ഇനി മോദിയുടെ ലക്ഷ്യം ഗംഗയൊഴുകുന്ന ബംഗാള്‍! പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അധീര്‍ രഞ്ജന്‍ ചൗധരി; ചര്‍ച്ചയായത് ബംഗാളി തൊഴിലാളികള്‍ക്കെതിരായ ആക്രമണമെന്ന് വിശദീകരണം; തരൂരിനും ദിഗ് വിജയ് സിംഗിനും പിന്നാലെ ബംഗാള്‍ നേതാവും; മമതയെ വീഴ്ത്താന്‍ ബിജെപി കരുനീക്കങ്ങളില്‍
ന്യൂഡല്‍ഹി: ശശി തരൂരിനും ദിഗ് വിജയ് സിംഗിനും പിന്നാലെ അധീര്‍ രഞ്ജന്‍ ചൗധരിയും. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദത്തിലേക്ക്. കോണ്‍ഗ്രസിനുള്ളില്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. എന്നാല്‍ ഇതൊരു രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്നും രാജ്യത്തെ സുപ്രധാനമായ ചില വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ആക്രമണങ്ങളില്‍ ചൗധരി പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്തി ആക്രമിക്കുന്നത് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രാദേശിക ഭരണകൂടങ്ങള്‍ പോലും ബംഗാളി സംസാരിക്കുന്നവരെ തെറ്റായി മനസ്സിലാക്കുകയും വിവേചനപരമായി പെരുമാറുകയും ചെയ്യുന്നതായി അദ്ദേഹം പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
മതുവ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണെന്നും അവരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലെ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രി തനിക്ക് ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനോടും മമത ബാനര്‍ജിയോടും അദ്ദേഹം സ്വീകരിക്കുന്ന കടുത്ത നിലപാട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവായിരുന്നു. ശശി തരൂരിനെ മറികടന്നാണ് ഈ പദവി നല്‍കിയത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് നേതൃത്വവുമായി ബംഗാള്‍ നേതാവ് അകന്നു. അതുകൊണ്ടാണ് മോദി കൂടിക്കാഴ്ചയ്ക്ക് പ്രസക്തി കൂടുന്നത്. ബംഗാളില്‍ മമതയേയും കോണ്‍ഗ്രസിനേയും കൂടുതല്‍ അകറ്റുന്നതാണ് ഈ നടപടി. മാസങ്ങള്‍ക്കുള്ളില്‍ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഈ സാഹചര്യത്തിലാണ് കൂടികാഴ്ചയുടെ പ്രസക്തി കൂടുന്നത്.
ഗംഗയൊഴുകുന്ന ബംഗാളാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. ബീഹാര്‍ ഇലക്ഷന് ശേഷമായിരുന്നു അത്. ബീഹാറിലെ വിജയം ബംഗാളിലേക്ക് കൊണ്ടു വരാന്‍ ബിജെപി കരുനീക്കങ്ങളിലാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവുമായുള്ള കൂടിക്കാഴ്ച പ്രസക്തമാകുന്നത്.
