'500 കോടി രൂപ കൈവശമുള്ളവര്‍ക്കേ മുഖ്യമന്ത്രിയാകാന്‍ കഴിയൂ'; പഞ്ചാബില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ; നവ്‌ജ്യോത് കൗര്‍ സിദ്ദുവിനെ സസ്‌പെന്‍ഡ് ചെയ്ത് പാര്‍ട്ടി നേതൃത്വം
ഛണ്ഡീഗഢ്: നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്‌ജ്യോത് കൗര്‍ സിദ്ദുവിനെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയാകാന്‍ 500 കോടിയുള്ളവര്‍ക്കേ സാധിക്കൂ എന്ന വിവാദ പരാമര്‍ശത്തിനു പിന്നാലെയാണ് നവ്‌ജ്യോത് കൗര്‍ സിദ്ദുവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
500 കോടി രൂപയടങ്ങുന്ന സ്യൂട്ട്‌കെയ്‌സ് നല്‍കുന്നയാള്‍ മുഖ്യമന്ത്രിയാകുന്നു എന്നായിരുന്നു നവ്‌ജ്യോത് കൗറിന്റെ പരാമര്‍ശം. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇത് വന്‍തോതില്‍ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടിക്കകത്തു തന്നെ സമ്മര്‍ദ്ദമുയര്‍ന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കോണ്‍ഗ്രസ് പഞ്ചാബ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് അറിയിച്ചത്.
ഒരു പാര്‍ട്ടിക്കും നല്‍കാന്‍ തങ്ങളുടെ കൈവശം പണമില്ലെന്നും എന്നാല്‍ പഞ്ചാബിനെ ഒരു സുവര്‍ണ്ണ സംസ്ഥാനം ആക്കി മാറ്റാന്‍ കഴിയുമെന്നും നവജ്യോത് കൗര്‍ സിദ്ധു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ മാത്രമേ സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരൂ എന്നും ഭാര്യ. തങ്ങളുടെ കയ്യില്‍ പണം ഇല്ല, അവസരം നല്‍കിയാല്‍ പ്രവര്‍ത്തിച്ചു കാണിക്കുമെന്നും അവര്‍ പറഞ്ഞു.
പഞ്ചാബിന് വേണ്ടി എപ്പോഴും ശബ്ദിക്കുന്നവരാണ് ഞങ്ങള്‍. എന്നാല്‍, മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാനാവശ്യമായ 500 കോടി രൂപ ഞങ്ങളുടെ പക്കല്‍ ഇല്ല എന്നായിരുന്നു നവ്‌ജ്യോത് കൗര്‍ സിദ്ദുവിന്റെ പരാമര്‍ശം. ആരെങ്കിലും ഇത്തരത്തില്‍ പണം ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന്, ആരും ആവശ്യപ്പെട്ടിട്ടില്ല, എന്നാല്‍ 500 കോടി രൂപയുടെ സ്യൂട്ട്‌സെയ്ക് നല്‍കുന്നയാള്‍ക്ക് മുഖ്യമന്ത്രിയാകാമെന്നായിരുന്നു മറുപടി.
പഞ്ചാബില്‍ കോണ്‍ഗ്രസിന് അഞ്ചു മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ഉണ്ടെന്നും നവ്‌ജോത് കൗര്‍ സിദ്ദു പറഞ്ഞു. ''എന്നാല്‍ ഇത്രയധികം ഉള്‍പ്പോരുകള്‍ ഉള്ളതിനാല്‍, നവജ്യോത് സിദ്ധുവിനെ സ്ഥാനക്കയറ്റം നല്‍കാന്‍ അവര്‍ അനുവദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇതിനകം അഞ്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ഉണ്ട്. അവര്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഉറച്ചുനില്‍ക്കുകയാണ്. ഹൈക്കമാന്‍ഡ് ഇത് മനസ്സിലാക്കണം'' അവര്‍ പറഞ്ഞു.
