'ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം ആയിരം രൂപ; 20-25നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്കും ധനസഹായം'; ബീഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പന്‍ പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

ബീഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പന്‍ പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

Update: 2025-09-18 08:40 GMT

പറ്റ്‌ന: ബിഹാര്‍ നിയമസഭ തെരെഞ്ഞടുപ്പ് അടുത്തിരിക്കെ വമ്പന്‍ പദ്ധതികളുടെ പ്രഖ്യാപനം തുടര്‍ന്ന് ജെഡിയു സര്‍ക്കാര്‍. സംസ്ഥാനത്തെ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. തൊഴില്‍ രഹിതരും ബിരുദധാരികളുമായ 20നും 25നും ഇടയില്‍ പ്രായമുള്ള തുടര്‍ പഠനം നടത്താന്‍ സാധിക്കാത്ത യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ പദ്ധതി പ്രകാരം അലവന്‍സ് നല്‍കും. രണ്ട് വര്‍ഷത്തേക്കാകും ഇവര്‍ക്ക് സഹായം നല്‍കുക. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടുന്ന 7 നിശ്ചയ് പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. എക്‌സിലൂടെയാണ് നിതീഷ് കുമാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

യുവജന ശാക്തീകരണത്തിലുള്ള തന്റെ സര്‍ക്കാറിന്റെ പ്രതിബന്ധതയും നിതീഷ് ആവര്‍ത്തിച്ചു. ഗുണഭോക്താക്കള്‍ക്ക് രണ്ട് വര്‍ഷം വരെ അലവന്‍സ് ലഭിക്കുമെന്ന് നിതീഷ് വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലികളും തൊഴിലും നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഒപ്പം സ്വകാര്യ മേഖലയില്‍ വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞു.

ബീഹാര്‍ സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് സ്‌കീം പ്രകാരമുള്ള വായ്പകള്‍ പൂര്‍ണ്ണമായും പലിശരഹിതമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി പ്രകാരം, വിദ്യാര്‍ത്ഥികള്‍ക്ക് 4 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ എടുക്കാം. ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുകയാണ് മുഖ്യമന്ത്രിയുടെ പുതിയ പദ്ധതി.മുന്‍പ് ജനറല്‍ കാറ്റഗരിക്കാര്‍ നാല് ശതമാനം പലിശയായിരുന്നു നല്‍കേണ്ടിയിരുന്നത്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഒരു ശതമാനം പലിശയും നല്‍കിയിരുന്നു. എന്നാല്‍ പുതുക്കിയ പദ്ധതിയില്‍ എല്ലാ വിഭാഗക്കാര്‍ക്കും പലിശ നിരക്ക് പൂജ്യമായി കുറച്ചു.

സര്‍ക്കാര്‍ തിരിച്ചടവും എളുപ്പമാക്കിയിട്ടുണ്ട്. 2 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് തിരിച്ചടവ് സമയം 5 വര്‍ഷത്തില്‍ നിന്ന് 7 വര്‍ഷമായി നീട്ടി. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പത്തെ 7 വര്‍ഷത്തിന് പകരം ഇപ്പോള്‍ 10 വര്‍ഷം തിരിച്ചടയ്ക്കാന്‍ സമയം ലഭിക്കും. സാമ്പത്തിക പ്രതിസന്ധി കാരണം ബീഹാറിലെ വിദ്യാര്‍ത്തികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാതിരാക്കാനാണ് ശ്രമിക്കുന്നത് എന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

അതേസമയം ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ ആദ്യ വാരത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. നവംബര്‍ ആദ്യ വാരം വോട്ടെടുപ്പ് നടത്താനാണ് ആലോചന. മൂന്ന് ഘട്ടങ്ങളിലായിട്ടാകും വോട്ടെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പിന്റെ കരട് മാര്‍ഗനിര്‍ദേശം തയാറായതായാണ് സൂചന. പ്രഖ്യാപനത്തിന് മുന്‍പേ അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിച്ചേക്കും.വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ പുറത്തായ 65 ലക്ഷം പേര്‍ക്കും ആക്ഷേപം ഉന്നയിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും.

നേരത്തെ സംസ്ഥാനത്തെ 16.04 ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായമായി 5000 രൂപ വീതം കൈമാറിയിരുന്നു.വിശ്വകര്‍മപൂജയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും പ്രമാണിച്ചായിരുന്നു ധനസഹായം നല്‍കിയത്.ഇത് കൂടാതെ കരാര്‍ തൊഴിലാളികള്‍ക്കായുള്ള പുതിയ വെബ് പോര്‍ട്ടലും പറ്റ്‌നയില്‍ നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്നാല്‍ ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രകടനങ്ങളാണെന്നാണ് പ്രതിപക്ഷ ആരോപണം.

Similar News