ലാലുവും ഭാര്യ റാബ്‌റിയും മക്കളും കുടുബവീട് പോലെ 20 വര്‍ഷം കഴിഞ്ഞിരുന്ന ഔദ്യോഗിക വസതി; പട്‌നയിലെ 10 സിര്‍കുലാര്‍ റോഡിലെ സര്‍ക്കാര്‍ വസതി ഒഴിയണമെന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍; ഭരണത്തിലേറെ പത്ത് ദിവസം തികയുംമുമ്പെ നിര്‍ണായക തീരുമാനം; ഈ വിലാസംമാറ്റം ലാലുവിനെ അപമാനിക്കാനെന്ന് രോഹിണി ആചാര്യ

Update: 2025-11-26 13:02 GMT

പട്‌ന: രണ്ട് പതിറ്റാണ്ടായി ലാലു പ്രസാദ് യാദവും കുടുംബം താമസിച്ചിരുന്ന പട്‌നയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 10 ദിവസം പോലും തികയുന്നതിന് മുമ്പ് പട്‌നയിലെ 10 സിര്‍കുലാര്‍ റോഡിലെ ഔദ്യോഗിക വസതിയൊഴിയാന്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയോട് ആവശ്യപ്പെട്ടു. ലാലു പ്രസാദ് യാദവും ഭാര്യ റാബ്‌റിയും മക്കളും 20 വര്‍ഷത്തോളമായി താമസിക്കുന്നത് ഈ ഔദ്യോഗിക വസതിയിലാണ്.

നവംബര്‍ 25നാണ് റാബ്‌റിക്ക് വസതിയൊഴിയണമെന്നാവശ്യപ്പെട്ട് ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ഡിപാര്‍ട്‌മെന്റ് നോട്ടീസയച്ചത്. ഇവര്‍ക്കായി ഹര്‍ദിങ് റോഡില്‍ മറ്റൊരു ബംഗ്ലാവും അനുവദിച്ചിട്ടുണ്ട്. 2019ലെ പട്‌ന ഹൈക്കോടതി വിധിയനുസരിച്ചാണ് നോട്ടീസയച്ചതെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുഫണ്ട് ദുരുപയോഗം ചെയ്ത് മുന്‍ മുഖ്യമന്ത്രിമാര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതികള്‍ ജീവിതകാലം മുഴുവന്‍ ഉപയോഗിച്ചുവരികയാണെന്നായിരുന്നു ഹൈക്കോടതി വിധി.

അതേസമയം, ഈ വിലാസംമാറ്റം ലാലു പ്രസാദ് യാദവിനെ അപമാനിക്കലാണെന്ന് ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ വിശേഷിപ്പിച്ചു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ ലാലുവിന്റെ കുടുംബത്തെ മനപൂര്‍വം ലക്ഷ്യം വെക്കുകയാണ് സിംഗപ്പൂരില്‍ കഴിയുന്ന രോഹിണി ആചാര്യ പറഞ്ഞു.

''സുഹാസന്‍ ബാബുവിന്റെ(ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍)പുതിയ വികസന മോഡല്‍ ആണിത്. കോടിക്കണക്കിന് ജനങ്ങളുടെ മിശിഹ ആയ ലാലുപ്രസാദ് യാദവിനെ അപമാനിക്കുന്നതിനാണ് അദ്ദേഹം ഏറ്റവും അധികം മുന്‍ഗണന നല്‍കുന്നത്. എന്‍.ഡി.എക്ക് അദ്ദേഹത്തിനെ ഈ വസതിയില്‍ നിന്ന് പുറത്താക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ ബിഹാര്‍ ജനതയുടെ ഹൃദയത്തില്‍ നിന്ന് എങ്ങനെ പുറത്താക്കാന്‍ കഴിയും''-എന്നായിരുന്നു രോഹിണിയുടെ എക്‌സ് പോസ്റ്റ്.

ലാലുവിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ പദവിയെങ്കിലും കണക്കിലെടുക്കാമായിരുന്നുവെന്നും രോഹിണി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 10 സര്‍ക്കുലര്‍ റോഡിലെ വസതി റാബ്‌റി ദേവിക്ക് അനുവദിച്ചത്. നിരവധി പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയായ വീട് കൂടിയാണിത്. റാബ്‌റി ദേവിയോട് മാത്രമല്ല മകന്‍ തേജ് പ്രതാപ് യാദവിനോടും ബിഹാറിലെ ഔദ്യോഗിക വസതികള്‍ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി 26 എം സ്ട്രാന്‍ഡ് റോഡിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാഫിയ അംഗങ്ങള്‍ക്കായി ബുള്‍ഡോസര്‍ തയാറാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സാമ്രാട്ട് ചൗധരി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് രോഹിണി എക്‌സില്‍ കുറിപ്പിട്ടത്. ''ബുള്‍ഡോസര്‍ തയാറാണ്. ഞങ്ങളുടെ കൈയില്‍ 400 മാഫിയ അംഗങ്ങളുടെ പേരുവിവരങ്ങളുണ്ട്. അവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകും''-എന്നായിരുന്നു സാമ്രാട്ട് ചൗധരി പ്രഖ്യാപിച്ചത്.

ബിഹാറിലെ ജയിലുകളില്‍ സുരക്ഷ ശക്തമാക്കുമെന്നും ചൗധരി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പും നല്‍കി. അതിനിടെ, മുമ്പത്തെ നിതീഷ് കുമാറിന്റെ ഭരണം പോലെയല്ല ഇനിയെന്നും ഇപ്പോള്‍ ആഭ്യന്തരം കൈയാളുന്നത് ബി.ജെ.പിയാണെന്നും വ്യാജ ഏറ്റുമുട്ടലുകളും ബുള്‍ഡോസറുകളുടെ ഉപയോഗവും വ്യാപകമാവുമെന്നും സി.പി.ഐ-എം.എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ ട്രൈബ്യൂണിന് നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചു.

പുതിയ മന്ത്രിസഭയുടെ ആദ്യ സമ്മേളനം ഡിസംബര്‍ 1നായിരിക്കും. ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ നടക്കുന്ന സമ്മേളനത്തില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യുകയും സ്പീക്കറെ തെരഞ്ഞെടുക്കുകയും ചെയ്യും.

Similar News