'പ്രധാനമന്ത്രി മോദി പിആര്‍ പ്രവര്‍ത്തനങ്ങളില്‍ തിരക്കില്‍; ബിജെപി വോട്ട് മോഷ്ടിച്ച് അധികാരത്തില്‍ തുടരുന്നു'; യുവാക്കള്‍ തൊഴില്‍ മോഷണവും വോട്ട് മോഷണവും ഇനി സഹിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

Update: 2025-09-23 17:32 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പിആര്‍ പ്രവര്‍ത്തനങ്ങളില്‍ തിരക്കിലാണെന്നും വോട്ട് മോഷ്ടിച്ചാണ് ബിജെപി അധികാരത്തില്‍ തുടരുന്നതെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പിആര്‍ പ്രവര്‍ത്തനങ്ങളിലും പ്രശസ്തരെക്കൊണ്ട് പുകഴ്ത്തിപ്പാടിക്കുന്നതിലും ശതകോടീശ്വരന്മാരുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിലുമുള്ള തിരക്കിലാണ്. വോട്ടുകള്‍ മോഷ്ടിച്ചും സ്ഥാപനങ്ങളെ തടവിലാക്കിയും ബിജെപി അധികാരത്തില്‍ തുടരുകയാണ്. ഇന്ത്യയിലെ യുവാക്കള്‍ യഥാര്‍ത്ഥ പോരാട്ടം ജോലിക്കുവേണ്ടി മാത്രമല്ല നടത്തേണ്ടതെന്നും വോട്ട് മോഷണത്തിനെതിരെയാണ്. തിരഞ്ഞെടുപ്പുകള്‍ 'മോഷ്ടിക്കപ്പെടുന്നിടത്തോളം' തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പിആര്‍ പ്രവൃത്തികളില്‍ മാത്രം തിരക്കിലാണ്. അദ്ദേഹം സെലിബ്രിറ്റികളെയും ശതകോടീശ്വരന്‍മാരെയും പ്രശംസിക്കുകയാണ്. യുവാക്കളുടെ പ്രതീക്ഷകള്‍ തകര്‍ക്കുകയും അവരെ നിരാശരാക്കുകയും ചെയ്യുന്നത് ഈ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് ഏതെങ്കിലും സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍, യുവാക്കള്‍ക്ക് തൊഴിലും അവസരങ്ങളും നല്‍കുക എന്നതാണ് പ്രഥമ കടമ. എന്നാല്‍ ബിജെപി തിരഞ്ഞെടുപ്പുകളില്‍ സത്യസന്ധമായി വിജയിക്കുന്നില്ല'' ജോലി തേടി പ്രതിഷേധിക്കുന്ന യുവാക്കളെ ലാത്തിച്ചാര്‍ജ് ചെയ്യുന്നതിന്റെയും മോദി മയിലുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെയും വിഡിയോ എക്‌സില്‍ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പരാമര്‍ശം.

''അതുകൊണ്ടാണ് തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. അതുകൊണ്ടാണ് തൊഴിലവസരങ്ങള്‍ കുറയുന്നതും, നിയമന പ്രക്രിയകള്‍ തകര്‍ന്നതും. യുവാക്കളുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിടുകയാണ്. ഓരോ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഓരോ നിയമനവും അഴിമതിയുടെ കഥകളുമായി ബന്ധപ്പെട്ടിരിക്കുകയാണ്. തൊഴിലില്ലായ്മയില്‍ നിന്നും വോട്ട് മോഷണത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കുക എന്നതാണ് ഇപ്പോള്‍ ഏറ്റവും വലിയ ദേശസ്നേഹം'' രാഹുല്‍ എക്‌സില്‍ കുറിച്ചു.

Similar News