ബിഹാര്‍ മുഖ്യമന്ത്രി പദത്തില്‍ പത്താം ഊഴം; ചരിത്രമെഴുതി നിതീഷ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിജെപിയുടെ സാമ്രാട്ട് ചൗധരിയും വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാര്‍; പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എന്‍ഡിഎ മുഖ്യമന്ത്രിമാരും വേദിയില്‍

Update: 2025-11-20 06:53 GMT

പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പട്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പദത്തില്‍ നിതീഷിനിത് പത്താമൂഴമാണ്.

തുടര്‍ച്ചയായ അഞ്ചാം തവണയാണ് നിതീഷ്‌കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്. ബിജെപിയുടെ സാമ്രാട്ട് ചൗധരിയും വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രി ആയിരുന്നു. ധന വകുപ്പ് അടക്കം കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായി ഏറെ ബന്ധം സൂക്ഷിക്കുന്ന ആളാണ് സമ്രാട്ട് ചൗധരി.

പട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

19 എംഎല്‍എമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ പ്രവേശിച്ചു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നിതീഷ് കുമാറിന് ഹസ്തദാനം നല്‍കി ആശംസകള്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരടക്കം വന്‍ ജനാവലിയാണ് സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്.

ഇന്നലെ നിയമസഭാ സെന്‍ട്രല്‍ ഹാളില്‍ നടന്ന എന്‍.ഡി.എ നിയമസഭാ പാര്‍ട്ടി യോഗം നേതാവായി നിതീഷിനെ തിരഞ്ഞെടുത്തിരുന്നു. പിന്നാലെ നിതീഷ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു. എന്‍.ഡി.എ സഖ്യകക്ഷികളുടെ പിന്തുണാ കത്തുകളും സമര്‍പ്പിച്ചു. 2020ല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു.

ലക്ഷങ്ങളാണ് ചടങ്ങിനെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന മൈതാനത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. 243 അംഗ നിയമസഭയില്‍ 202 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ ബിഹാറില്‍ അധികാരത്തില്‍ വീണ്ടുമെത്തിയത്. ബിജെപി-89, ജെഡിയു-85, എല്‍ജെപി (ആര്‍വി)-19, എച്ച്എഎം-5, ആര്‍എല്‍എം-4 എന്നിങ്ങനെയാണ് കക്ഷികളുടെ സീറ്റുനില.

Similar News