'വില്‍പത്രത്തില്‍ വിരലടയാളം പതിപ്പിക്കുന്നതിനായി ബാല്‍ താക്കറെയുടെ മൃതദേഹം ഒരു ദിവസം സൂക്ഷിച്ചു; വിവരം വെളിപ്പെടുത്തിയത് ബാല്‍ താക്കറെയെ ചികിത്സിച്ച ഡോക്ടര്‍'; ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ട് ശിവസേന നേതാവ്
ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ട് ശിവസേന നേതാവ്
മുംബൈ: ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ട് ഗുരുതര ആരോപണവുമായി ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തുള്ള ശിവസേന നേതാവ് രാംദാസ് കദം രംഗത്ത്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ വില്‍പത്രത്തെച്ചൊല്ലിയാണ് വിവദം. ബാല്‍ താക്കറെയുടെ മരണശേഷം, വില്‍പത്രത്തില്‍ വിരലടയാളം പതിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മൃതദേഹം ഒരു ദിവസം സൂക്ഷിച്ചുവെന്ന് കദം ആരോപിച്ചു. ബാല്‍ താക്കറെയെ ചികിത്സിച്ച ഡോക്ടറാണ് ഈ വിവരം വെളിപ്പെടുത്തിയതെന്നും രാംദാസ് കദം പറയുന്നു.
വിഷയത്തില്‍ ഉദ്ധവ് താക്കറെയുടെ പ്രതികരണം ആവശ്യപ്പെടുകയും വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കുകയും ചെയ്തു. വര്‍ഷങ്ങളോളം താന്‍ നിശബ്ദത പാലിച്ചെന്നും എന്നാല്‍ ഉദ്ധവ് പക്ഷം തന്റെ മകനെ അനാവശ്യമായി ഉന്നമിടുന്നതിനാലാണ് ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചതെന്നും കദം പറഞ്ഞു.
ബാല്‍ താക്കറെയുടെ മകന്‍ ജയ്ദേവ് മുന്‍പ് വില്‍പത്രത്തെ ചോദ്യം ചെയ്തുകൊണ്ട് കേസ് നല്‍കിയിരുന്നു. വില്‍പത്രം തയ്യാറാക്കുമ്പോള്‍ ഉദ്ധവ് അനാവശ്യ സ്വാധീനം ചെലുത്തിയെന്നും പിതാവിന് മാനസിക സുസ്ഥിരത ഉണ്ടായിരുന്നില്ലെന്നും ജയ്ദേവ് അന്ന് ആരോപിച്ചു. പക്ഷെ പിന്നീട് ജയ്ദേവ് കേസ് പിന്‍വലിക്കുകയും ചെയ്തു.
ഭാര്യയുടെ പേരില്‍ ഡാന്‍സ് ബാര്‍ നടത്തുകയും സ്ത്രീകളെക്കൊണ്ട് നൃത്തം ചെയ്യിച്ച് പണം സമ്പാദിക്കുകയും ചെയ്ത ഒരാളുടെ ആരോപണങ്ങളെ തങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ഉദ്ധവ് പക്ഷത്തുള്ള എംഎല്‍എ ഭാസ്‌കര്‍ ജാദവ് കദമിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.
കദമിന്റെ പരാമര്‍ശങ്ങള്‍ ബാല്‍ താക്കറെയോടുള്ള വഞ്ചനയാണെന്നും അദ്ദേഹം അപലപിച്ചു. ശിവസേനയിലൂടെ പ്രമുഖനായ ഒരാള്‍ പാര്‍ട്ടിയുടെ സ്ഥാപകനെതിരെ ഇത്തരം ദുരാരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2012 നവംബര്‍ 17-ന് വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുംബൈയില്‍ വെച്ചാണ് ബാല്‍ താക്കറെ അന്തരിച്ചത്.