ഡല്‍ഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ ഭരണമാതൃക ബിഹാറിലും നടപ്പാക്കും; ബിഹാറിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി; സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി
പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. 11 പേരടങ്ങുന്ന ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഡല്‍ഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ ഭരണമാതൃക ബിഹാറിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആം ആദ്മി ബിഹാര്‍ സംസ്ഥാന ചുമതലയുള്ള അജേഷ് യാദവ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 11 പേരടങ്ങുന്ന ആദ്യ സ്ഥാനാര്‍ഥി പട്ടിക അജേഷ് യാദവും പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് രാകേഷ് യാദവും ചേര്‍ന്നാണ് പുറത്തിറക്കിയത്.
ബെഗുസാരായില്‍ മീരാ സിങ്, പൂര്‍ണിയ ജില്ലയിലെ കസ്ബ സീറ്റില്‍ ഭാനു ഭാരതീയ, പട്‌നയിലെ ഫുല്‍വാരി സീറ്റില്‍ അരുണ്‍ കുമാര്‍ രജക്, പട്‌നയിലെ ബങ്കിപൂരില്‍ പങ്കജ് കുമാര്‍, മോത്തിഹാരിയിലെ ഗോവിന്ദ്ഗഞ്ചില്‍ അശോക് കുമാര്‍ സിങ്, ബുക്സര്‍ സീറ്റില്‍ റിട്ട.കാപ്റ്റന്‍ ധര്‍മരാജ് സിങ് എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്.
ബിഹാറില്‍ ഒറ്റക്ക് മത്സരിക്കുമെന്നും നിലവിലുള്ള രാഷ്ട്രീയ ഗ്രൂപ്പുകളുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയുന്നതായും പാര്‍ട്ടിയുടെ സംസ്ഥാന സഹ-ചുമതലയുള്ള അഭിനവ് റായ് പറഞ്ഞു. 'ഞങ്ങളുടെ സഖ്യം ജനങ്ങളുമായാണ്. അല്ലാതെ ഞങ്ങള്‍ ഒരു പാര്‍ട്ടിയുമായോ രാഷ്ട്രീയ സഖ്യവുമായോ കൂട്ടുകൂടില്ലെന്നും' അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 243 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത്. എന്‍.ഡി.എയും ഇന്‍ഡ്യ സഖ്യവുമാണ് പ്രധാന സഖ്യങ്ങള്‍. ഇവര്‍ക്കിടയിലാണ് ആം ആദ്മി ഒറ്റക്ക് മത്സരിക്കുന്നത്. ബി.ജെ.പി (80), ജെ.ഡി.യു (45), ആര്‍.ജെ.ഡി(77), കോണ്‍ഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. പുതിയ തെരഞ്ഞെടുപ്പ് പട്ടിക അനുസരിച്ച് 7.43 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.