ചരിത്രവിജയത്തിന് പിന്നാലെ ചരിത്രത്തിലേക്ക് മുന്നേറാന്‍ നിതീഷ് കുമാര്‍; പത്താം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; എന്‍ഡിഎ നേതാവായി തിരഞ്ഞെടുത്തു; സാമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരെന്ന് സൂചന; പ്രധാനമന്ത്രിയും ബിജെപി മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും

Update: 2025-11-19 16:53 GMT

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ ചരിത്രത്തിലേക്ക് മുന്നേറാന്‍ നിതീഷ് കുമാര്‍. ചരിത്രത്തിലാദ്യമായി പത്താം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ അധികാരമേല്‍ക്കും. ഗാന്ധി മൈതാനില്‍ സത്യപ്രതിജ്ഞാ ചടങ്ങിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി മുഖ്യമന്ത്രിമാരും സാക്ഷ്യം വഹിക്കും. എന്‍ഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ അഭ്യര്‍ത്ഥിച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടിരുന്നു.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എല്ലാ എന്‍ഡിഎ ഘടകകക്ഷികളുടെയും പിന്തുണക്കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. നിതീഷ് കുമാറിന്റെ വസതിയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തില്‍ ജെഡിയു നേതാവിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. ജെഡിയു യോഗത്തിന് ശേഷം, വിജയ് ചൗധരി, സഞ്ജയ് ഝാ എന്നിവര്‍ക്കൊപ്പം നിതീഷ് കുമാര്‍ സംസ്ഥാന നിയമസഭയുടെ സെന്‍ട്രല്‍ ഹാളില്‍ നടന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തു.

അവിടെവെച്ചാണ് അദ്ദേഹത്തെ എന്‍ഡിഎയുടെ നേതാവായി തിരഞ്ഞെടുത്തത്. 'പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ നിതീഷ് കുമാറിനെ ജെഡിയുവിന്റെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.' മന്ത്രി ശ്രാവണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

'ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായി, ഇന്ത്യയുടെയും ലോകത്തിന്റെയും ചരിത്രത്തില്‍ പോലും, നമ്മുടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പത്താം തവണ സത്യപ്രതിജ്ഞ ചെയ്യും. പുതിയ വെല്ലുവിളികളുമായി പുതിയ സര്‍ക്കാരിനെ സ്വാഗതം ചെയ്യുന്ന, ആഘോഷിക്കാനുള്ള വളരെ വലിയൊരു അവസരമാണ് ബിഹാറിനുള്ളത്. ഈ ഘട്ടം ബിഹാറിന് ഒരു സുവര്‍ണ്ണ കാലഘട്ടമായിരിക്കും.' ബിജെപി എംപി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ നേതാവായി സമ്രാട്ട് ചൗധരിയെയും ഉപനേതാവായി വിജയ് സിന്‍ഹയെയും തിരഞ്ഞെടുത്തിരുന്നു. ഇരുവരും ഉപമുഖ്യമന്ത്രിമാരായി തുടരും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ് കുമാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജി നല്‍കി.

സര്‍ക്കാര്‍ രൂപീകരണത്തിനു ഘടകകക്ഷികളുടെ പിന്തുണക്കത്തുകളും കൈമാറി. മുഖ്യമന്ത്രി നിതീഷ് കുമാറിനു പുറമേ 10 ജെഡിയു മന്ത്രിമാരും 9 ബിജെപി മന്ത്രിമാരും എല്‍ജെപി (റാംവിലാസ്), ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, രാഷ്ട്രീയ ലോക് മോര്‍ച്ച കക്ഷികളില്‍നിന്ന് ഓരോ മന്ത്രിമാരും ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന. മന്ത്രിസഭ പിന്നീട് വികസിപ്പിക്കും.

ബിജെപിയുടെ സാമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായി തുടരാനാണ് സാധ്യത. 243 അംഗ സഭയില്‍ 202 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയത്. ഇതില്‍ ബിജെപി 89, ജെഡിയു 85, എല്‍ജെപി (ആര്‍വി) 19, എച്ച്എഎം-എസ് 5, ആര്‍എല്‍എം 4 എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയത്. പ്രതിപക്ഷമായ മഹാഘട്ട്ബന്ധന്‍ 40-ല്‍ താഴെ സീറ്റുകളിലേക്ക് ഒതുങ്ങി. ആര്‍ജെഡിക്ക് 25 സീറ്റുകളും കോണ്‍ഗ്രസിന് ആറ് സീറ്റുകളും ലഭിച്ചു.

Similar News