ആര്‍.എസ്.എസ് അര്‍ധസൈനിക സംഘടനയല്ല; ബിജെപിയെ നോക്കി സംഘത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ തെറ്റായിരിക്കും; ഇതൊരു സവിശേഷ സംഘടനയാണ്; മനസ്സിലാക്കാന്‍ നിങ്ങള്‍ സംഘടനക്കുള്ളിലേക്ക് വരണമെന്ന് മോഹന്‍ ഭഗവത്

Update: 2026-01-03 13:30 GMT

ഭോപാല്‍: ബി.ജെ.പിയെ മനസ്സിലാക്കുന്ന അതേ കണ്ണിലൂടെ ആര്‍.എസ്.എസിനെ വിലയിരുത്തുന്നത് അബദ്ധമാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. യൂണിഫോം ധരിക്കുന്നതിനാലും ശാരീരിക അഭ്യാസങ്ങള്‍ ചെയ്യുന്നതിനാലും ആര്‍എസ്എസ് ഒരു അര്‍ധ സൈനിക സംഘടനയല്ല. ബിജെപിയെ നോക്കി ആര്‍എസ്എസിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വലിയ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ യൂണിഫോം ധരിക്കുകയും വടികളുമായി മാര്‍ച്ച് നടത്തുകയും വ്യായാമം ചെയ്യാറുമുണ്ട്. എന്നാല്‍, ഇതൊരു അര്‍ധസൈനിക സംഘടനയാണെന്ന് ധരിക്കുന്നത് അബദ്ധമാണ്. ഇതൊരു സവിശേഷ സംഘടനയാണ്. അതുകൊണ്ട് ആര്‍.എസ്.എസിനെ മനസ്സിലാക്കി തരിക പ്രയാസമാണ്'- മോഹന്‍ ഭഗവത് വിശദീകരിക്കുന്നു.

ഇന്ത്യ ഒരിക്കലും വിദേശശക്തിയുടെ പിടിയില്‍ വീഴാതിരിക്കാന്‍ സമൂഹത്തെ ഒന്നിപ്പിക്കാനും ആവശ്യമായ ഗുണങ്ങളും മൂല്യങ്ങളും പകര്‍ന്നു നല്‍കാനുമാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'സംഘത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ ഞാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. മനസ്സിലാക്കാന്‍ അകത്ത് വരിക. എന്റെ വാക്കുകളില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമില്ലെങ്കില്‍, അത് സാരമില്ല. സംഘത്തെ മനസ്സിലാക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. പഞ്ചസാരയുടെ രുചി എങ്ങനെയിരിക്കും എന്ന് ഞാന്‍ രണ്ടു മണിക്കൂര്‍ വിശദീകരിച്ചാല്‍ അത് നിഷ്ഫലമാകും. ഒരു ടീസ്പൂണ്‍ പഞ്ചസാര കഴിക്കൂ, അപ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലാകും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസിനെ കുറിച്ച് തെറ്റിദ്ധാരണ വ്യാപകമാവുന്ന ഘട്ടത്തില്‍ അതിന്റെ ദൗത്യത്തെ കുറിച്ചും സമൂഹത്തിലെ പങ്കിനെക്കുറിച്ചും വിശദീകരിക്കേണ്ടത് ആവശ്യമാണെന്നും ഭഗവത് പറയുന്നു. 'പ്രബല ശക്തികളോടുള്ള എതിര്‍പ്പിന്റെ ഭാഗമായാണ് സംഘം രൂപീകരിച്ചതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍, അങ്ങനെയല്ല. ആര്‍.എസ്.എസ് ഒന്നിനോടുമുള്ള പ്രതികരണമോ എതിര്‍പ്പോ അല്ല. മാത്രമല്ല, ആരുമായും മത്സരിക്കുന്നുമില്ല'- ഭഗവത് പറഞ്ഞു.

'ബിജെപിയെ നോക്കി സംഘത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ തെറ്റായിരിക്കും. വിദ്യാഭാരതിയെ(ആര്‍എസ്എസ് പോഷക സംഘടന) നോക്കി മനസ്സിലാക്കാന്‍ ശ്രമിച്ചാലും ഇതേ തെറ്റ് സംഭവിക്കും. ജനസംഘത്തിന്റെയും അതിന്റെ പിന്‍ഗാമിയായ ബിജെപിയുടെയും മാതൃ സംഘടനയായി ആര്‍എസ്എസ് വ്യാപകമായി കണക്കാക്കപ്പെടുന്നു. സംഘത്തിനെതിരായ തെറ്റായ വിവരണം അതു സൃഷ്ടിക്കപ്പെടുന്നുണ്ട്.' ഭാഗവത് പറഞ്ഞു.

'സംഘം ഏതെങ്കിലും ശക്തികള്‍ക്കുള്ള പ്രതികരണമായോ എതിര്‍പ്പായാണോ രൂപപ്പെട്ടതെന്ന പൊതുവായ വികാരമുണ്ട്. ഇത് ശരിയല്ല. സംഘം ഒന്നിനും ഒരു പ്രതികരണമോ എതിര്‍പ്പോ അല്ല. സംഘം ആരുമായും മത്സരിക്കുന്നുമില്ല. ' ആര്‍എസ്എസ് മേധാവി പറഞ്ഞു.

'ആത്മനിര്‍ഭര്‍(സ്വയംപര്യാപ്തര്‍) ആകാന്‍ ആത്മ ഗൗരവ്(സ്വയം അഭിമാനം) ഉണ്ടായിരിക്കണം. ഇവിടെ നിര്‍മ്മിച്ചതും രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതും മാത്രം വാങ്ങുക ഉപയോഗിക്കുക. എങ്കിലും, വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരം നിര്‍ത്തലാക്കുക എന്നതല്ല സ്വദേശി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കാത്ത മരുന്നുകള്‍ പോലുള്ള അത്യാവശ്യവസ്തുക്കള്‍ മാത്രം ഇറക്കുമതി ചെയ്യുക. പക്ഷേ, വ്യാപാരം സമ്മര്‍ദ്ദത്തിന്റെയോ താരിഫ് ഭയത്തിന്റെയോ കീഴില്‍ നടക്കരുത്. അത് നമ്മുടെ സ്വന്തം നിബന്ധനകളില്‍ മാത്രം നടക്കണം.' ഭാഗവത് പറഞ്ഞു.

ആര്‍.എസ്.എസിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോള്‍ സുരക്ഷിതമാണെന്നും അത് പുറത്തുനിന്നുള്ള ഫണ്ടുകളെയോ സംഭാവനകളെയോ ആശ്രയിക്കുന്നില്ലെന്നും മേധാവി പറഞ്ഞു. തുടക്കത്തില്‍ ആര്‍.എസ്.എസിനെതിരെ പ്രവര്‍ത്തിച്ചത് ബ്രിട്ടീഷ് സര്‍ക്കാരായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും സംഘടന കടുത്ത എതിര്‍പ്പും, സമ്മര്‍ദങ്ങളും, ആക്രമണങ്ങളും, കൊലപാതകങ്ങളും നേരിടേണ്ടിവരുന്നുണ്ട്. സമ്മര്‍ദം ചെലുത്താനും ആര്‍.എസ്.എസിനെ തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ കുറഞ്ഞുവരികയാണെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News