'പോത്ത്, ഒരു വിലയുമില്ലാത്ത ജീവിതം'; തെലങ്കാനയില്‍ മന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് അതേ മന്ത്രിസഭയിലെ മറ്റൊരു മന്ത്രി; തെലങ്കാന കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം
ഹൈദരാബാദ്: തെലങ്കാന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി പൊന്നം പ്രഭാകര്‍, തന്റെ സഹപ്രവര്‍ത്തകനും പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുമായ അഡ്ലൂരി ലക്ഷ്മണിനെ 'പോത്ത്' എന്നും 'ഒരു വിലയുമില്ലാത്ത ജീവിതം' എന്നും അധിക്ഷേപിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മന്ത്രിസഭയില്‍ ആഭ്യന്തര കലഹം. പിന്നാക്ക വിഭാഗ (ബിസി) ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രി പൊന്നം പ്രഭാകരനാണ് ന്യൂനപക്ഷ വകുപ്പ് മന്ത്രിയായ അഡ്ലൂരി ലക്ഷ്മണനെ 'ജീവന് വിലയില്ലാത്ത പോത്ത്' എന്നുവിളിച്ച് അധിക്ഷേപിച്ചത്. ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിക്കിടെ മന്ത്രി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം വലിയ സംഘര്‍ഷത്തിന് കാരണമായി. സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ തന്റെ വാക്കുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വളച്ചൊടിച്ചതാണെന്നാണ് പൊന്നം പ്രഭാകറിന്റെ പ്രതികരണം.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടിക്കിടെയായിരുന്നു ഈ അധിക്ഷേപ പരാമര്‍ശം. കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കത്തിലേക്ക് നയിച്ചതിന് പിന്നാലെ പരാമര്‍ശം പെട്ടെന്ന് ഒരു ജാതീയ വിവാദമായി വളരുകയും ചെയ്തു. തിരഞ്ഞെടുപ്പ് പരിപാടിക്ക് ലക്ഷ്മണ്‍ വൈകിയെത്തിയപ്പോഴാണ് പൊന്നം പ്രഭാകര്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയതെന്നാണ് വിവരം. മൈക്രോഫോണ്‍ ഓണായിരിക്കെയായിരുന്നു ഈ പരാമര്‍ശം നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
മാഡിഗ സമുദായക്കാരനായ ലക്ഷ്മണ്‍ ഇതിനെതിരെ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പ്രസ്താവനയും ഇറക്കി. തനിക്കുണ്ടായ കടുത്ത വേദന പ്രകടിപ്പിച്ച അദ്ദേഹം, പ്രഭാകര്‍ ഔദ്യോഗികമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. തന്റെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായത്തെ ലക്ഷ്യം വെച്ചുള്ള അധിക്ഷേപമാണ് ഈ പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു. 'ലക്ഷ്മണ്‍ കുമാര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് എന്നെ അധിക്ഷേപിക്കാം, എന്നാല്‍ എന്റെ ജാതിയെ അധിക്ഷേപിക്കുന്നത് ശരിയല്ല' മന്ത്രി പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്നുള്ള ഒരു മന്ത്രിയെ എങ്ങനെ ഒരു സഹപ്രവര്‍ത്തകന് പരസ്യമായി അപമാനിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
മറ്റൊരു പട്ടികജാതി നേതാവായ വിവേക് വെങ്കടസ്വാമിയോട് സംസാരിക്കുന്നതിനിടെയാണ് പ്രഭാകര്‍ വിവാദ പരാമര്‍ശം നടത്തിയതെന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. 'നമുക്ക് സമയത്തെക്കുറിച്ചറിയാം, ജീവിതത്തെക്കുറിച്ചറിയാം. ആ പോത്തിന് എന്ത് അറിയാം?' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ക്ഷമാപണം നടത്തിയില്ലെങ്കില്‍ അതിന്റെ 'പ്രത്യാഘാതങ്ങള്‍ക്ക്' പ്രഭാകര്‍ ഉത്തരവാദിയായിരിക്കുമെന്ന് ലക്ഷ്മണ്‍ തറപ്പിച്ചു പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള ഹൈക്കമാന്‍ഡ് നേതൃത്വത്തിന് താനും തന്റെ സമുദായത്തിലെ പ്രതിനിധികളും ചേര്‍ന്ന് പരാതി നല്‍കി വിഷയം ശക്തമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതിഷേധങ്ങളും സമ്മര്‍ദ്ദങ്ങളും ഉയര്‍ന്നതോടെ ആരോപണം നിഷേധിച്ച് പ്രഭാകര്‍ രംഗത്തെത്തി. ലക്ഷ്മണനെതിരെ താന്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് പ്രഭാകര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ തന്റെ വാക്കുകള്‍ ബോധപൂര്‍വം വളച്ചൊടിച്ചതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ലക്ഷ്മണ്‍ വൈകിയെത്തിയതിനെക്കുറിച്ചല്ല, മറിച്ച് തന്റെ വിമാന ടിക്കറ്റുകള്‍ ഉറപ്പിക്കുന്നതിലുണ്ടായ കാലതാമസത്തെക്കുറിച്ച് സ്വന്തം ജീവനക്കാരോടാണ് താന്‍ സംസാരിച്ചതെന്നും പ്രഭാകര്‍ വാദിച്ചു.