'ബിഹാറിലെ ജംഗിള്‍രാജ് ജനങ്ങള്‍ പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിള്‍രാജ് അവസാനിപ്പിക്കണം; കോണ്‍ഗ്രസ് സര്‍ക്കാര്‍ പതിറ്റാണ്ടുകളായി ചെയ്തുവന്ന തെറ്റ് ബിജെപി സര്‍ക്കാര്‍ തിരുത്തും'; പശ്ചിമബംഗാളിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലും അസമിലും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ജംഗിള്‍രാജ് ജനങ്ങള്‍ പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിള്‍രാജ് അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്തെ തെറ്റുകള്‍ തിരുത്തുന്നതാണ് തന്റെ സര്‍ക്കാരിന്റെ വികസന നയമെന്ന് മോദി ആസമില്‍ അവകാശപ്പെട്ടു. അസമിനും രാജ്യത്തിനും എതിരായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. വോട്ട് ബാങ്കിനായി അനധികൃത കുടിയേറ്റത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലും അസമിലുമായി വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തിയത്.
നുഴഞ്ഞുകയറ്റക്കാരെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് പൂര്‍ണമായി മാറ്റിനിര്‍ത്താനാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) ആരംഭിച്ചത്. എന്നാല്‍ ചില ദേശദ്രോഹികള്‍ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അസമിലെ ഗുവാഹത്തിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റം തടയാനുള്ള കര്‍ശന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയാണ്. പതിറ്റാണ്ടുകളായി അസമിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അവഗണിച്ച കോണ്‍ഗ്രസിന്റെ തെറ്റുകള്‍ താന്‍ തിരുത്തുകയാണെന്നും മോദി പറഞ്ഞു.
''വികസനത്തില്‍നിന്ന് അസമിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അകറ്റിനിര്‍ത്തിയെന്ന പാപം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തു. അതിന്റെ ഫലമായി രാജ്യത്തിന്റെ ഐക്യം, സുരക്ഷ, അഖണ്ഡത എന്നിവയുടെ കാര്യത്തില്‍ രാജ്യത്തിന് നല്‍കേണ്ടിവന്ന വില വളരെ വലുതാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് പതിറ്റാണ്ടുകളോളം അക്രമം തഴച്ചുവളര്‍ന്നു. വെറും 10-11 വര്‍ഷം കൊണ്ട് ഞങ്ങള്‍ അത് അവസാനിപ്പിക്കാന്‍ പോവുകയാണ്. ഒരുകാലത്ത് അക്രമബാധിതമെന്ന് കണക്കാക്കപ്പെട്ടിരുന്ന വടക്കുകിഴക്കന്‍ മേഖലയിലെ ജില്ലകള്‍ ഇന്ന് വികസിച്ചുകൊണ്ടിരിക്കുകയാണ്'' നരേന്ദ്ര മോദി പറഞ്ഞു.
കനത്ത മൂടല്‍ മഞ്ഞുകാരണം പശ്ചിമബംഗാളിലെ റാണഘട്ടില്‍ നേരിട്ട് റാലികളില്‍ പങ്കെടുക്കാന്‍ മോദിക്കായില്ല . മൂടല്‍ മഞ്ഞുകാരണം ഹെലികോപ്റ്ററിന് താഹെര്‍പൂരില്‍ ഇറങ്ങാനായില്ല, തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങിയ മോദി വിമാനത്താവളത്തില്‍ നിന്ന് ഫോണിലൂടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്.
പശ്ചിമ ബംഗാളിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ആവശ്യമാണെന്ന് മോദി പറഞ്ഞു. ബിഹാറില്‍ എന്‍ഡിഎയ്ക്ക് വോട്ട് നല്‍കി ജംഗിള്‍ രാജിനെ അവിടുത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ബംഗാളില്‍ തുടരുന്ന മഹാജംഗിള്‍ രാജിനെയും ജനങ്ങള്‍ തുടച്ചുനീക്കണമെന്നും മോദി പറഞ്ഞു. റാണഘട്ടില്‍ 3,200 കോടി രൂപയുടെ ദേശീയപാതയടക്കം വികസനപ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അസമിലെ ഗുവാഹത്തിയില്‍ എത്തി മോദി ലോക്പ്രിയ ഗോപിനാഥ് ബോര്‍ദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്യാധുനിക ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച മോദി കുടിയേറ്റം പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസ് അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയെ വെല്ലുവിളിച്ചെന്ന് ആരോപിച്ചു.
നാളെ ഗുവാഹത്തിയിലെ ബോറഗാവിലുള്ള രക്തസാക്ഷി സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരമര്‍പ്പിക്കും. പിന്നീട ദിബ്രുഗഡ് ജില്ലയിലെ നാംരൂപിലെത്തി അസം വാലി ഫെര്‍ട്ടിലൈസര്‍ ആന്‍ഡ് കെമിക്കല്‍ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ വളം പദ്ധതിയുടെ ഭൂമിപൂജ നിര്‍വ്വഹിക്കും.നിയമസഭാ തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് രണ്ടു മാസം ബാക്കിനില്‍ക്കെയാണ് ഇരുസംസ്ഥാനങ്ങളിലും മോദിയുടെ സന്ദര്‍ശനം.
