ്രസിനോടും രാഹുല്‍ ഗാന്ധിയോടും സഖ്യംചേരുന്നുണ്ട്.' ഷെഹ്സാദ് പൂനാവാല സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു.

സോറോസ് മുതല്‍ ഷാഹിദ് വരെ..ഐഎന്‍സി എന്നാല്‍ ഇസ്‌ളാമാബാദ് നാഷണല്‍ കോണ്‍ഗ്രസ് എന്നായെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. കോണ്‍ഗ്രസും പാകിസ്ഥാനും തമ്മിലെ സൗഹൃദത്തിന് വളരെ പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മുതല്‍ 26/11 മുംബൈ, പുല്‍വാമ, പഹല്‍ഗാം എന്നീ ആക്രമണങ്ങളില്‍ പാകിസ്ഥാന് ക്‌ളീന്‍ചിറ്റ് നല്‍കുന്നതുവരെ ആ പാര്‍ട്ടി എല്ലായ്പ്പോഴും പാക് ഭാഷ്യമാണ് ഏറ്റുപറയുന്നതെന്നും ഷെഹ്സാദ് പൂനാവാല വിമര്‍ശിച്ചു.

അതേസമയം ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരിയും രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചു. രാഹുല്‍ ഗാന്ധിയ്ക്ക് പുതിയൊരു ഫാന്‍ ബോയെ കിട്ടിയെന്നും കോണ്‍ഗ്രസിനെ ഇന്ത്യയുടെ ശത്രുക്കള്‍ പ്രശംസിക്കുമ്പോള്‍ കോണ്‍ഗ്രസ് ഇന്ത്യയ്ക്കെതിരാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

'ഇന്ത്യയിലെ ഈ സര്‍ക്കാര്‍ എപ്പോഴും മുസ്ലീം-ഹിന്ദു മതകാര്‍ഡ് ഉപയോഗിച്ചാണ് അധികാരത്തില്‍ തുടരുന്നത്. ഇതൊരു വളരെ മോശം മാനസികാവസ്ഥയാണ്. ഇവര്‍ അധികാരത്തിലിരിക്കുവോളം ഇത് തുടരും. അവരില്‍ ചില നല്ല ആളുകളുമുണ്ട്.ഉദാഹരണത്തിന് രാഹുല്‍ ഗാന്ധിയ്ക്ക് വളരെ പോസിറ്റീവ് ചിന്താഗതിയുണ്ട്. ചര്‍ച്ചകളില്‍ അദ്ദേഹം വിശ്വസിക്കുന്നു.' എന്നായിരുന്നു ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. ഇതിനെതിരെയാണ് ബിജെപി ശക്തമായി പ്രതികരിച്ചത്.

Similar News