വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമെന്ന ഭയം; ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ വ്യാജ സഹതാപം പ്രകടിപ്പിക്കുന്നു; ബംഗളൂരു കുടിയൊഴിപ്പിക്കല്‍ കേരള മുഖ്യമന്ത്രി അനാവശ്യമായി രാഷ്ട്രീയവത്കരിക്കുന്നു: ഒഴിപ്പിക്കല്‍ നടത്തിയത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനെന്ന് ഡി.കെ ശിവകുമാര്‍
ബംഗളൂരു: അനധികൃത കുടിയേറ്റത്തെ തുടര്‍ന്ന് ബംഗളൂരു യെലഹങ്കയില്‍ നടത്തിയ ബുള്‍ഡോസര്‍ രാജിനെതിരായ വിമര്‍ശനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. പിണറായി വിജയന്‍ രാഷ്ട്രീയം കളിക്കുന്നു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഒഴിപ്പിക്കല്‍ നടത്തിയത്. കയ്യേറ്റക്കാരെയാണ് ഒഴിപ്പിച്ചത് സര്‍ക്കാര്‍ വസ്തുക്കള്‍ സംരക്ഷിയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. കുടിയൊഴിപ്പിക്കല്‍ കേരള മുഖ്യമന്ത്രി അനാവശ്യമായി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഡി.കെ ശിവകുമാര്‍ ആരോപിച്ചു. യെലഹങ്ക സന്ദര്‍ശിച്ച ശേഷം എക്സിലൂടെയാണ് ശിവകുമാറിന്റെ പ്രതികരണം.
'കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും കേരളാ മുഖ്യമന്ത്രിയും യെലഹങ്ക വിഷയം അനാവശ്യമായി രാഷ്ട്രീയവത്കരിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമെന്ന ഭയം കാരണം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ വ്യാജ സഹതാപം പ്രകടിപ്പിക്കുന്നു. യെലഹങ്കയില്‍ പാവപ്പെട്ടവരില്‍ നിന്നും പണം വാങ്ങി ചിലര്‍ വീടുകള്‍ നിര്‍മിച്ച് നല്‍കി. സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് നിര്‍മാണം നടത്തിയത്'.
''പിണറായി വിജയനെപ്പോലുള്ള ഒരു മുതിര്‍ന്ന നേതാവ് ഈ വിഷയത്തെക്കുറിച്ച് പൂര്‍ണ്ണമായ അറിവില്ലാതെ അഭിപ്രായം പറഞ്ഞത് ദുഃഖകരമാണ്. വെട്ടിത്തെളിച്ച ഭൂമി ഒരു ഖരമാലിന്യക്കുഴിയായിരുന്നു. ഇത് പ്രദേശത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഞങ്ങള്‍ മനുഷ്യത്വം കാണിക്കുകയും അവര്‍ക്ക് മറ്റൊരിടത്തേക്ക് മാറാന്‍ അവസരം നല്‍കുകയും ചെയ്തു. പുറത്തുനിന്നുള്ള നേതാക്കള്‍ അത്തരം കാര്യങ്ങളില്‍ ഇടപെടരുത്.''- ശിവകുമാര്‍ പറഞ്ഞു.
ഭൂമാഫിയകള്‍ പിന്നീട് ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇത് അനുവദിക്കില്ല. അവിടെ താമസിക്കുന്ന ആളുകള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍, രാജീവ് ഗാന്ധി പദ്ധതി പ്രകാരം അവര്‍ക്ക് വീടുകള്‍ നല്‍കും. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിന് നല്‍കിയതാണ് ഈ ഭൂമി. കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി. പുറന്തള്ളിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചെന്നും അതില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്‌തെന്നും ഡി.കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ വിമര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയും യഥാര്‍ഥ വസ്തുതകള്‍ മനസിലാക്കാതെയാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭക്ഷണവും പുനരധിവാസവും ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരയാണ് ഒഴിപ്പിച്ചത്. ഇവര്‍ പ്രദേശവാസികളല്ല, കുടിയേറ്റ തൊഴിലാളികളാണ്. മാനുഷിക പരിഗണനയില്‍ എല്ലാ സഹായവും ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.
മാലിന്യനിക്ഷേപ കേന്ദ്രമായ യെലഹങ്കയില്‍ നിരവധിപേര്‍ അനധികൃതമായി കുടിയേറി താമസിക്കുകയായിരുന്നു. അത് മനുഷ്യര്‍ക്ക് താമസിക്കാന്‍ പറ്റിയ സ്ഥലമല്ല. അവിടെ നിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും താമസക്കാര്‍ അനുസരിച്ചില്ല. ഈ സാഹചര്യത്തില്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നും സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.
ബംഗളൂരു ബുള്‍ഡോസര്‍ രാജില്‍ കര്‍ണാടക സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോള്‍ അതിന്റെ കാര്‍മികത്വം കര്‍ണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോണ്‍ഗ്രസിനാണ് എന്നത് ആശ്ചര്യകരമാണ്. ഇങ്ങനെ ബലംപ്രയോഗിച്ച് ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോണ്‍ഗ്രസ് ന്യായീകരിക്കുകയെന്ന ചോദ്യവും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.
