നടന്നത് വോട്ടു കൊള്ള; ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് കോണ്‍ഗ്രസ്; വലിയ തട്ടിപ്പുകള്‍ നടന്നുവെന്നും അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും കെസി; നിയമ പോരാട്ടത്തിന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നടന്നത് വോട്ടുകൊള്ളയാണ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുശേഷമായിരുന്നു കെ.സിയുടെ പ്രതികരണം. ഫലം കൃത്യമായി വിശകലനം ചെയ്യും. വലിയ തട്ടിപ്പുകള്‍ നടന്നു. അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനെതിരെ ശക്തമായിട്ടുള്ള നിയമ നടപടികളും തുടര്‍നടപടികളും ഉണ്ടാവും.
ഡാറ്റകള്‍ ശേഖരിച്ച് പരിശോധിക്കും. തേജസ്വി യാദവുമായി സംസാരിച്ചു. ബിഹാര്‍ ഫലം ഇന്ത്യാ സഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വിലയിരുത്തല്‍ നടത്തിയിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ലഭിക്കുന്ന വിവരം.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 19 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസിന് ഇത്തവണ ആറ് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. കോണ്‍ഗ്രസും ആര്‍ജെഡിയും ഇടത് പാര്‍ട്ടികളും അടങ്ങിയ മഹാസഖ്യത്തിന് 35 സീറ്റ് ആണ് ലഭിച്ചത്. എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തിലാണ് ഭരണം നിലനിര്‍ത്തിയത്. 202 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്.