'ഓരോ ആറ് എംഎല്‍എമാര്‍ക്കും ഒരു മന്ത്രി'; ബിജെപിക്ക് പതിനഞ്ചും ജെഡിയുവിന് പതിനാലും മന്ത്രിമാര്‍; ഘടകകക്ഷികള്‍ക്കും മന്ത്രിമാര്‍; മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച് നിതീഷ് കുമാര്‍; അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനം

Update: 2025-11-16 11:08 GMT

പട്‌ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ എന്‍ഡിഎ സര്‍ക്കാര്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രിസഭാംഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. 89 സീറ്റുകള്‍ നേടിയ ബിജെപിയാണ് എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 85 സീറ്റുകളുമായി ജെഡിയുവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എല്‍ജെപിക്ക് 19 സീറ്റും എച്ച്എഎമ്മിന് 5 സീറ്റുകളുമാണ് ലഭിച്ചത്. മന്ത്രിസഭയില്‍ ഈ പാര്‍ട്ടികള്‍ക്കും സ്ഥാനം ലഭിച്ചേക്കും.

കൂടുതല്‍ മന്ത്രിപദവികള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 'ഓരോ ആറ് എംഎല്‍എമാര്‍ക്കും ഒരു മന്ത്രി' എന്ന ഫോര്‍മുല ഇതിനായി എന്‍ഡിഎ പിന്തുടരുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതുപ്രകാരം ബിജെപിക്ക് 15 മന്ത്രിസ്ഥാനങ്ങളും ജെഡിയുവിന് 14 മന്ത്രിസ്ഥാനങ്ങളും ലഭിക്കും. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന ലോക് ജനശക്തി പാര്‍ട്ടിക്ക് (റാം വിലാസ്) മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടിക്കും (ആര്‍എല്‍എസ്പി) ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.

നിതീഷ് കുമാര്‍ നാളെ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. പതിനേഴാമത് നിയമസഭ പിരിച്ചുവിടാന്‍ യോഗം പ്രമേയം പാസാക്കും. തുടര്‍ന്ന് നിതീഷ് കുമാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജി സമര്‍പ്പിക്കും. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ആരംഭിക്കും. പട്നയിലെ ഗാന്ധി മൈതാനിയില്‍ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍. പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

Similar News